മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ബറോസ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ 40 വര്‍ഷമായി മലയാള സിനിമയുടെ അഭിനയ കുലപതിയായി വാഴുന്ന മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായമണിയുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്.
എന്നാല്‍ ബറോസ് എന്ന സിനിമ മോഹന്‍ലാല്‍ സംവിധാനം ചെയ്യാന്‍ നിമിത്തമായ ഒരാളുണ്ട്. മറ്റാരുമല്ല മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ടി.കെ. രാജീവ് കുമാറാണ് അത്. ബറോസ് സംവിധാനം ചെയ്യാനിരുന്നത് മോഹന്‍ലാല്‍ ആയിരുന്നില്ലെന്നും ഒരു നിമിത്തം പോലെ ആ നിയോഗം അദ്ദേഹത്തില്‍ വന്നുചേരുകയായിരുന്നെന്നും ടി.കെ രാജീവ് കുമാര്‍ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
”ജിജോ എന്റെ ഗുരുവാണ്. മൈഡിയര്‍ കുട്ടിച്ചാത്തനുശേഷം അദ്ദേഹം പല കാരണങ്ങളാലും പിന്നെ ഒരു സിനിമ ചെയ്തില്ല. കുട്ടിച്ചാത്തന് ശേഷം ചുണ്ടന്‍ വള്ളവുമൊക്കെയായി ബന്ധപ്പെട്ടുള്ള പ്രമേയം ഹോളിവുഡില്‍ ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ പ്‌ളാന്‍. പക്ഷേ, അത് നടന്നില്ല. പിന്നെ അദ്ദേഹം കിഷ്‌കിന്ധ എന്ന തീം പാര്‍ക്കിന്റെ തിരക്കിലായി. അദ്ദേഹം സിനിമയില്‍ ഒന്നും ചെയ്യുന്നില്ലെന്നത് എനിക്ക് എപ്പോഴും സങ്കടകരമായ കാര്യമായിരുന്നു. കുറേനാള്‍ അദ്ദേഹം മദ്രാസിലായിരുന്നു. പിന്നീട് എറണാകുളത്തേക്ക് വന്ന ശേഷം എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ എപ്പോഴും അദ്ദേഹത്തെ മോട്ടിവേറ്റ് ചെയ്യാറുണ്ടായിരുന്നു.
ബറോസിന്റെ കഥ ജിജോ എന്നോട് പറഞ്ഞിരുന്നു. ഞാന്‍ അത് മോഹന്‍ലാലിനോട് പറഞ്ഞു. ഞാനും മോഹന്‍ലാലും കൂടി ജിജോയെ പോയി കണ്ടു. ഒരു ഒക്ടോബറിലായിരുന്നു അത്. അടുത്ത മാര്‍ച്ചില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. സംവിധാനം ചെയ്യാനിരുന്ന ജിജോ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ സംവിധാനം ചെയ്യാനില്ലെന്ന നിലപാടെടുത്തു. അങ്ങനെ ഒരു നിമിത്തം പോലെ സംവിധാനച്ചുമതല മോഹന്‍ലാല്‍ ഏറ്റെടുക്കുകയായിരുന്നു,” ടി.കെ.രാജീവ് കുമാര്‍ പറഞ്ഞു.
ലാല്‍ സാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ട പ്രത്യേകതകളൊക്കെ ബറോസിനുണ്ട് അദ്ദേഹം ഒരു ബ്രില്യന്റ് ഡയറക്ടര്‍ തന്നെയാണെന്നും ടി.കെ. രാജീവ് കുമാര്‍ പറഞ്ഞു.
എപ്പോഴും സംവിധായകന്റെ ആക്ടറായി നില്‍ക്കുമെങ്കിലും സിനിമയെന്ന മീഡിയത്തിനെ കൃത്യമായി അറിയുന്നയാളാണ് അദ്ദേഹം. ബറോസിന്റെ പാട്ട് കമ്പോസിംഗിനും ചര്‍ച്ചകള്‍ക്കുമൊക്കെ ഞാനും പോയിരുന്നു. ഒരു അഭ്യുദയകാംക്ഷി എന്ന നിലയില്‍ ആ പ്രോജക്ടില്‍ എനിക്കൊരു എക്‌സൈറ്റ്‌മെന്റുണ്ട്.
എന്റെ ഗുരു ജിജോ വീണ്ടും സജീവമാകുന്നുവെന്നതാണ് ഒരു സന്തോഷം. ചിലപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലുള്ള ഹോളിവുഡ് പ്രോജക്ട് ഇനി ചിലപ്പോള്‍ സംഭവിച്ചേക്കാം. ലാല്‍ സാറിനെപ്പോലൊരാള്‍ സംവിധായകനാകുന്നതില്‍ ഒരു നിമിത്തമായി എന്നതാണ് മറ്റൊരു സന്തോഷം, ടി.കെ. രാജീവ് കുമാര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content highlight: TK Rajeev Kumar About Mohnlal Barroz