ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബില്‍ ‘ദൈവനിന്ദ’ ആരോപിച്ച് ശ്രീലങ്കന്‍ യുവാവിനെ തീവ്ര വലത് സംഘടനയിലെ അംഗങ്ങള്‍ ആക്രമിച്ച് കൊലപ്പെടുത്തി. പ്രിയന്ത കുമാര എന്ന 40കാരനാണ് കൊല്ലപ്പെട്ടത്.
പ്രിയന്ത ജോലി ചെയ്യുന്ന ഫാക്ടറിയില്‍ തെഹ്രീക്-ഇ-ലബ്ബെയ്ക് പാകിസ്ഥാന്‍ (ടി.എല്‍.പി) സംഘടനയിലെ ആളുകള്‍ അതിക്രമിച്ച് കയറുകയും ഇയാളെ കൈയേറ്റം ചെയ്ത് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തതായി പഞ്ചാബ് പൊലീസ് പി.ടി.ഐയോട് പ്രതികരിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം.
”ടി.എല്‍.പി അംഗങ്ങള്‍ ശ്രീലങ്കന്‍ പൗരനെ ഫാക്ടറിയില്‍ നിന്ന് വലിച്ച് പുറത്തിറക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ഗുരുതരമായ പരിക്കേറ്റ പ്രിയന്ത സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് എത്തുന്നതിന് മുമ്പ് ഇവര്‍ മൃതദേഹം കത്തിക്കുകയായിരുന്നു,” പൊലീസ് പറഞ്ഞു.
സിയാല്‍കോട്ട് ജില്ലയിലെ ഒരു ഫാക്ടറിയില്‍ ജനറല്‍ മാനേജരായി ജോലി ചെയ്യുകയാണ് പ്രിയന്ത. ”ഖുര്‍ആന്‍ വചനങ്ങള്‍ രേഖപ്പെടുത്തിയിരുന്ന ടി.എല്‍.പിയുടെ ഒരു പോസ്റ്റര്‍ പ്രിയന്ത കീറിക്കളഞ്ഞുവെന്നും ചവറ്റുകുട്ടയില്‍ എറിഞ്ഞുവെന്നുമാണ് അവര്‍ ആരോപിക്കുന്നത്.
പ്രിയന്തയുടെ ഓഫീസിന് അടുത്തുള്ള ചുവരിലായിരുന്നു പാര്‍ട്ടിയുടെ പോസ്റ്റര്‍ പതിച്ചിരുന്നത്. ഫാക്ടറിയിലെ തൊഴിലാളികളിലാരോ പ്രിയന്ത പോസ്റ്റര്‍ കീറിക്കളയുന്നത് കണ്ടതായി പ്രചരിപ്പിക്കുകയായിരുന്നു,” പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യുവാവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. സംഘര്‍ഷസാധ്യത മുന്നില്‍ കണ്ട് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
‘ദൈവനിന്ദ’യുടെ കാര്യം പുറത്തറിഞ്ഞതിന് പിന്നാലെ അടുത്ത പ്രദേശങ്ങളില്‍ നിന്നുവരെ ആളുകള്‍ പ്രതിഷേധവുമായി ഫാക്ടറിയ്ക്ക് മുന്നില്‍ തടിച്ച് കൂടിയിരുന്നു. ഇവരിലധികം ടി.എല്‍.പിയെ പിന്തുണയ്ക്കുന്നവരാണ്.
നിരോധിക്കപ്പെട്ട പാര്‍ട്ടിയായിരുന്നു ടി.എല്‍പി. എന്നാല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഈയിടെയാണ് നിരോധനം എടുത്തുമാറ്റിയത്.
ഒരു ഫ്രഞ്ച് മാഗസിനില്‍ പ്രവാചകന്‍ മുഹമ്മദിനെ മോശമായി ചിത്രീകിച്ചു എന്നാരോപിച്ച് പാകിസ്ഥാനിലെ ഫ്രഞ്ച് അംബാസിഡറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ടി.എല്‍.പി അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇത് നിരവധി പേരുടെ മരണത്തിനിടയാക്കിയെങ്കിലും പിന്നീട് സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് കരാറിലെത്തുകയായിരുന്നു.
അറസ്റ്റിലായിരുന്ന ടി.എല്‍.പി നേതാവ് സാദ് റിസ്‌വിയെ സര്‍ക്കാര്‍ മോചിപ്പിക്കുകയും പിന്നാലം സംഘടനയ്ക്ക് മേലുണ്ടായിരുന്നു നിരോധനം പിന്‍വലിക്കുകയുമായിരുന്നു.
ഇസ്‌ലാമിനെതിരെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കുന്ന നിയമമാണ് പാകിസ്ഥാനിലേത്. എന്നാല്‍ ഈ നിയമങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെയോ വ്യക്തിവൈരാഗ്യം തീര്‍ക്കാനോ ദുരുപയോഗം ചെയ്യാറാണ് പതിവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതികരണം.