സ്ക്വാഡിനെ മൊത്തം കളത്തിലിറക്കി ബ്രസീൽ കോച്ച് ടിറ്റെ
2022 FIFA World Cup
സ്ക്വാഡിനെ മൊത്തം കളത്തിലിറക്കി ബ്രസീൽ കോച്ച് ടിറ്റെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th December 2022, 8:25 am

ഖത്തർ ലോകകപ്പിൽ ചൊവ്വാഴ്ച നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകൾ അടിച്ചുകൂട്ടി ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ വൻ വിജയം സ്വന്തമാക്കിയിരുന്നു. വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, ലുക്കാസ് പക്വറ്റ എന്നിവരാണ് ബ്രസീലിനായി സ്കോർ ചെയ്തത്.

ദക്ഷിണകൊറിയയുടെ ആശ്വാസ ഗോൾ മത്സരത്തിന്റെ 76ാം മിനിട്ടിൽ പൈക്-സ്യുങ്-ഹു നേടി.

എന്നാൽ വിജയത്തിനപ്പുറം മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുകയാണ് കാനറി പട. കൊറിയക്കെതിരെയുള്ള മത്സരത്തോടെ ലോകകപ്പ് സ്ക്വാഡിൽ ഇടം നേടിയ 26 പ്ലെയെഴ്സിനും കളിക്കാൻ അവസരം നൽകിയ കോച്ച് എന്ന വിശേഷണം കരസ്ഥമാക്കിയിരിക്കുകയാണ് ബ്രസീൽ കോച്ച് ടിറ്റെ.

ഖത്തർ ലോകകപ്പിൽ ബ്രസീൽ ഇതുവരെ കളിച്ച നാല് കളികളിൽ നിന്ന് മാത്രമായി ഫുൾ സ്ക്വാഡിനെയും കളത്തിലിറക്കിയ ടിറ്റെ പരിക്കേറ്റ താരങ്ങൾക്ക് പകരം കൃത്യമായ സബ്ബുകളെ മൈതാനത്തിറക്കാനും ശ്രദ്ധിച്ചിരുന്നു.

കാമാറൂണിനെതിരെ പരാജയപ്പെട്ട കളിയിൽ മാത്രം മെയിൻ സ്ക്വാഡിൽ നിന്നുള്ള ഏഴ് കളിക്കാരെ ബെഞ്ചിലിരുത്തിയാണ് ടിറ്റെ മറ്റുള്ളവർക്ക് അവസരം നൽകിയത്.

അലക്സ് ടെല്ലസ്, ഗബ്രിയേൽ ജിസ്യുസ് മുതലായ താരങ്ങൾ പരിക്കേറ്റ് പുറത്തു പോ യതും ബെഞ്ചിലെ മറ്റു താരങ്ങൾക്ക് അവസരം നൽകി.കൂടാതെ ബ്രസീൽ നിരയിലെ സൂപ്പർ താരം നെയ്മർ, പ്രതിരോധ നിര താരം ഡാനിലോ എന്നിവർ പരിക്ക് ഭേദമായി തിരിച്ചെത്തുകയും ചെയ്തിരുന്നു.

ഡിസംബർ ഒമ്പതിന് ഇന്ത്യൻ സമയം രാത്രി 8:30 ന് ക്രൊയേഷ്യക്കെതിരെയാണ് ബ്രസീലിന്റെ ക്വാർട്ടർ ഫൈനൽ മത്സരം. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം ആണ് വേദി. ജപ്പാനെ ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയത്.

Content Highlights:tite has now given all 26 players in his squad an oppertunity to play in the worldcup