'ഫാസിസ്റ്റ് ശക്തികള്‍ കേരളത്തെയും നോട്ടമിട്ടിരിക്കുകയാണ്'; ആര്‍.എസ്.എസ് ഭീഷണി നേരിടാന്‍ രാഷ്ട്രീയ കൂട്ടായ്മ വേണമെന്നും സംഗീതജ്ഞന്‍ ടി.എം കൃഷ്ണ
SAFFRON POLITICS
'ഫാസിസ്റ്റ് ശക്തികള്‍ കേരളത്തെയും നോട്ടമിട്ടിരിക്കുകയാണ്'; ആര്‍.എസ്.എസ് ഭീഷണി നേരിടാന്‍ രാഷ്ട്രീയ കൂട്ടായ്മ വേണമെന്നും സംഗീതജ്ഞന്‍ ടി.എം കൃഷ്ണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th March 2018, 8:27 am

കൊച്ചി: ആര്‍.എസ്.എസ് ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ രാജ്യത്ത് രാഷ്ട്രീയ കൂട്ടായ്മ വേണമെന്ന് സംഗീതജ്ഞന്‍ ടി.എം കൃഷ്ണ. ഏകരൂപത്തിലുള്ള സവര്‍ണഹിന്ദുത്വം എന്ന ആശയം ഇന്ത്യയില്‍ നടപ്പാക്കാനാണ് വലതുപക്ഷ ആശയം പിന്തുടരുന്ന ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നത്. ഇതു ചെറുക്കാന്‍ ദ്രാവിഡര്‍, മുസ്‌ലിങ്ങള്‍, ദളിത്, ആദിവാസി, ഭാഷാന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവരെല്ലാം ഒരുമിക്കണമെന്നും ടി.എം കൃഷ്ണയെ ഉദ്ധരിച്ച് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

“ലെനിന്റെയും അംബേദ്കറുടെയും പെരിയോറുടെയും പ്രതിമകള്‍ തകര്‍ക്കുന്നത് സ്വാതന്ത്ര്യത്തിനും കലയ്ക്കും എതിരെയുള്ള ആക്രമണമാണ്. കലാകാരന്‍ മാസങ്ങള്‍ നീണ്ട സപര്യയ്‌ക്കൊടുവിലാണ് പ്രതിമ പൂര്‍ത്തിയാക്കുന്നത്. ഇതാണ് രണ്ടു നിമിഷംകൊണ്ട് തകര്‍ത്തെറിയുന്നത്. ആവിഷ്‌കാരസ്വാതന്ത്ര്യം ഇവിടെ ഇല്ലാതാവുകയാണ്.”


Related News:അക്രമങ്ങളില്‍ പ്രതിഷേധിച്ച് ത്രിപുരയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ സി.പി.ഐ.എം ബഹിഷ്‌കരിക്കും; ഉപതെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണമെന്നും ആവശ്യം


 

ഇത്തരം ഭീഷണികള്‍ ചെറുക്കണമെങ്കില്‍ രാഷ്ട്രീയ പുനഃക്രമീകരണം ആവശ്യമാണ്. അടിയന്തരമായി ഇക്കാര്യം യാഥാര്‍ഥ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാകാരന്മാര്‍ ഉത്തരവാദിത്വം മറന്നതാണ് അസഹിഷ്ണുതയും ആക്രമണവും വര്‍ധിക്കാന്‍ കാരണമെന്നും ടി.എം കൃഷ്ണ പറഞ്ഞു.

“കലയെ വിമര്‍ശവിധേയമാക്കാന്‍ കലാകാരന്മാര്‍ തയ്യാറായില്ല. ഇത് ഫാസിസ്റ്റ് ആശയങ്ങള്‍ ഉപയോഗിച്ച് കലയെ വഴിതെറ്റിക്കാന്‍ സമ്മതം നല്‍കലായി. ചോദ്യംചെയ്യാന്‍ മടിക്കാതിരിക്കുക, ഭയരഹിതനായിരിക്കുക, സ്വാതന്ത്ര്യസമത്വ ബോധമുണ്ടാവുക എന്നിവയാണ് കലാകാരന്മാരില്‍നിന്ന് ഇന്നത്തെ സമൂഹം പ്രതീക്ഷിക്കുന്നത്.”


Related News: ബി.ജെ.പി അക്രമം ബംഗാളിലേക്കും; കൊല്‍ക്കത്തയിലും ലെനിന്‍ പ്രതിമ തകര്‍ത്തു


 

താന്‍ ദേശീയതയിലോ രാജ്യസ്‌നേഹത്തിലോ വിശ്വസിക്കുന്നില്ലെന്നും മനുഷ്യത്വത്തില്‍ മാത്രമാണ് വിശ്വാസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേതു പോലുള്ള അവസ്ഥയാണ് രാജ്യമാകെ വേണ്ടതെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു. കേരളത്തിലായിരിക്കുമ്പോള്‍ ഞാന്‍ വളരെയധികം സുരക്ഷിത്വവും സമാധാനവും അനുഭവിക്കുന്നു.

എന്നാല്‍ കേരളത്തെയും ഫാസിസ്റ്റ്ശക്തികള്‍ ലക്ഷ്യമിട്ടിരിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.