| Thursday, 30th June 2022, 6:54 pm

തങ്കച്ചി പാസം ഓവര്‍ ലോഡഡ്; പ്യാലി ടൈറ്റില്‍ സോങ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബബിത- റിന്‍ ദമ്പതികള്‍ സംവിധാനം ചെയ്യുന്ന പ്യാലി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് കെ.എസ്. ഹരിശങ്കര്‍ ആലപിച്ച പ്യാലി എന്ന് തന്നെ തുടങ്ങുന്ന ഗാനം പുറത്ത് വന്നത്. സഹോദര സ്‌നേഹത്തിന്റെ ആഴമാണ് ഗാനരംഗത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. അനിയത്തിയെ സ്‌നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കുന്ന ചേട്ടനെയാണ് പാട്ടില്‍ കാണുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ പാട്ടിന്റെ ലിങ്ക് ഫേസ്ബുക്കിലൂടെയും പങ്കുവെച്ചിട്ടുണ്ട്.

ബബിത- റിന്‍ ദമ്പതിമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ചിത്രം ജൂലൈ എട്ടിന് റിലീസ് ചെയ്യും. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുമൊക്കെ ശ്രദ്ധ നേടിയിരുന്നു.

ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്. അന്തരിച്ച നടന്‍ എന്‍.എഫ്. വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസാണ് ചിത്രത്തിന്റെ നിര്‍മാണം. എന്‍.എഫ്. വര്‍ഗീസ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. സാഹോദര്യ സ്‌നേഹമാണ് പ്യാലിയെന്ന ചിത്രത്തിന്റെ ഇതിവൃത്തം. കേന്ദ്രകഥാപാത്രത്തിന്റെ സഹോദരനായി ജോര്‍ജ് ജേക്കബാണ് അഭിനയിക്കുന്നത്.

ശ്രീനിവാസന്‍, മാമുക്കോയ, മുരുഗദോസ്, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Content Highlight: title song from the movie pyali

We use cookies to give you the best possible experience. Learn more