കൊച്ചി: കൈവെട്ടിയ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കുറഞ്ഞ് പോയോ കൂടി പോയോ എന്നത് നിയമ പണ്ഡിതന്മാരാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് ടി.ജെ. ജോസഫ്. കേസില്‍ സാക്ഷി പറയുക എന്നതായിരുന്നു തന്റെ ഉത്തരവാദിത്തമെന്നും അത് താന്‍ നിറവേറ്റിയെന്നും അദ്ദേഹം പറഞ്ഞു. കൈവെട്ട് കേസിലെ രണ്ടാം ഘട്ട വിധിയില്‍ ആദ്യ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എന്നെ ആക്രമിച്ച കേസില്‍ രണ്ടാം വിചാരണ എന്‍.ഐ.എ കോടതിയില്‍ പൂര്‍ത്തിയായി. ഈ കേസില്‍ എനിക്ക് ഉണ്ടായിരുന്ന ഒരു ഉത്തരവാദിത്തം സാക്ഷി പറയുക എന്നുള്ളതായിരുന്നു. ഈ കേസില്‍ എന്റെ സാക്ഷി മൊഴി ഒരു പൗരനെന്ന് നിലയില്‍ ചെയ്ത് തീര്‍ത്തിട്ടുള്ളതാണ്. പ്രതികള്‍ക്ക് ഏത് ശിക്ഷ ലഭിച്ചാലും അതെന്നെ ബാധിക്കുന്ന കാര്യമല്ല. ശിക്ഷ കുറഞ്ഞ് പോയോ കൂടിപോയോ എന്നതൊക്കെ നിയമ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യേണ്ടതാണ്, ടി.ജെ. ജോസഫ് പറഞ്ഞു.
പ്രതികളെ ശിക്ഷിക്കുന്നത് കൊണ്ട് ഒരു തീവ്രവാദത്തിന് ശമനമുണ്ടാകുമോ ഇല്ലയോ എന്നത് ഇവിടത്തെ രാഷ്ട്രീയ നിരീക്ഷകരും സാമൂഹിക നിരീക്ഷകരും വിശകലനം ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.
‘പ്രതികളെ ശിക്ഷിക്കുന്നത് കൊണ്ട് ഒരു തീവ്രവാദത്തിന് ശമനമുണ്ടാകുമോ ഇല്ലയോ എന്നത് ഇവിടത്തെ രാഷ്ട്രീയ നിരീക്ഷകരും സാമൂഹിക നിരീക്ഷകരും വിശകലനം ചെയ്യട്ടെ. കോടതിയുടെ വിധി നടപ്പിലായി അത്രമാത്രം. മുഖ്യപ്രതി നിയമത്തിന് മുന്നില്‍ എത്താത്തത് അന്വേഷണ വിഭാഗത്തിന്റെ പരാജയമാകാം. അല്ലെങ്കില്‍ പ്രതി സമര്‍ദനായത് കൊണ്ടാകാം. പ്രതിയെ സംരക്ഷിക്കുന്നവര്‍ സാമര്‍ത്ഥ്യമുള്ളവര്‍ ആയത് കൊണ്ടാകാം,’ ടി.ജെ. ജോസഫ് പറഞ്ഞു.
താന്‍ ഇവിടുത്തെ ഒരു സാധാരണ പൗരനാണെന്നും ചില ആളുകളുടെ പ്രാകൃതമായ വിശ്വാസ സംഹിതയുടെ പേരില്‍ ആക്രമിക്കപ്പെട്ടുവെന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ലഭിക്കാനുള്ള ദുരിതങ്ങളും വേദനകളുമെല്ലാം ലഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഇവിടത്തെ ഒരു സാധാരണ പൗരനാണ്. ചില ആളുകളുടെ പ്രാകൃതമായ വിശ്വാസ സംഹിതയുടെ പേരില്‍ ആക്രമിക്കപ്പെട്ടുവെന്നേയുള്ളൂ. അത് കഴിഞ്ഞു. ഇപ്പോള്‍ എനിക്ക് ലഭിക്കാനുള്ള ദുരിതങ്ങളും വേദനകളുമെല്ലാം ലഭിച്ചു കഴിഞ്ഞു. അതിന്റെ പേരില്‍ ആരെയെങ്കിലും ശിക്ഷിക്കുകയോ മറ്റ് രീതിയില്‍ കഷ്ടപ്പെടുത്തുകയോ ചെയ്യുന്നതില്‍ എനിക്ക് താല്‍പര്യമില്ല. എല്ലാ മനുഷ്യരും നല്ലവരായിട്ടും സുഖമായിട്ടും ജീവിക്കാനുള്ള ഭൂമിയാണ് ഇത്. അങ്ങനെയുളള ഭൂമിയില്‍ ഇത്തരത്തിലുള്ള പ്രാചീന വിശ്വാസ സംഹിതകളൊക്കെ ഏറ്റുപാടി കൊണ്ട് ആധുനിക യുഗത്തിലും പ്രാവര്‍ത്തികമാക്കി കൊണ്ട് നടക്കുന്നതിന്റെ കഷ്ടപാടുകളും ബുദ്ധിമുട്ടുകളും നമ്മള്‍ എല്ലാവരും അനുഭവിക്കുന്നുവെന്നേ ഉള്ളൂ.
ഈ ലോകത്ത് ഇതുപോലുള്ള അന്തവിശ്വാസങ്ങളൊക്കെ മാറി ആധുനികമായിട്ടുള്ളൊരു ലോകം ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. മാനവികതയില്‍ പുലരുന്ന വിശ്വ പൗരന്മാരായി മനുഷ്യരെല്ലാം മാറുന്ന , അങ്ങനെയുള്ള ഒരു സമത്വ സുന്ദരമായ, ജാതീയതയും വിഭാഗീയതയും ഇല്ലാത്ത എല്ലാ മനുഷ്യരും ഒന്നാകുന്ന ഒരു ആധുനിക യുഗം, അതാണെന്റെ സ്വപ്നം. പരസ്പരം വിദ്വേഷിക്കാനോ, പരസ്പരം കൊല്ലാനോ പ്രതികാര നടപടികളിലൂടെ മനസിനെ രസിപ്പിക്കാനോ ഉള്ള മനോഭാവത്തില്‍ നിന്നും ഞാന്‍ മാറി ചിന്തിച്ച് തുടങ്ങി,’ ടി.ജെ ജോസഫ് പറഞ്ഞു.
മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ രണ്ടാംഘട്ട വിധിയില്‍ ആദ്യ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തമാണ് കോടതി വിധിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് കണ്ടെത്തിയ സജില്‍, നാസര്‍, നജീബ് എന്നീ മൂന്ന് പ്രതികള്‍ക്കാണ് കൊച്ചിയിലെ എന്‍.ഐ. കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിലെ 2,3,5 പ്രതികള്‍ക്കാണ് ജീവപര്യന്തം. വധശ്രമം, ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന എന്നവര്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചത്.