| Friday, 11th January 2019, 6:36 pm

ബഹുസ്വരതയാണ് യഥാര്‍ത്ഥ ഇന്ത്യന്‍ സംസ്‌കാരം: ടി.എം കൃഷ്ണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ത്യന്‍ സംസ്‌കാരമെന്ന രീതിയില്‍ ഇപ്പോള്‍ വിവക്ഷിക്കപ്പെടുന്നത് അസംബന്ധമാണെന്നും ബഹുസ്വരതയാണ് യഥാര്‍ത്ഥ ഇന്ത്യന്‍ സംസ്‌കാരമെന്നും സംഗീതജ്ഞന്‍ ടി.എം കൃഷ്ണ. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ മീനാക്ഷി പിള്ളയുമായുള്ള സംവാദത്തിലാണ് ടി.എം കൃഷ്ണയുടെ പരാമര്‍ശം.

പ്രതീക്ഷിച്ചതിലും എളുപ്പത്തില്‍ കാര്യമായ പരിശ്രമമില്ലാതെ ചെയ്ത സംഗീത ആല്‍ബമായിരുന്നു “പുറമ്പോക്ക് “. ഇത്ര എളുപ്പമാകുമെന്ന് തുടക്കത്തില്‍ കരുതിയിരുന്നില്ല. ഒരു തരത്തിലുള്ള വിമര്‍ശനവും “പുറമ്പോക്കിന്” നേരെയുണ്ടായില്ല. അതിനു കാരണം മേല്‍ജാതിക്കാര്‍ക്ക് പാരിസ്ഥിതിക വിഷയങ്ങള്‍ എന്നു പറയുന്നത് വളരെ സൗകര്യപ്രദമായിട്ടുള്ള ഒരു സംഗതിയാണ്. പാരിസ്ഥിതിക വിഷയങ്ങളെ എളുപ്പത്തില്‍ അഭിമുഖീകരിക്കുന്ന രീതി പൊതുവില്‍ മേല്‍ജാതിക്കാര്‍ക്ക് സ്വീകാര്യമാണ്. എന്നാല്‍ ഇതേ മാലിന്യങ്ങള്‍ കൊണ്ടിടപ്പെടുന്ന ഇടങ്ങളില്‍ താമസിക്കുന്നതാരാണ്, അവരുടെ ജീവിത രീതിയെന്താണ്, അവരുടെ ജാതിയേതാണ്, വര്‍ഗമേതാണ് എന്നുള്ള മൂലകാരണങ്ങളിലേക്ക് പോകുന്ന സമയത്ത് ഈ മേല്‍ജാതി വിഭാഗങ്ങള്‍ അതില്‍ നിന്ന് മാറി നില്‍ക്കും.

Also Read യു.എ.ഇ യുടെ 700 കോടി ധനസഹായം കേന്ദ്രം നിഷേധിച്ചത് അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ മുഖച്ഛായയെ ബാധിച്ചു: ടി. പി. ശ്രീനിവാസന്‍

മേല്‍ജാതി വിഭാഗങ്ങളെ രാഷ്ട്രീയത്തില്‍ പങ്കാളികളാക്കാന്‍ താരതമ്യേന എളുപ്പമായ വിഷയമായി പരിസ്ഥിതി പ്രശ്നങ്ങള്‍ മാറിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ പരിസ്ഥിതി പ്രശ്നങ്ങളുടെ ആഴത്തില്‍ പരിശോധിക്കാന്‍ മേല്‍ജാതിക്കാര്‍ തയ്യാറാവില്ല. അതിന്റെ കാരണം ജാതിയാണ്. പാരിസ്ഥിതിക പ്രശ്നങ്ങളുടെ വേരന്വേഷിച്ചുപോകുന്ന സമയത്ത് അത് എത്തിച്ചേരുക താഴ്ന്ന ജാതിക്കാരിലേക്കും ജാതിയിലേക്കുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗളുരുവില്‍ ഒരു വര്‍ഷം മുമ്പു നടന്ന സംഗീത പരിപാടിയില്‍ ജോഗപ്പയെന്ന ട്രാന്‍സ്ജെന്റര്‍ വിഭാഗത്തെ താന്‍ ഉള്‍ക്കൊള്ളിക്കുകയായിരുന്നില്ല, അവരുടെ പരിപാടിയില്‍ തന്നെ ഉള്‍ക്കൊള്ളിക്കുകയാണുണ്ടായതെന്ന് ഇതുസംബന്ധിച്ച ചോദ്യം തിരുത്തികൊണ്ട് അദ്ദേഹം പറഞ്ഞു. തന്റെ പരിപാടിയിലേക്ക് അവരെ ഉള്‍ക്കൊള്ളിക്കുകയായിരുന്നില്ല. അവരുടെ പരിപാടിയില്‍ താന്‍ പോയി ചേരുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

പാശ്ചാത്യ സംഗീതത്തിലായാലും ഇന്ത്യന്‍ സംഗീതത്തിലായാലും ക്ലാസിക്കല്‍ എന്നു പറയുന്നത് ഗ്രമാറ്റിക്കലി കറക്ടായ ഒന്നാണെന്നത് അസംബന്ധമായ സങ്കല്പമാണ്. ഗ്രാമറില്‍ ഊന്നിയുളള സംഗീതം പൊളിറ്റിക്കല്‍ അല്ലാത്തിടത്തോളം കാലം അതിന് വലിയ സ്വാധീനമുണ്ടാവില്ല. സൗന്ദരാത്മകമായി അത് ആസ്വദിക്കാന്‍ കഴിഞ്ഞെന്നു വരും. എന്നാല്‍ പൊളിറ്റിക്കലി അതിന് നിലനില്‍പ്പുള്ളതായി താന്‍ കാണുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്രയും കാലത്തിനിടയ്ക്ക് സംഗീതത്തെ ഒരിക്കല്‍ പോലും ഒച്ച എന്ന രീതിയില്‍ അനുഭവപ്പെട്ടില്ലെന്നും ഓഡിയന്‍സില്‍ നിന്നുള്ള ചോദ്യോത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സംഗീതത്തെ അതിന്റെ സൗന്ദര്യാത്മകതയോടും രാഷ്ട്രീയത്തോടും കൂടിയാണ് അനുഭവപ്പെട്ടിട്ടുള്ളത്. ഈ കാലഘട്ടത്തിനിടെ ഒരിക്കല്‍ പോലും ഒച്ച എന്ന രീതിയില്‍ തോന്നിയിട്ടില്ല. ഭാവിയില്‍ ഇനി തോന്നുമോയെന്ന് അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഓഡിയന്‍സിനെ വലിയ തോതില്‍ പങ്കാളിയാക്കിയുള്ള സംവാദം ഏറെ ആസ്വാദ്യകരമായിരുന്നു.

We use cookies to give you the best possible experience. Learn more