തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പുതിയ സ്ഥിതിവിവര കണക്കുകളില്‍ ഗുജറാത്തും കേരളവും തമ്മിലുള്ള താരതമ്യവുമായി മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.
ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഗുജറാത്തിന്റെ പ്രതിശീര്‍ഷ വരുമാനത്തേക്കാള്‍ കേരളത്തെക്കാള്‍ ഉയര്‍ന്നതാണെന്നും, സാമ്പത്തിക വളര്‍ച്ചയില്‍ കേരളം ഗുജറാത്തിനൊപ്പമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.
എന്നാല്‍, കാതലായ പ്രശ്‌നം ഈ വരുമാനത്തില്‍ സാധാരണക്കാര്‍ക്ക് എന്ത് ലഭിക്കുന്നുവെന്നുള്ളതാണ്. അതില്‍ ഏറ്റവും വലിയ ഘടകം കൂലി നിരക്കാണ്. നിര്‍മാണ തൊഴിലാളിക്ക് കേരളത്തില്‍ 838 രൂപ ലഭിക്കുമ്പോള്‍ ഗുജറാത്തിലെ തൊഴിലാളിക്ക് 296 രൂപയാണ് കൂലി. കര്‍ഷകത്തൊഴിലാളികള്‍ക്ക് കേരളത്തില്‍ 727 രൂപ കൂലി ലഭിക്കുമ്പോള്‍ ഗുജറാത്തില്‍ 220 രൂപയാണ് കൂലി. കാര്‍ഷികേതര തൊഴിലാളികള്‍ക്ക് കേരളത്തില്‍ 681 രൂപ കൂലി ലഭിക്കുമ്പോള്‍ ഗുജറാത്തില്‍ അത് 253 രൂപയാണെന്നും തോമസ് ഐസക് കുറിച്ചു.
വരുമാനം കഴിഞ്ഞാല്‍ ജനങ്ങളുടെ ജീവിതനിലവാരത്തെ ബാധിക്കുന്നത് സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന സേവനങ്ങളും സഹായങ്ങളുമാണ്. അവ ഓരോന്നിലും കേരളത്തിന് ഒന്നാം റാങ്കാണ്. ഇതാണ് കേരള വികസന മാതൃകയും ഗുജറാത്ത് മാതൃകയും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യവസായവല്‍ക്കരണത്തില്‍ ഗുജറാത്ത് വളരെ മുന്നിലാണ്. തൊഴിലില്ലായ്മ കേരളത്തെക്കാള്‍ കുറവാണ്. ഇത് രണ്ടും മറികടക്കാനാണ് നവകേരള പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2022 സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലാളികളുടെ പ്രതിദിന വേതന നിരക്കില്‍ കേരളമാണ് മുന്നില്‍.
കേരളത്തിലെ നിര്‍മാണ തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന സംസ്ഥാനങ്ങളായ ത്രിപുരയിയിലും മധ്യപ്രദേശിലും ഉള്ളതിന്റെ മൂന്നിരട്ടിയിലധികമാണ്.
ത്രിപുരയില്‍ 250 രൂപയും മധ്യപ്രദേശില്‍ 267 രൂപയും ഗുജറാത്തില്‍ 296 രൂപയും മഹാരാഷ്ട്രയില്‍ 362 രൂപയാണ് ദിവസവേതനം. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഒരു നിര്‍മാണ തൊഴിലാളിക്ക് ദിവസവേതനമായി പ്രതിദിനം ശരാശരി 837.3 രൂപ വരുമാനം ലഭിച്ചുവെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളം കഴിഞ്ഞാല്‍ പ്രതിദിന വേതനം കൂടുതലുള്ളത് ജമ്മു കശ്മീരിലാണ്. ഒരു ദിവസം ശരാശരി 519 രൂപയാണ് ജമ്മു കശ്മീരിലെ വരുമാനം. പ്രതിദിന വേതനം കൂടുതലുള്ള മറ്റൊരു സംസ്ഥാനം തമിഴ്നാടാണ്. 478 രൂപ വരെയാണ് ഇവിടെ പ്രതിദിന വേതനം. ഹിമാചല്‍ പ്രദേശില്‍ 462 രൂപയും ഹരിയാനയില്‍ 420 രൂപയും ആന്ധ്രാപ്രദേശ് 409 രൂപയും തൊഴിലാളികള്‍ക്ക് പ്രതിദിന വേതനമായി ലഭിക്കും.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കേരളവും ഗുജറാത്തും തന്നെയാണ് വിഷയം. റിസര്‍വ് ബാങ്കിന്റെ സംസ്ഥാനങ്ങള്‍ സംബന്ധിച്ച സ്ഥിതിവിവര കണക്കുകളുടെ 2021-22-ലെ ഹാന്‍ഡ് ബുക്ക് പ്രസിദ്ധീകരിച്ചു. അതുപ്രകാരം കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം 2020-21-ല്‍ 2,05,067 രൂപയാണ്. ഗുജറാത്തിന്റേത് കേരളത്തിന്റേതിനേക്കാള്‍ കുറച്ച് ഉയര്‍ന്നതാണ്. 2,12,821 രൂപ.
2021-22ല്‍ കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം 2,30,601 രൂപയായി 12.5 ശതമാനം ഉയര്‍ന്നു. ഗുജറാത്തിന്റെ കണക്ക് ആയിട്ടില്ല. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ് കേരളത്തിന്റെ ഈ വളര്‍ച്ചാ നിരക്ക് എന്നതിനാല്‍ കേരളത്തിന്റെയും ഗുജറാത്തിന്റെയും പ്രതിശീര്‍ഷ വരുമാനം ഏതാണ്ട് സമാസമം ആണെന്ന് പറയാം. സാമ്പത്തിക വളര്‍ച്ചയില്‍ കേരളം ഗുജറാത്തിനൊപ്പമാണ്.
കാതലായ പ്രശ്‌നം ഈ വരുമാനത്തില്‍ സാധാരണക്കാര്‍ക്ക് എന്ത് ലഭിക്കുന്നുവെന്നുള്ളതാണ്. ഇതിനെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം കൂലി നിരക്കാണ്. നിര്‍മാണ തൊഴിലാളിക്ക് കേരളത്തില്‍ 838 രൂപ ലഭിക്കുമ്പോള്‍ ഗുജറാത്തിലെ തൊഴിലാളിക്ക് 296 രൂപയാണ് കൂലി. കര്‍ഷകത്തൊഴിലാളികള്‍ക്ക് കേരളത്തില്‍ 727 രൂപ കൂലി ലഭിക്കുമ്പോള്‍ ഗുജറാത്തില്‍ 220 രൂപയാണ് കൂലി. കാര്‍ഷികേതര തൊഴിലാളികള്‍ക്ക് കേരളത്തില്‍ 681 രൂപ കൂലി ലഭിക്കുമ്പോള്‍ ഗുജറാത്തില്‍ അത് 253 രൂപയാണ്.
നാട്ടിലുണ്ടാകുന്ന വരുമാനത്തില്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ ഉയര്‍ന്ന വിഹിതം കേരളത്തില്‍ ലഭിക്കുന്നു. 2021-22ല്‍ ഗുജറാത്തിലെ ചില്ലറ വിലക്കയറ്റം 4.9 ശതമാനം ആയിരിക്കുമ്പോള്‍ കേരളത്തിലേത് നാല് ശതമാനം മാത്രമാണ്.
വരുമാനം കഴിഞ്ഞാല്‍ ജനങ്ങളുടെ ജീവിതനിലവാരത്തെ ബാധിക്കുന്നത് സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന സേവനങ്ങളും സഹായങ്ങളുമാണ്. ഇവയുടെയും മറ്റു ഘടകങ്ങളുടെയും ആകെ തുക വിവിധ വികസനക്ഷേമ സൂചികകളില്‍ കാണാം. 30 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങങ്ങളില്‍ ഗുജറാത്തിന്റെ റാങ്ക് നോക്കൂ.
സ്‌കൂളില്‍ പോയിട്ടുള്ള സ്ത്രീകള്‍ (19ാം റാങ്ക്), 18 വയസിനു മുമ്പ് വിവാഹം ചെയ്യുന്ന സ്ത്രീകള്‍ (20ാം റാങ്ക്), ശിശുമരണ നിരക്ക് (19ാം റാങ്ക്), വളര്‍ച്ച മുരടിച്ച അതായത് പ്രായത്തിനനുസരിച്ച് ഉയരമില്ലാത്ത കുട്ടികള്‍ (26ാം റാങ്ക്), ഉയരത്തിന് അനുസരിച്ചുള്ള തൂക്കമില്ലാത്ത കുട്ടികള്‍ (29ാം റാങ്ക്), പ്രായത്തിനനുസരിച്ച് തൂക്കമില്ലാത്ത കുട്ടികള്‍ (29ാം റാങ്ക്), ശുചിത്വ സൗകര്യമുള്ള വീടുകള്‍ (18ാം റാങ്ക്), മാനവവികസന സൂചിക (16ാം റാങ്ക്), സ്‌കൂളില്‍ ചേരുന്ന കുട്ടികള്‍ (21ാം റാങ്ക്), സ്‌കൂളിലെ കൊഴിഞ്ഞുപോക്ക് (24ാം റാങ്ക്), ഹയര്‍ സെക്കണ്ടറി പ്രവേശനം (24ാം റാങ്ക്)
ഇങ്ങനെ പോകുന്നു ഗുജറാത്തിന്റെ റാങ്ക്.
ഇവ ഓരോന്നിലും കേരളത്തിന് ഒന്നാം റാങ്കാണ്. ആരും സംശയിക്കേണ്ട മുഴുവന്‍ കണക്കുകളും നീതി ആയോഗിന്റേതാണ്. ഇതാണ് കേരള വികസന മാതൃകയും ഗുജറാത്ത് മാതൃകയും തമ്മിലുള്ള വ്യത്യാസം.
എന്നാല്‍ ഗുജറാത്തിനൊരു മികവുണ്ട്. വ്യവസായവല്‍ക്കരണത്തില്‍ നമ്മളേക്കാള്‍ വളരെ മുന്നിലാണ്. തൊഴിലില്ലായ്മ നമ്മളേക്കാള്‍ കുറവാണ്. ഇത് രണ്ടും മറികടക്കാനാണ് നവകേരള പദ്ധതിയിലൂടെ ശ്രമിക്കുന്നത്.
Content Highlight: TM Thomas Isaac Comparison of Kerala and Gujarat on the basis of new statistics on Indian states released by the RBI