| Saturday, 13th November 2021, 4:59 pm

ഒന്നിനെ കൊന്നാലും ഒമ്പതിനെ കൊന്നാലും കുറ്റം ഒന്നെ ഒള്ളെടോ; പ്രേംനസീറുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ടി.ജി.രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഒരുപാട് വില്ലന്‍ കഥാപാത്രങ്ങള്‍ വന്നുപോയിട്ടുണ്ട്. അതില്‍ എല്ലാ വില്ലന്‍ കഥാപാത്രങ്ങളെയും ഒന്നിനൊന്നു മികച്ചതായി ചെയ്തു വെച്ചൊരാളാണ് ടി.ജി. രവി. അദ്ദേഹം ചെയ്ത കഥാപാത്രങ്ങളൊക്കെയും മലയാളി മനസില്‍ നിറം മങ്ങാതെ തന്നെയുണ്ട്. താന്‍ ചെയ്തു വെച്ച കഥാപാത്രങ്ങളെയും സഹപ്രപര്‍ത്തകരേയും ഒന്നുകൂടെ ഓര്‍ത്തെടുക്കുകയാണ് കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലൂടെ ടി.ജി.രവി.

പ്രേംനസീറുമായി വളരെ നല്ല അടുപ്പമായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.

‘തീരം തേടുന്ന തിര എന്ന സിനിമയില്‍ പ്രേംനസീറിന്റെ അമ്മാനച്ഛനായാണ് ഞാനാദ്യം അഭിനയിക്കുന്നത്. നസീര്‍ സാറിന്റെ കൈയ്യില്‍ നിന്നും ഇടികൊള്ളാന്‍ നല്ല സുഖമായിരുന്നു. പൂകൊണ്ട് എറിയും പോലെയായിരുന്നു. ഒരുപാട് സിനിമകളില്‍ ഒരുമിച്ചഭിനയിച്ചു. “പൂമടത്ത് പെണ്ണ് എന്ന ചിത്രത്തിലാണ് വില്ലന്‍ കഥാപാത്രത്തിന് ആദ്യമായി കൈയ്യടി കിട്ടുന്നത്. “ഒന്നിനെ കൊന്നാലും ഒമ്പതിനെ കൊന്നാലും കുറ്റം ഒന്നെ ഒള്ളെടോ എന്ന ഡയലോഗിനാണത്,’ അദ്ദേഹം പറയുന്നു.

അതുപോലെ, ഭരതന്റെ ‘പറങ്കിമല’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ കാരണം തന്റെ ഭാര്യയാണെന്നും ടി.ജി. രവി പറയുന്നു. ‘തിരക്കുകള്‍ കാരണം ആ സിനിമ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചിരുന്നു. ആ സിനിമ ജീവിതത്തില്‍ വഴിത്തിരിവാവുകയും ചെയ്തു. തൃശൂര്‍ ഭാഷ കൈകാര്യം ചെയ്ത ആദ്യ സിനിമ കൂടെയാണത്’ അദ്ദേഹം പറയുന്നു.

സിനിമയിലേക്കുള്ള തിരിച്ചു വരവും ഒട്ടും അപരിചിതത്വം ഇല്ലാതെ തന്നെ കൈകാര്യം ചെയ്യാന്‍ പറ്റിയെന്നും അദ്ദേഹം പറഞ്ഞു.

‘സന്ധ്യ മയങ്ങും നേരെ എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രം നന്നായിട്ടുണ്ടെന്ന് പറഞ്ഞ് ഒരുപാടാളുകള്‍ അക്കാലത്ത് ഇല്ലന്റുകള്‍ അയച്ചിരുന്നു. കുറച്ചു നാളുകള്‍ സിനിമയില്‍ നിന്നും മാറി വന്നതിനു ശേഷം ചെയ്ത സിനിമയാണ് 22 ഫീമെയില്‍ കോട്ടയം. ആ സിനിമയില്‍ കത്ത് വായിക്കുന്ന രംഗം അതിമനോഹരമായിട്ടാണ് ആഷിഖ് അബു സെറ്റ് ചെയ്തത്. ആ സീന്‍ കഴിഞ്ഞപ്പോള്‍ റിമ ഓടി വന്നു കെട്ടിപിടിച്ചു. വലിയ അംഗീകാരമായിരുന്നു അത്,’ അദ്ദേഹം പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: TJ Ravi about Prem Naseer

We use cookies to give you the best possible experience. Learn more