| Wednesday, 15th March 2023, 8:34 am

ഞാന്‍ ഗന്ധര്‍വന്‍ കാരണം എന്റെ രണ്ടാമത്തെ സിനിമ ചെയ്യില്ലെന്ന തീരുമാനമേടുക്കേണ്ടി വന്നു, അന്ന് പത്മരാജന്‍ ഒരു വാക്ക് തന്നു: ടി.കെ. രാജീവ്കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്മരാജന്റെ സംവിധാനത്തില്‍ മലയാളത്തില്‍ റിലീസ് ചെയ്ത ക്ലാസിക് സിനിമകളില്‍ ഒന്നാണ് ഞാന്‍ ഗന്ധര്‍വന്‍. ഗന്ധര്‍വനും മനുഷ്യ സ്ത്രീയും തമ്മിലുള്ള പ്രണയ ബന്ധത്തിന്റെ കഥ പറഞ്ഞ ഞാന്‍ ഗന്ധര്‍വന് സമാനമായ മറ്റൊരു സിനിമ മലയാളത്തിലില്ല. എന്നാല്‍ ഇതുമായി സാമ്യമുള്ള സിനിമ താന്‍ ചെയ്യാനിരുന്നതാണെന്നും പത്മരാജനോട് സംസാരിച്ചതിന് ശേഷം പ്രൊജക്ട് ചെയ്യേണ്ടന്ന് തീരുമാനിക്കുകയായിരുന്നു എന്നും പറയുകയാണ് സംവിധായകന്‍ ടി.കെ. രാജീവ്കുമാര്‍. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജീവ്കുമാര്‍ നടക്കാതെ പോയ തന്റെ സിനിമയെ പറ്റി സംസാരിച്ചത്.

‘ഐതീഹമാലയില്‍ നിന്നും ഒരു യക്ഷികഥ സമകാലികമായി ചെയ്യാമെന്ന് വിചാരിച്ചു. രണ്ട് ജ്വല്ലറി ഷോപ്പുകള്‍ തമ്മില്‍ നടക്കുന്ന മത്സരത്തിനിടയില്‍ ഒരു യക്ഷി കഥ ഇപ്ലാന്റ് ചെയ്തു. സിനിമയിലേക്ക് ഇനി ഇല്ല എന്ന് പറഞ്ഞ പി. ബാലചന്ദ്രനെ പോയി കണ്ട് സംസാരിച്ച് പുള്ളിയുമൊത്ത് ഒരു സ്‌ക്രിപ്റ്റ് എഴുതി. അന്ന് ഒരുപാട് ഗ്രാഫിക്‌സ് ഡിമാന്റ് ചെയ്യുന്ന സിനിമയാണ് അത്.

ഈ സ്‌ക്രിപ്റ്റ് നവോദയയില്‍ അവതരിപ്പിച്ചു. അവരത് ചെയ്യാമെന്ന് തീരുമാനിക്കുന്നു. അതായിരുന്നു എന്റെ രണ്ടാമത്തെ സിനിമ ആവേണ്ടിയിരുന്നത്. ശരത് പാട്ടുകള്‍ക്കെല്ലാം ഈണം നല്‍കി. ക്യാമറമാനായി വേണുവിനെ ആണ് വെച്ചിരിക്കുന്നത്. കഥ കേട്ട് വേണു ചേട്ടന്‍ വളരെ എക്‌സൈറ്റഡായിരുന്നു.

കാസ്റ്റിങ്ങൊക്കെ ഇനി നോക്കണം. ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോള്‍ ഒരുദിവസം വേണു ചേട്ടന്‍ കാണാന്‍ വന്നു. യക്ഷി കഥയല്ല, നേരെ ഓപ്പോസിറ്റ് നില്‍ക്കുന്ന ഗന്ധര്‍വന്റെ കഥ പപ്പേട്ടന്‍ എന്നോട് പറഞ്ഞു, അത് ഞാന്‍ ചെയ്യില്ല, രാജീവിന്റെ പടത്തില്‍ നിന്നും ഞാന്‍ പിന്മാറുകയാണ്, രണ്ടും ഭയങ്കര സാമ്യമുണ്ട്, ഇത് യക്ഷിയാണെന്നേയുള്ളൂ അത് ഗന്ധര്‍വനാണ്, ഞാനില്ല രാജീവ്, ഇതിനുമില്ല, അതിനുമില്ല എന്ന് പറഞ്ഞു.

ഞാന്‍ അപ്പച്ചന്‍ സാറിനെ വിളിച്ച് കാര്യം പറഞ്ഞു. നിങ്ങളൊന്ന് തിരുവനന്തപുരത്ത് പോയി പത്മരാജനെ കാണാന്‍ എന്നോട് പറഞ്ഞു. ജഗതിയിലുള്ള പപ്പേട്ടന്റെ അപ്പാര്‍ട്ട്‌മെന്റില്‍ പോയി ഞാന്‍ കണ്ടു. കാര്യങ്ങളൊക്കെ വേണു പറഞ്ഞു, എന്തൊരു കോയിന്‍സിഡന്‍സാണ് രാജീവ് എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഫുള്‍ സ്‌ക്രിപ്റ്റ് എഴുതി വെച്ചിരിക്കുകയാണ്.

എന്റെ കയ്യിലും ഒരു സ്‌ക്രിപ്റ്റ് ഉണ്ട്. സാര്‍ എന്റെ രണ്ടാമത്തെ സിനിമയാണ് എന്ന് ഞാന്‍ പറഞ്ഞു. നീ ഇത്ര ചെറുപ്പമല്ലേ, ഇങ്ങനെ ഒരു സബ്‌ജെക്ട് ആലോചിച്ചതില്‍ ആദ്യം നിന്നെ അഭിനന്ദിക്കുന്നു, ഇതെന്റെ ഡ്രീം പ്രൊജക്ടാണ്, എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ വളരെ ആരാധനയോടെ കാണുന്ന സംവിധായകനാണ്. അദ്ദേഹത്തിന്റെയൊക്കെ സിനിമ കണ്ടിട്ടാണ് നമ്മള്‍ സിനിമയില്‍ വരുന്നത്. സാര്‍ ചെയ്‌തോളൂ, ഞാന്‍ ചെയ്യുന്നില്ല എന്ന് പറഞ്ഞു. ഉള്ളില്‍ പ്രയാസമുണ്ടെങ്കിലും പപ്പേട്ടനെ പോലെ ഒരാളാണല്ലോ എന്ന് വിചാരിച്ച് മുറിയില്‍ നിന്നും ഇറങ്ങി.

ഞാന്‍ ലിഫ്റ്റിനായി കാത്തുനില്‍ക്കുമ്പോള്‍ പപ്പേട്ടന്‍ വന്നു. എനിക്ക് വളരെ സങ്കടമുണ്ട് രാജീവ്, നിങ്ങളെ പോലെ യങ്ങായ ഒരാള്‍ ഒരു സിനിമ വിചരിച്ചിട്ട് അത് നടക്കാതെ പോവുമ്പോഴുള്ള വിഷമം എനിക്ക് മനസിലാവും, ഞാനൊരു വാക്ക് തരികയാണ്, നിങ്ങള്‍ക്ക് വേണമെങ്കില്‍ സ്വീകരിക്കാം, ഞാന്‍ ഗന്ധര്‍വന്‍ റിലീസ് കഴിഞ്ഞ്, രാജീവിന് വേണ്ടി ഒരു സ്‌ക്രിപ്റ്റ് എഴുതിയിട്ടേ മറ്റൊരു സിനിമ ചെയ്യുകയുള്ളൂ എന്ന് എന്നോട് പറഞ്ഞു,’ രാജീവ്കുമാര്‍ പറഞ്ഞു.

Content Highlight: tk rajeevkumar about njan gandharvan

Latest Stories

We use cookies to give you the best possible experience. Learn more