| Wednesday, 23rd August 2017, 8:05 pm

'എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?'; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.

“പ്രമുഖ” ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ “ലാവലിന്‍” എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുനോക്കണം,”സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന” എന്ന ഒറ്റവരിയുടെ താങ്ങില്‍ എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!” എന്നായിരുന്നു ഹര്‍ഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

“വൃത്തങ്ങളുടെ” സൂചനയ്ക്കപ്പുറം ഒരാധികാരികതയുമില്ലാത്ത ആ വാര്‍ത്തകള്‍ക്കുമേലിരുന്ന് ചര്‍ച്ചിച്ച് എത്ര സാത്വിക കേസരികളുടെ ചന്തി മരവിച്ചിട്ടുണ്ട്.എത്ര ട്രെയിനി ബാച്ചുകള്‍ക്കുമുന്നില്‍ ആ പാക്കേജുകളൊക്കെ റിപ്പോര്‍ട്ടിങ്ങിന്റെ ഉദാത്ത മാതൃകയായവതരിപ്പിച്ചിട്ടുണ്ട്.
വാര്‍ത്തയുടെ ആധികാരികത ഉറപ്പിയ്ക്കാന്‍ ഉതകുന്ന ബൈറ്റോ രേഖകളോ ഉള്‍പ്പെടുത്തണമെന്ന് കര്‍ശനനിബന്ധനയുള്ള ചാനലുകളിലും “വൃത്തങ്ങളുടെ ” മാത്രം ബലത്തില്‍ ലാവലിന്‍ വാര്‍ത്തകള്‍ നിറഞ്ഞുകളിച്ചിട്ടുണ്ടെന്നും ഹര്‍ഷന്‍ പറയുന്നു.

വിധി പിണറയിക്കനുകൂലമോ പ്രതികൂലമോ എന്നത് വിടാം,ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍..?
എന്ന്, ഒരു പ്രമുഖ ചാനലിന്റെ ലൈബ്രറിയില്‍ വിശ്രമിയ്ക്കുന്ന “എസ്എന്‍സി ലാവലിന്‍; വിവാദങ്ങളും വസ്തുതകളും” എന്ന പരിപാടിയുടെ പ്രൊഡ്യൂസര്‍. എന്ന് പറഞ്ഞാണ് ഹര്‍ഷന്‍ തന്റെ പോസ്റ്റ് അവസാനിപ്പി്ക്കുന്നത്.


Also Read:  ‘സഖാവിനിനി അഞ്ചുവര്‍ഷം അമര്‍ന്നിരുന്ന് ഭരിക്കാം’; ലാവ്‌ലിന്‍ വിധിയില്‍ പ്രതികരണവുമായി അഡ്വ. ജയശങ്കര്‍


ലാവ്‌ലിന്‍ കേസില്‍ പിണറായി പ്രതിയല്ലെന്നും വിചാരണ നേരിടേണ്ടത് കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരുമാണെന്നും ജസ്റ്റിസ് ഉബൈദ് വിധിയില്‍ വ്യക്തമാക്കുകയായിരുന്നു.

ലാവലിന്‍ കരാര്‍ വന്‍കരാറായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. അഞ്ച് മാസം മുമ്പ് വാദം പൂര്‍ത്തിയായ കേസിലെ വിധിയാണ് ഇന്നു പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പിണറായി പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന് പറഞ്ഞ കോടതി കേസിലെ 2,3,4 പ്രതികള്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കി.

ഒന്നാം പ്രതിയായ മോഹനചന്ദ്രന്‍, എട്ടാം പ്രതി ഫ്രാന്‍സിസ്, ഒമ്പതാം പ്രതി പിണറായി വിജയന്‍ എന്നിവരെയാണ് കോടതി വിചാരണയില്‍ നിന്ന് ഒഴിവാക്കിയത്. പ്രതികള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ വാദം പൂര്‍ത്തിയായ ശേഷം തനിക്ക് ഊമക്കത്ത് ലഭിച്ചിരുന്നെന്ന് ജസ്റ്റിസ് ഉബൈദ് വിധിപ്രസ്താവം ആരംഭിക്കവേ പറഞ്ഞിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“പ്രമുഖ” ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ “ലാവലിന്‍” എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുനോക്കണം,”സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന” എന്ന ഒറ്റവരിയുടെ താങ്ങില്‍ എത്രയെതത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!
“വൃത്തങ്ങളുടെ” സൂചനയ്ക്കപ്പുറം ഒരാധികാരികതയുമില്ലാത്ത ആ വാര്‍ത്തകള്‍ക്കുമേലിരുന്ന് ചര്‍ച്ചിച്ച് എത്ര സാത്വിക കേസരികളുടെ ചന്തി മരവിച്ചിട്ടുണ്ട്.എത്ര ട്രെയിനി ബാച്ചുകള്‍ക്കുമുന്നില്‍ ആ പാക്കേജുകളൊക്കെ റിപ്പോര്‍ട്ടിങ്ങിന്റെ ഉദാത്ത മാതൃകയായവതരിപ്പിച്ചിട്ടുണ്ട്.
വാര്‍ത്തയുടെ ആധികാരികത ഉറപ്പിയ്ക്കാന്‍ ഉതകുന്ന ബൈറ്റോ രേഖകളോ ഉള്‍പ്പെടുത്തണമെന്ന് കര്‍ശനനിബന്ധനയുള്ള ചാനലുകളിലും “വൃത്തങ്ങളുടെ ” മാത്രം ബലത്തില്‍ ലാവലിന്‍ വാര്‍ത്തകള്‍ നിറഞ്ഞുകളിച്ചിട്ടുണ്ട്.
വിധി പിണറയിക്കനുകൂലമോ പ്രതികൂലമോ എന്നത് വിടാം,ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍..?
എന്ന് ,
ഒരു പ്രമുഖ ചാനലിന്റെ ലൈബ്രറിയില്‍ വിശ്രമിയ്ക്കുന്ന “എസ്എന്‍സി ലാവലിന്‍; വിവാദങ്ങളും വസ്തുതകളും” എന്ന പരിപാടിയുടെ പ്രൊഡ്യൂസര്‍.

We use cookies to give you the best possible experience. Learn more