ബ്രസീല്‍ പരിശീലക സ്ഥാനത്ത് ടിറ്റെ നാലുവര്‍ഷം കൂടി തുടരും. ഖത്തര്‍ ലോകകപ്പ് കഴിയുന്നത് വരെ തുടരാമെന്നാണ് ടിറ്റെ ബ്രസീലുമായി ഉടമ്പടിയിലെത്തിയിരിക്കുന്നത്. കോച്ചിന്റെ കാലാവധി നീട്ടിയതായി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പറഞ്ഞു.
1978ന് ശേഷം ലോകകപ്പ് കഴിഞ്ഞ് ബ്രസീല്‍ കരാര്‍ നീട്ടിക്കൊടുക്കുന്ന ആദ്യ പരിശീലകനാണ് ടിറ്റെ. ടീമിന് മികച്ച സാഹചര്യമൊരുക്കാന്‍ ഫെഡറേഷന്‍ സാഹചര്യമൊരുക്കിയെന്നും വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും ടിറ്റെ പറഞ്ഞു.
കൊറിന്ത്യന്‍സ് പരിശീലകനായിരുന്ന ടിറ്റെ 2016ലാണ് ബ്രസീലിലെത്തുന്നത്. കോപ അമേരിക്കയില്‍ ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായതിനെ തുടര്‍ന്ന് ദുംഗയെ പുറത്താക്കിയ ഒഴിവിലാണ് ടിറ്റെ എത്തിയത്.
2019ല്‍ ബ്രസീലില്‍ വെച്ച് നടക്കുന്ന കോപ അമേരിക്കയാണ് ടിറ്റെയ്ക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി. അതിന് മുമ്പ് സെപ്റ്റംബറില്‍ അമേരിക്കയുമായി ഒരു സൗഹൃദ മത്സരമുണ്ട്.