നിങ്ങളെ ചതിക്കാനാവില്ല, ഷൂട്ടിനന്ന് ജഗതിയുടെ കത്ത് വന്നു; ഒടുവില്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇന്നസെന്റെത്തി: ടി.കെ. രാജീവ്കുമാര്‍
Film News
നിങ്ങളെ ചതിക്കാനാവില്ല, ഷൂട്ടിനന്ന് ജഗതിയുടെ കത്ത് വന്നു; ഒടുവില്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇന്നസെന്റെത്തി: ടി.കെ. രാജീവ്കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd March 2023, 8:11 pm

മോഹന്‍ലാല്‍, തിലകന്‍, ശ്രീവിദ്യ, വിന്ദുജ മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് പവിത്രം. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ഇന്നസെന്റ് അവതരിപ്പിച്ച എരുശ്ശേരി. ആദ്യം ഈ കഥാപാത്രത്തിലേക്ക് ജഗതിയെ ആണ് കാസ്റ്റ് ചെയ്തതെന്നും പിന്നീട് അദ്ദേഹം പിന്മാറുകയായിരുന്നു എന്നും പറയുകയാണ് സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പവിത്രത്തെ പറ്റി രാജീവ്കുമാര്‍ സംസാരിച്ചത്.

‘പവിത്രത്തിലേക്ക് ആദ്യം ജഗതി ചേട്ടനെയാണ് കാസ്റ്റ് ചെയ്തിരുന്നത്. പുള്ളിക്ക് തിരക്കാണെന്ന് അറിയാമായിരുന്നതുകൊണ്ട് ഞാന്‍ എപ്പോഴും ഫോളോ അപ്പ് ചെയ്യുമായിരുന്നു. ഷൂട്ട് തുടങ്ങാന്‍ പോവുകയാണ്. അന്ന് വെളുപ്പിനെ ജഗതി ചേട്ടന്‍ വരുമെന്നാണ് പറഞ്ഞിരുന്നത്. വെളുപ്പിനെ നാല് മണിക്ക് ജഗതി ചേട്ടന്റെ ഡ്രൈവര്‍ വന്ന് ഒരു കത്ത് തന്നു.

ആ കത്തില്‍ ഇങ്ങനെയാണ് എഴുതിയിരുന്നത്. ഞാന്‍ വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന സംവിധായകരില്‍ നിന്നും വ്യത്യസ്തനായ സംവിധായകനാണ് രാജീവെന്ന് ഞാന്‍ മനസിലാക്കുന്നു. നമ്മള്‍ തമ്മിലുള്ള സമ്പര്‍ക്കം കൊണ്ട് സിനിമയെ പാഷനേറ്റായി കാണുന്നുവെന്നും മനസിലാക്കുന്നു. ഇത്രയും പ്ലാന്‍ഡ് ആയി സിനിമ ചെയ്യുന്ന സംവിധായകനെ ചതിക്കാന്‍ എന്റെ മനസ് അനുവദിക്കുന്നില്ല. നിങ്ങളുടെ ആത്മാര്‍ത്ഥതക്ക് ഒപ്പം നില്‍ക്കാന്‍ എനിക്കാവില്ല.

ആറോ ഏഴോ പടങ്ങള്‍ക്ക് ഞാന്‍ ഡേറ്റ് കൊടുത്തിരിക്കുകയാണ്. അവിടെ വന്നാല്‍ ഈ പടങ്ങളെ മാത്രമല്ല, താങ്കളുടെ പടങ്ങളേയും കുഴപ്പിക്കും. നിങ്ങളെ പോലെ സിനിമയെ ആത്മാര്‍ത്ഥതയോടെ കാണുന്ന സംവിധായകനെ ചതിക്കണ്ട എന്നതുകൊണ്ട് മാത്രമാണ് ഈ കത്ത് എഴുതുന്നത്. അതിന്റെ യഥാര്‍ത്ഥ സ്പിരിറ്റ് താങ്കള്‍ മനസിലാക്കുമെന്നുള്ളതുകൊണ്ടും കൂടിയാണത്. എല്ലാ ഭാവുകങ്ങളും എന്ന് പറഞ്ഞാണ് കത്ത് നിര്‍ത്തിയത്. സത്യം പറഞ്ഞാല്‍ ആ കത്ത് വായിച്ച് എനിക്ക് അദ്ദേഹത്തോട് ഒരു ദേഷ്യവും തോന്നിയില്ല.

അദ്ദേഹം വന്നിരുന്നെങ്കില്‍ ഈ സിനിമ കുഴഞ്ഞുപോവുമായിരുന്നു എന്നുള്ളത് സത്യമാണ്. ഞാന്‍ അന്തം വിട്ടിരിക്കുകയാണ്. ഷൂട്ടിങ് അന്ന് തുടങ്ങണം.

ഇന്നസെന്റ് ചേട്ടന്‍ സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചിരിക്കുന്ന സമയമാണ്. അന്ന് വെളുപ്പിനെ തന്നെ ഇന്നസെന്റ് ചേട്ടനെ വിളിച്ചു. കാര്യങ്ങളൊക്കെ അറിഞ്ഞതിന് ശേഷം അദ്ദേഹം വരാമെന്ന് തീരുമാനിക്കുകയായിരുന്നു,’ രാജീവ്കുമാര്‍ പറഞ്ഞു.

Content Highlight: tk rajeevkumar about jagathy