മലപ്പുറം: വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാനൊരുങ്ങി സി.പി.ഐ.എം നേതാവ് ടി.കെ. ഹംസ. നാളെ രാജി സമര്‍പ്പിക്കാനാണ് തീരുമാനം. ഒന്നര വര്‍ഷം കാലാവധി ബാക്കി നില്‍ക്കെയാണ് ടി.കെ. ഹംസ രാജിവെക്കാനൊരുങ്ങുന്നത്. ആരോഗ്യ പ്രശ്‌നം കാരണമാണ് രാജിവെക്കുന്നതെന്നാണ് ഹംസ അറിയിച്ചിരിക്കുന്നത്. പദവിയില്‍ തുടരാന്‍ 80 വയസാണ് സി.പി.ഐ.എം നിശ്ചയിച്ചിരിക്കുന്നതെന്നും അതിനാല്‍ 86 വയസുള്ള താന്‍ പദവിയില്‍ നിന്നും രാജിവെക്കുകയാണെന്നും ഹംസ പറഞ്ഞു.
ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. പുസ്തക രചന പോലുള്ള മറ്റ് ചില ജോലികള്‍ കൂടി തീര്‍ക്കാനുണ്ട്, അതിനാല്‍ രാജി വെക്കുകയാണ്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നുവെന്നുമാണ് ഹംസ അറിയിച്ചിരിക്കുന്നത്. നാളെ വഖഫ് ബോര്‍ഡ് യോഗം ചേരാനിരിക്കെയാണ് രാജി തീരുമാനം അറിയിച്ചിരിക്കുന്നത്.
അതേസമയം, വഖഫ് ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദുള്‍ റഹ്‌മാനുമായി ചില ഭിന്നതകള്‍ ഹംസക്ക് ഉണ്ടായിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാന്‍ പങ്കെടുക്കുന്നില്ലെന്ന മിനുട്ട്‌സ് പുറത്ത് വരുകയും ചെയ്തിരുന്നു. മന്ത്രിയുമായി ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാജിക്കൊങ്ങുന്നതെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ മന്ത്രിയുമായി യാതൊരു ഭിന്നതയുമില്ലെന്നാണ് ടി.കെ ഹംസ അറിയിച്ചിരിക്കുന്നത്.