ടിജെ ജോസഫിനെ സര്‍വീസില്‍ നിന്ന് പുത്താക്കി
Kerala
ടിജെ ജോസഫിനെ സര്‍വീസില്‍ നിന്ന് പുത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th September 2010, 12:55 pm

തൊടുപുഴ: ചോദ്യപേപ്പര്‍ വിവാദത്തില്‍ അക്രമികളുടെ വെട്ടേറ്റ് കൈപത്തി നഷ്ടപ്പെട്ട ടിജെ ജോസഫിനെ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് പുറത്താക്കി.  സെപ്തംബര്‍ ഒന്നുമുതല്‍ സര്‍വീസില്‍ നിന്നു നീക്കയതായി കാണിച്ച് കോളേജ് മാനേജര്‍ മോണ്‍സിന്യോര്‍ തോമസ് മലേക്കുടിയാണ് പ്രൊഫ. ജോസഫിനു കത്തു നല്കിയത്.

എന്നാല്‍ മുസ്ലിം സമുദായമോ കോടതിയോ ആവശ്യപ്പെട്ടാല്‍ ടി.ജെ ജോസഫിനെ തിരിച്ചെടുക്കാമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.  അധ്യാപകനോട് ക്ഷമിക്കേണ്ടത് മുസ്ലിം സമുദായമാണ്. മതപരമായ പ്രശ്നമായതുകൊണ്ടാണ് ഇത്രയും കടുത്ത നടപടിയെടുത്തതെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.

അതേസമയം ടി.ജെ ജോസഫിനെ പുറത്താക്കിയ നടപടി കടുത്ത നടപടിയായിപോയെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു. അധ്യാപകന്‍ ചെയ്ത തെറ്റിന് ഇരട്ടി ശിക്ഷ അദ്ദേഹം ഇപ്പോള്‍ അനുഭവിച്ചുകഴിഞ്ഞു.  ടി.ജെ ജോസഫിന് വേണമെങ്കില്‍ യൂണിവേഴ്സിറ്റി ട്രിബ്യൂണലിനെ സമീപിക്കാവുന്നതാണെന്ന് എം. എ ബേബി പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തിയതിനു കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് മാനേജുമെന്റ് പ്രൊഫ. ജോസഫിനു നേരത്തേ കത്തു നല്കിയിരുന്നു. പിന്നീട് അദ്ദേഹത്തെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

അക്രമികള്‍ കൈ വെട്ടിയെടുത്തതിനു പിന്നാലെ മാനേജുമെന്റ് തന്നെ സര്‍വീസില്‍ നിന്നു പുറത്താക്കിയത് വല്ലാതെ വേദനിപ്പിച്ചുവെന്ന്  അദ്ധ്യാപകന്‍ ടി ജെ ജോസഫ് പറഞ്ഞു.
മാനേജ്‌മെന്റിന്റെ നടപടി വേദനാജനകമാണ്. ഈ നടപടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
തനിക്കും കുടുംബത്തിനും തരാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് മാനേജുമെന്റ് തന്നിരിക്കുന്നത്. ഇത് ഒട്ടും പ്രതീക്ഷിച്ചതല്ല.

ജൂലായ് നാലിനാണ് പ്രൊഫ. ജോസഫിന്റെ വലതു കൈ അക്രമികള്‍ വെട്ടിമാറ്റിയത്. കൈവെട്ടല്‍ സംഭവത്തിനു ശേഷം, പ്രൊഫ. ജോസഫിനെതിരെ കൈക്കൊണ്ടിരുന്ന അച്ചടക് നടപടി എം ജി സര്‍വകലാശാല റദ്ദാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ കോളേജ് മാനേജുമെന്റ് അദ്ദേഹത്തെ പുറത്താക്കിയിരിക്കുകയാണ്.

മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് അതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നായിരുന്നു മറുപടി. നിയമനടപടിയെക്കുറിച്ച് ആലോചിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും അദ്ദേഹം പറഞ്ഞു.