| Wednesday, 12th July 2023, 12:43 pm

പ്രതികളും ഇരകളാണ്; അടിമത്തത്തില്‍ നിന്ന് അവര്‍ മാറിച്ചിന്തിക്കട്ടെ: ടി.ജെ. ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രാകൃതമായ വിശ്വാസത്തിന്റെ ഇരകളാണ് കൈവെട്ട് കേസിലെ പ്രതികളെന്ന് പ്രൊഫ. ടി.ജെ. ജോസഫ്. പ്രതികളെ ശിക്ഷിക്കുന്നതില്‍ തനിക്ക് യാതൊരു ഉത്കണ്ഠയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക മനുഷ്യരാകാന്‍ പ്രതികളെ ബോധവല്‍ക്കരിക്കണമെന്നും മനുഷ്യരെ അടിമക്കിടുന്ന  പ്രാകൃത വിശ്വാസങ്ങളോട് എന്റെ യുദ്ധം തുടരുമെന്നും ടി.ജെ. ജോസഫ് പറഞ്ഞു. കൈവെട്ട് കേസില്‍ രണ്ടാം ഘട്ട വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നെ ആക്രമിച്ചവര്‍ വെറും ആയുധങ്ങള്‍ മാത്രം. യഥാര്‍ത്ഥ പ്രതികള്‍ ഇതിന് പിന്നിലെ ആസൂത്രകരാണ്, അവര്‍ ഇപ്പോഴും കേസിന് പുറത്താണ്. മനുഷ്യത്വവിരുദ്ധമായ തീരുമാനം എടുക്കാന്‍ ഉത്‌ബോധനം നടത്തുന്നവര്‍ എപ്പോഴും കാണാമറയത്താണ്. ആധുനിക മനുഷ്യരാകാന്‍ അവരെ ബോധവല്‍ക്കരിക്കണം.

പ്രാകൃതമായ വിശ്വാസത്തിന്റെ ഇരകളാണ് എന്നെ വെട്ടിയ പ്രതികളും.
വിശ്വാസത്തിന്റെ അടിമത്തത്തില്‍ നിന്ന് അവര്‍ മാറിച്ചിന്തിക്കട്ടെ. പ്രതിയെ ശിക്ഷിക്കുക എന്നാല്‍ ഇരയ്ക്കുള്ള നീതിയല്ല, രാജ്യത്തിന്റെ നിയമം മാത്രമാണ്.

നമുക്ക് വിനയായി നില്‍ക്കുന്നത് 1500 വര്‍ഷമെങ്കിലും പഴക്കമുള്ള വിശ്വാസസംഹിതകളാണ്. അവ തച്ചുടയ്ക്കണം. ശാസ്ത്രഅവബോധമുള്‍ക്കൊണ്ട് ആധുനിക മനുഷ്യരായി ഇവരെല്ലാം വളരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എനിക്ക് നഷ്ടങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. ജയിക്കുന്നവര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാകും.
അത് സ്വഭാവികമാണ്. മനുഷ്യരെ അടിമയ്ക്കിടുന്ന അല്ലെങ്കില്‍ ചങ്ങലയ്ക്കിടുന്ന പ്രാകൃത വിശ്വാസങ്ങളോട് എന്റെ യുദ്ധം തുടരും,’ ടി.ജെ. ജോസഫ് പറഞ്ഞു.

മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കൂടി കുറ്റക്കാരെന്ന് കൊച്ചി എന്‍.ഐ.എ കോടതിയുടെ വിധി. കേസിലെ രണ്ടാം ഘട്ട വിധിയാണിത്. ശിക്ഷാ വിധി പറയാന്‍ കേസ് നാളത്തേക്ക് മാറ്റിവെച്ചു.

പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം.കെ. നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് ആരോപിക്കുന്ന സവാദ് ഉള്‍പ്പെടെ പതിനൊന്നുപ്രതികളുടെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതില്‍ സാജന്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്ദീന്‍ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്.

Content Highlight: TJ Joseph’s responds on Court verdict in Hand amputated case

We use cookies to give you the best possible experience. Learn more