| Monday, 8th March 2021, 6:30 pm

വി.എസിന് സീറ്റ് നിഷേധിച്ച ശേഷം സി.പി.ഐ.എം കണ്ട ഏറ്റവും വലിയ പ്രതിഷേധം; പൊന്നാനിയിലെ ടി.എം സിദ്ദീഖ് ആരാണ്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സി.പി.ഐ.എം തയ്യാറെടുക്കവെ നേതൃത്വത്തിന് തലവേദനയാകുയാണ് പ്രാദേശികതലത്തില്‍ വിമതശബ്ദങ്ങള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്ക് കടക്കവെ സി.പി.ഐ.എം അടുത്തകാലത്ത് കണ്ടിട്ടില്ലാത്ത വിധം പ്രതിഷേധമാണ് പൊന്നാനിയില്‍ നിന്നുയരുന്നത്.

മണ്ഡലത്തില്‍ പരിഗണിക്കുന്നത് സി.ഐ.ടി.യു നേതാവായ പി. നന്ദകുമാറിനെയാണ് എന്ന മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള പാര്‍ട്ടി അനുഭാവികള്‍ തെരുവിലിറങ്ങിയത്. പൊന്നാനി സ്വദേശി കൂടിയായ ടി.എം. സിദ്ദീഖിനെ സ്ഥാനാര്‍ത്ഥി ആക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഒരുപക്ഷെ 2011 ല്‍ വി.എസ് അച്യുതാനന്ദന് സി.പി.ഐ.എം സീറ്റ് നിഷേധിച്ചപ്പോള്‍ കേരളം കണ്ട പ്രതിഷേധങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ നിന്നുയരുന്ന ഏറ്റവും വലിയ പ്രതിഷേധത്തിനാണ് പൊന്നാനി സാക്ഷ്യം വഹിക്കുന്നത്. പ്രാദേശിക നേതാവായ ടി.എം സിദ്ദീഖിന് മണ്ഡലത്തിലുള്ള ജനപിന്തുണ തന്നെയാണ് പ്രതിഷേധത്തിന് കാരണം.

മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ ജനകീയ സാന്നിധ്യമായ സിദ്ദീഖ് പൊന്നാനി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമാണ്. കഴിഞ്ഞ രണ്ട് തവണ സിദ്ദീഖിന് സീറ്റ് നിഷേധിച്ചപ്പോഴും അടങ്ങിയിരുന്ന അനുഭാവികളാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് എന്നും ശ്രദ്ധേയം.

മലപ്പുറത്ത് സി.പി.ഐ.എമ്മിന്റെ സമുന്നതനായ നേതാവായ പാലൊളി മുഹമ്മദ് കുട്ടി 2011 ല്‍ മത്സരരംഗത്ത് നിന്ന് മാറുന്നുവെന്ന് അറിയിച്ചതുമുതല്‍ ടി.എം സിദ്ദീഖിന്റെ പേര് മണ്ഡലത്തില്‍ സജീവമായിരുന്നു. എന്നാല്‍ അന്ന് ഡി.വൈ.എഫ്.ഐ നേതൃനിരയിലുണ്ടായിരുന്ന പി. ശ്രീരാമകൃഷ്ണനാണ് പാര്‍ട്ടി സീറ്റ് നല്‍കിയത്.

പിന്നീട് 2016 ലും ശ്രീരാമകൃഷ്ണന് തന്നെ പാര്‍ട്ടി സീറ്റ് നല്‍കി. തുടര്‍ച്ചയായ രണ്ട് ടേം മത്സരിച്ചവരെ മാറ്റിനിര്‍ത്തുമെന്ന് പാര്‍ട്ടി അറിയിച്ചിരുന്നു. എന്നിട്ടും ഇത്തവണ സിദ്ദീഖിന് സീറ്റ് നിഷേധിച്ചതോടെയാണ് പ്രവര്‍ത്തകരും അനുഭാവികളും പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്.

ടി.എം സിദീഖിനെ സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ട് ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇമ്പിച്ചി ബാവയ്ക്ക് ശേഷം, മണ്ഡലത്തില്‍ തദ്ദേശീയനായ ഒരാളും പരിഗണിക്കപ്പെട്ടിട്ടില്ല എന്നതും പ്രവര്‍ത്തകരുടെ രോഷത്തിന് കാരണമാകുന്നുണ്ട്.

നേരത്തെ ടി.എം സിദ്ദീഖ് അനുഭാവികളായ 50ഓളം പേര്‍ ഇതേ ആവശ്യം ഉന്നയിച്ചു ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടെങ്കിലും ഇവരെ നിര്‍ബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: TM Sidheek CPIM Ponnani Kerala Election 2021

We use cookies to give you the best possible experience. Learn more