മുതിര്‍ന്ന പ്രവാസി സാംസ്‌കാരികപ്രവര്‍ത്തകന്‍ ടി.കെ. ഹാരിസ് അന്തരിച്ചു
Obituary
മുതിര്‍ന്ന പ്രവാസി സാംസ്‌കാരികപ്രവര്‍ത്തകന്‍ ടി.കെ. ഹാരിസ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th August 2024, 10:46 am

കോഴിക്കോട്: മുതിര്‍ന്ന പ്രവാസി സാംസ്‌കാരികപ്രവര്‍ത്തകനായിരുന്ന ടി.കെ. ഹാരിസ് അന്തരിച്ചു. 78 വയസ്സായിരുന്നു. കുറച്ചു നാളുകളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.

കുവൈറ്റില്‍ പ്രവാസജീവിതം നയിച്ചിരുന്ന കാലത്ത് കലാ കുവൈത്ത് എന്ന പ്രവാസി സാംസ്‌കാരിക സംഘടനയുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. പ്രവാസികള്‍ക്കിടയില്‍ ദേശാഭിമാനി വാരിക അടക്കമുള്ള സാംസ്‌കാരിക പ്രസിദ്ധീകരണങ്ങള്‍ പ്രചരിപ്പിക്കുകയും സ്ഥിരമായി രാഷ്ട്രീയ വിശകലനം നടത്തുന്ന കോളങ്ങള്‍ എഴുതുകയും ചെയ്തിരുന്നു.

കാല്‍ നൂറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം നയിച്ച ടി.കെ. ഹാരിസിന് പശ്ചിമേഷ്യന്‍ രാഷ്ട്രീയ വിഷയങ്ങള്‍ സംബന്ധിച്ച് ചരിത്രപരമായ ധാരണയുണ്ടായിരുന്നു. ഫലസ്തീന്‍ പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ 80കളില്‍ മലയാള ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മനുഷ്യത്വരഹിതമായ ഇസ്രഈല്‍ അധിനിവേശത്തിന്റെ നാള്‍ വഴികള്‍, പിഞ്ചുകുഞ്ഞുങ്ങളെയടക്കം കൊന്നുതള്ളുന്ന സയണിസ്റ്റ് ഭീകരത തുടങ്ങി ഒരു ജനതയെ ഉന്‍മൂലനം ചെയ്യുന്ന യുദ്ധവെറിയുടെ നേര്‍ചിത്രങ്ങള്‍ ടി.കെ. ഹാരിസ്
എഴുതിയിരുന്നു. പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ കുറിച്ച് അദ്ദേഹം ഡൂള്‍ന്യൂസിലും ലേഖനം എഴുതിയിരുന്നു.

എക്കാലത്തും സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഇടതുപക്ഷത്ത് നിലയുറപ്പിച്ച ടി.കെ. ഹാരിസ് തൊണ്ണൂറുകളില്‍ എം.എന്‍. വിജയന്‍ ഉയര്‍ത്തിയ സാംസ്‌കാരിക വിമര്‍ശന നിലപാടുകള്‍ക്കൊപ്പം അടിയുറച്ചുനിന്നു.

മുഖ്യധാര ഇടതുപക്ഷ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ വ്യതിയാനങ്ങള്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് അദ്ദേഹം മുഖ്യധാര ഇടതുപക്ഷത്തിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാളായി. കെ.എസ്. ബിമല്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് ജനാധിപത്യവേദി രൂപീകരിച്ചപ്പോള്‍ അതിനൊപ്പം നിന്നു. നിലവില്‍ ജനാധിപത്യവേദി എക്‌സിക്യൂട്ടീവ് അംഗമാണ്.

ഭാര്യ: കെ. ബീവി.
മക്കള്‍: ഡോ: ശബാന ഹാരിസ്, സുചിന്ത ഹാരിസ്, ഡോ: സച്ചിന്‍ ഹാരിസ്.
മരുമക്കള്‍:- ഡോ. ആഷിക്ക് മൊയ്തീന്‍, ഹിഷാം മൊയ്തീന്‍, സഹ്ന അരീപ്പുറത്ത്.
പേരക്കുട്ടികള്‍: ദുആ, മെഹ്നാസ്, ദിയാ, സമാറാ.

പ്രൊഫസര്‍ നിസാര്‍ അഹമദ്, സറീന ബീഗം, സാഹിദ, റംലത്ത് എന്നിവര്‍ സഹോദരി സഹോദരന്മാരാണ്.

 

 

Content highlight: TK Harris passed away