| Saturday, 31st October 2020, 8:54 am

വീട്ടിലുമില്ല തൃണമൂല്‍ എം.എല്‍.എ; ബി.ജെ.പി നേതാക്കളെ കണ്ട എം.എല്‍.എയെ തേടി തൃണമൂല്‍ മന്ത്രിമാര്‍, പിടികൊടുക്കാതെ മിഹിര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ അതൃപ്തനായ എം.എല്‍.എ മിഹിര്‍ ഗോസ്വമിയെ തേടി തൃണമൂല്‍ മന്ത്രിമാര്‍. മിഹിര്‍ ഗോസ്വാമി ബി.ജെ.പി എം.പിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയത്.

അനുനയ ശ്രമത്തിനായി മന്ത്രിസഭാംഗങ്ങള്‍ എം.എല്‍.എയുടെ വിട്ടീലെത്തിയെങ്കിലും മിഹിര്‍ ഗോസ്വാമി സ്ഥലത്തുണ്ടായിരുന്നില്ല.

വ്യാഴാഴ്ച ബി.ജെ.പി എം.പി നിതീഷ് പ്രമാണികാണ് ഗോസ്വാമിയെ വീട്ടിലെത്തി കണ്ടത്. ഇതിന് പിന്നാലെയാണ് തൃണമൂല്‍ നേതാക്കള്‍ എം.എല്‍.എയെ കാണാന്‍ ശ്രമം ആരംഭിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കേ മിഹിര്‍ ഗോസ്വാമി ബി.ജെ.പി എം.പിയെ കണ്ടത് ഗൗരവതരമായാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തിയത്. ഇക്കാരണത്താലാണ് മുതിര്‍ന്ന പാര്‍ട്ടി നേതാവും മന്ത്രിയുമായ രബീന്ദ്രനാഥ് ഗോഷ് തന്നെ നേരിട്ട് ഗോസ്വാമിയെ കാണാന്‍ വീട്ടിലേക്ക് പുറപ്പെട്ടത്.

” മിഹിര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ്. അദ്ദേഹം പാര്‍ട്ടിക്കൊപ്പം തന്നെ നില്‍ക്കുമെന്ന് ഉറപ്പുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം വീട്ടില്‍ ഇല്ലെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്. എവിടെയാണെന്ന് അറിയില്ല. ഉടന്‍ മിഹിറുമായി സംസാരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്” ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.

വിഷയത്തില്‍ ബി.ജെ.പി നേതൃത്വം ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായില്ല. എന്നാല്‍ തൃണമൂല്‍ എം.എല്‍.എയെ പ്രശംസിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെ കൂച്ച്‌ബെഹര്‍ ജില്ലാ നേതൃത്വം സംസാരിച്ചത്. മിഹിര്‍ ഒരു നല്ല വ്യക്തിയും മികച്ച നേതാവുമാണെന്നായിരുന്നു വിവാദങ്ങള്‍ക്ക് പിന്നാലെ പിടിതരാതെ ബി.ജെ.പിയുടെ പ്രതികരണം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമാണ് മിഹിര്‍ ഗോസ്വാമിയുമായി ബന്ധപ്പെട്ടത്. ഇതില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ബി.ജെ.പി പറഞ്ഞു.

കൂച്ച്‌ബെഹര്‍ തെക്കന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ മത്സരിച്ച് വിജയിച്ച തൃണമൂല്‍ എം.എല്‍.എയാണ് ഗോസ്വാമി. നേരത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കുന്നത് രാഷ്ട്രീയ നേതാക്കളാകണമെന്നും അല്ലാതെ ഇടയ്ക്ക് വന്നു പോകുന്ന കോണ്‍ട്രാക്ടര്‍മാരാകരുതെന്നും ഗോസ്വാമി പറഞ്ഞിരുന്നു.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച വിജയം കൈവരിച്ചതിന് പിന്നാലെ തൃണമൂലില്‍ നിന്നും 8 എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: TMC attempt to meet disgruntled MLA Mihir Goswami goes in vain, BJP refuses to comment

We use cookies to give you the best possible experience. Learn more