ലോകകപ്പില്‍ നിന്നും പുറത്തായതിനെ പിന്നാലെ ബ്രസീല്‍ കോച്ച് സ്ഥാനത്ത് നിന്നും പടിയിറങ്ങി ടിറ്റെ. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതോടെയാണ് ബ്രസീലിന് ഖത്തര്‍ ലോകകപ്പില്‍ പുറത്ത് പോകേണ്ടി വന്നത്.
മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് താന്‍ കോച്ച് സ്ഥാനത്ത് നിന്നും രാജിവെക്കുന്ന കാര്യം ടിറ്റെ വ്യക്തമാക്കിയത്. ഇത് താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ സമയം പൂര്‍ത്തിയായിരിക്കുകയാണ്. ഇത് ഞാന്‍ ഒന്നര വര്‍ഷം മുമ്പേ പറഞ്ഞിരുന്നു. ഞാന്‍ വാക്കിന് വിലയുള്ളവനാണ്,’ ടിറ്റെ പറഞ്ഞു.
2016ലാണ് ടിറ്റെ ബ്രസീലിന്റെ പരിശീലകനായി എത്തുന്നത്. 2019ല്‍ കോപ്പാ അമേരിക്ക കിരീടം നേട്ടത്തിലേക്ക് കാനറികളെ നയിച്ചത് ടിറ്റെയുടെ തന്ത്രങ്ങളായിരുന്നു.
ലോകകപ്പ് തീരുന്നത് വരെയേ താന്‍ കോച്ചായി തുടരുകയുള്ളുവെന്ന് ടിറ്റെ പറഞ്ഞിരുന്നു. ‘ലോകകപ്പ് തീരുന്നത് വരെ ഞാന്‍ ഇവിടെ കാണും. നുണയൊന്നും പറയേണ്ട കാര്യമില്ലല്ലോ. എനിക്ക് ഇനിയൊന്നും നേടണമെന്നില്ല. കരിയറില്‍ നേടാനുള്ളതെല്ലാം ഞാന്‍ നേടിക്കഴിഞ്ഞു. വേള്‍ഡ് കപ്പ് മാത്രമാണ് ബാക്കിയുള്ളത്,’ എന്നായിരുന്നു ടിറ്റെ പറഞ്ഞിരുന്നത്.
ബ്രസീലില്‍ നിന്നും പടിയിറങ്ങുന്ന ടിറ്റെ ക്ലബ് ഫുട്‌ബോളിലേക്ക് മടങ്ങിയെത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ ടീമുകള്‍ക്കൊപ്പം തുടര്‍ന്നേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്.
അതേസമയം ക്വാര്‍ട്ടറിലെ ആദ്യ മത്സരത്തിന്റെ 90 മിനിട്ടിലും ഇന്‍ജുറി ടൈമിലും ഇരു ടീമും ഗോളടിക്കാതെ സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നത്.
തുടര്‍ന്ന് എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ നെയ്മറാണ് ബ്രസീലിനെ മുമ്പിലെത്തിച്ചത്. എന്നാല്‍ 116ാം മിനിട്ടില്‍ ബ്രൂണോ പെറ്റ്‌കോവിച്ചിലൂടെ ക്രൊയേഷ്യ ഗോള്‍ മടക്കി. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് പോയത്.
ഷൂട്ടൗട്ടില്‍ രണ്ട് തവണ ബ്രസീലിന് സ്‌കോര്‍ ചെയ്യാനാകാതിരുന്നപ്പോള്‍ എടുത്ത എല്ലാ ഷോട്ടും വലയിലെത്തിക്കാന്‍ ക്രൊയേഷ്യയുടെ പെനാല്‍ട്ടി സ്‌പെഷ്യലിസ്റ്റുകള്‍ക്ക് കഴിഞ്ഞു. ഇതോടെ ആറാം കിരീടം ലക്ഷ്യമാക്കി എത്തിയ കാനറിപ്പടക്ക് കണ്ണീരോടെ മടങ്ങാനായിരുന്നു വിധി.