| Thursday, 15th November 2018, 10:59 pm

ക്രിസ്ത്യന്‍ പള്ളിയില്‍ കര്‍ണാട്ടിക് ശൈലിയില്‍ സൂഫി ഭക്തിഗാനം ആലപിച്ചയാള്‍; സംഘപരിവാറിനെ ചൊടിപ്പിക്കുന്ന ടി.എം കൃഷ്ണയുടെ നിലപാടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: “നമ്മളൊരു ക്രിസ്ത്യന്‍ പള്ളിയിലാണിരിക്കുന്നത്. ശിവനെക്കുറിച്ചും കാമാക്ഷിയെക്കുറിച്ചും നമ്മള്‍ പാടിക്കഴിഞ്ഞിരിക്കുന്നു. അല്ലാഹുവിനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഒരു പാട്ടോടെ ഈ കച്ചേരി അവസാനിപ്പിക്കുന്നതായിരിക്കും ഉചിതമെന്ന് ഞാന്‍ കരുതുന്നു. അടുത്ത പാട്ട് ഒരു കൂട്ടം ഹിന്ദുക്കള്‍ ഒരു ചര്‍ച്ചില്‍ വെച്ച് ആലപിക്കുന്ന അല്ലാഹുവിനെക്കുറിച്ചുള്ള പ്രകീര്‍ത്തനമാണ്”. നാഗൂര്‍ സിദ്ധിഖി എഴുതി പ്രശസ്ത സൂഫി ഗായകന്‍ നാഗൂര്‍ ഹനീഫ ആലപിച്ച അല്ലാഹുവെ നാം തൊഴുതാല്‍ എന്ന സൂഫി ഭക്തിഗാനം 2017ല്‍ മുംബൈയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ (അഫ്ഗാന്‍ ചര്‍ച്ച്) വെച്ച് കര്‍ണ്ണാടിക് ശൈലിയില്‍ ആലപിക്കുന്നതിന് മുന്നോടിയായി ടി.എം കൃഷ്ണ നല്‍കിയ ഈ ആമുഖം ആസ്വാദകര്‍ സ്വീകരിച്ചത് നിറഞ്ഞ കയ്യടിയോടെയായിരുന്നു.

രാജ്യത്ത് ജാതി മത സംഘര്‍ഷങ്ങള്‍ പാരമ്യത്തിലെത്തി നില്‍ക്കുന്ന സമയങ്ങളിലൊന്നായിരുന്നു ടി.എം കൃഷ്ണയുടെ ഈ കച്ചേരി. എന്നാല്‍ കര്‍ണ്ണാടിക് സംഗീതം ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പുരോഗമനവാദത്തിന്റെ പേരില്‍ അത് നശിപ്പിക്കാന്‍ പാടില്ലെന്നുമുള്ള തരത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ അന്ന് ഉയര്‍ന്നതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ടു ചെയ്യുന്നു. സംഗീതത്തിലും മറ്റു കലാരൂപങ്ങളിലും കൃതൃമമായി സൃഷ്ടിച്ചെടുത്ത ശ്രേണികള്‍ക്കെതിരായ കൃഷ്ണയുടെ പോരാട്ടം സംഘപരിവാറിന് ഏല്‍പിച്ച പരിക്കായിരുന്നു ഇത്തരം പ്രത്യക്ഷ വിമര്‍ശനങ്ങള്‍.


“അതിന്റെ വരികള്‍ ശ്രദ്ധിച്ചാല്‍ അറിയാം. അല്ലാഹുവിന്റെ സ്ഥാനത്ത് കൃഷ്ണനാണെങ്കിലും യേശുവാണെങ്കിലും വരികളുടെ സാഹചര്യം നിലനില്‍ക്കും. എല്ലാ മതങ്ങളിലെയും ഭക്തി ഒന്നാണ്”- പാട്ട് തെരഞ്ഞെടുത്തതിന്റെ യുക്തി വ്യക്തമാക്കി കൊണ്ട് കൃഷ്ണ പറയുന്നു. ഇത്തരത്തില്‍ സംഗീതത്തിന് മതേതര മുഖം നല്‍കാനുള്ള കൃഷ്ണയുടെ ശ്രമങ്ങളാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചത്.

ഇതില്‍ വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ല. സംഗീതം അദ്ധ്യാത്മികമായ ഒന്നാണ്. ഒരു പ്രത്യേക മതങ്ങത്തിനും അവകാശപ്പെടാനാവാത്ത ഇന്ത്യന്‍ ക്ലാസിക്ക് സംഗീതമായാണ് ഇതിനെ കാണേണ്ടത് എന്നായിരുന്നു അന്നത്തെ പരിപാടിയുടെ സംഘാടകയായ ക്രിസ്റ്റഫര്‍ എലീഷയുടെ നിലപാട്.


കര്‍ണാടിക് സംഗീതത്തിന്റെ വാര്‍പ്പു മാതൃകളെയും പഴഞ്ചന്‍ രീതികളേയും പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്ന സംഗീതജ്ഞനാണ് ടി.എം. കൃഷ്ണ. ചെരുപ്പ് ധരിച്ച്, കസേരയില്‍ ഇരുന്നു കൊണ്ട് കച്ചേരി നടത്തുന്ന, ആലാപന ശൈലിയില്‍ അചിന്തനീയമായ പരീക്ഷണങ്ങള്‍ നടത്തുന്ന, ഹിന്ദി ഭജനകളും മുസ്ലിം ഭക്തി ഭാനങ്ങളും കച്ചേരിയില്‍ ആലപിക്കുന്ന ടി.എം കൃഷ്ണയുടെ ലക്ഷ്യം സംഗീതത്തെ ജാതിയില്‍ നിന്നും മതത്തില്‍ നിന്നും മുക്തമാക്കി എല്ലാ ജനങ്ങള്‍ക്കും പ്രാപ്യമാക്കലാണ്. കൃഷ്ണയുടെ വിപ്ലവകരമായ നിലപാടുകള്‍ക്കെതിരെ സംഘപരിവാറിന്റെ കാലങ്ങളായുള്ള എതിര്‍പ്പാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്താനിരുന്ന അദ്ദേഹത്തിന്റെ കച്ചേരി റദ്ദ് ചെയ്യുന്നതില്‍ കലാശിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലിയിരുത്തുന്നു.

എന്നാല്‍ സംഗീതത്തെ പരിഷ്‌കരിക്കുന്നതില്‍ മാത്രമായി ഒതുങ്ങുന്നതായിരുന്നില്ല കൃഷ്ണയുടെ നിലപാടുകള്‍. തീവ്ര ദേശീയവാദത്തിനെതിരായും, പരിസ്ഥിതി നശീകരണത്തിനെതിരായും, അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണ് ഇടുന്നതിനെതിരെയും, വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന് അനുകൂലമായും ടി.എം കൃഷ്ണ പാടുകയും എഴുതുകയും പറയുകയും ചെയ്തു. സംഘ്പരിവാറിന് തങ്ങളുടെ ശത്രുവായും അര്‍ബന്‍ നക്സലായും മുദ്ര കുത്താനുള്ള എല്ലാ യോഗ്യതകളും കൃഷ്ണയുടെ നിലപാടുകള്‍ക്കുണ്ടായിരുന്നു.


കര്‍ണാടിക സംഗീതത്തിന്റെ ബ്രാഹ്മണര്‍ക്കു വേണ്ടി ബ്രാഹ്മണരുടെ സംഗീതം എന്ന സത്വത്തെ വിമര്‍ശിച്ച കൃഷ്ണ, തന്റെ ധാര്‍മ്മികതയുമായി ഒത്തു പോകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രശസ്തമായ ചെന്നെ ഡിസംബര്‍ സീസണ്‍ കച്ചേരിയില്‍ പാടുന്നത് നിര്‍ത്തിയിരുന്നു. കീഴാളരെ പാടിക്കില്ലെന്ന ഡിസംബര്‍ സീസണ്‍ ഫെസ്റ്റിവലിന്റെ തീരുമാനമായിരുന്നു കൃഷ്ണയെ പ്രകോപിപ്പിച്ചത്.

സംഗീതത്തിനപ്പുറം സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ കലയുടെ വിവിധ രൂപങ്ങളുപയോഗിച്ച് പോരാടിയ ടി.എം കൃഷ്ണ മാഗ്സാസെ അവാര്‍ ജേതാവാണ്. “സംഗീതത്തിലെ ജാതി മേധാവിത്വവും അതു പരിപോഷിപ്പിക്കുന്ന അനീതിയും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. താഴ്ന്ന ജാതിക്കാരെ മാറ്റിനിര്‍ത്തിക്കൊണ്ട് പൗരോഹിത്യ മേധാവിത്വം ഇന്ത്യയുടെ സംസ്‌കാരിക പാരമ്പര്യത്തെ കീഴടക്കിവെച്ചിരിക്കുകയാണെന്ന് അദ്ദേഹം മനസിലാക്കി. കലയുടെ രാഷ്ട്രീയത്തെ അദ്ദേഹം ചോദ്യം ചെയ്തു. ദളിതരുടെയും അബ്രാഹ്മണരുടെയും കലയെക്കുറിച്ചുള്ള തന്റെ അറിവുകള്‍ അദ്ദേഹം വികസിപ്പിക്കുകയും കീഴാളരെ ഉള്‍പ്പെടുത്താത്ത ചെന്നൈ സംഗീത ഫെസ്റ്റിവെലില്‍ ഇനിയൊരിക്കും താന്‍ പാടില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഒരു സ്വതന്ത്ര എഴുത്തുകാരന്‍, വാഗ്മി, ആക്ടിവിസ്റ്റ്, കലാകാരന്‍ എന്നീ നിലകളില്‍ കലയെ ജനാധിപത്യവത്കരിക്കുന്നതിനുവേണ്ടി കൃഷ്ണ പ്രവര്‍ത്തിച്ചിരുന്നു”- എന്നായിരുന്നു അവാര്‍ഡ് ജൂറി കൃഷ്ണയെ വിലയിരുത്തിയത്.

We use cookies to give you the best possible experience. Learn more