കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ രണ്ടാംഘട്ട വിധിയില്‍ ആദ്യ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് കണ്ടെത്തിയ സജില്‍, നാസര്‍, നജീബ് എന്നീ മൂന്ന് പ്രതികള്‍ക്കാണ് കൊച്ചിയിലെ എന്‍.ഐ. കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
കേസിലെ 2,3,5 പ്രതികള്‍ക്കാണ് ജീവപര്യന്തം. വധശ്രമം, ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന എന്നവർ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചത്.
രാണ്ടാമത്തെ കുറ്റപത്രത്തില്‍ ആറ് പേരെ ബുധനാഴ്ച കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ ശിക്ഷയാണ് പ്രഖ്യാപിച്ചത്. മറ്റ് പ്രതികളായ നൗഷാദിനും മൊയ്ദീന്‍ കുഞ്ഞിനും അയ്യൂബിനും മൂന്ന് വര്‍ഷവും ശിക്ഷ വിധിച്ചു.
കേസില്‍ ഭീകരവാദ പ്രവര്‍ത്തനം തെളിഞ്ഞതായി കോടതി ഇന്നലെ പറഞ്ഞിരുന്നു. കുറ്റപത്രത്തിലുണ്ടായിരുന്ന 11ല്‍ അഞ്ച് പേരെ വെറുതെവിട്ടിരുന്നു. അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, ഷഫീക്ക്, മന്‍സൂര്‍ എന്നിവരെയാണ് വെറുതെവിട്ടത്.
ചോദ്യ പേപ്പര്‍ വിവാദത്തെത്തുടര്‍ന്നാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ ടി.ജെ. ജോസഫിന്റെ കൈവെട്ടിയത്.
2010 മാര്‍ച്ച് 23ന് തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയത്.