ടൈറ്റാനിയം അഴിമതി;ഏതന്വേഷണവും നേരിടാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി
Daily News
ടൈറ്റാനിയം അഴിമതി;ഏതന്വേഷണവും നേരിടാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th August 2014, 2:16 pm

oommen-chandi
[] തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും, ഇക്കാര്യത്തില്‍ രാജിക്കില്ല. ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചത് സുപ്രീം കോടതി കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണെന്നും, തൊഴിലാളികള്‍ക്ക് വേണ്ടിയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

2006ല്‍ ആണ് പ്ലാന്റ് സ്ഥാപിതമായത്. പ്ലാന്റ് സ്ഥാപിച്ചതിനു ശേഷമാണ് അടച്ചുപൂട്ടല്‍ ഭീഷണി ഒഴിവായത്. കമ്പനി അടച്ചു പൂട്ടല്‍ ഒഴിവാക്കണമെന്ന് തന്നോട് ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.

എറണാകുളത്തെ എല്ലാ ഫാക്ടറികള്‍ക്കും കൂടി ഏലൂരില്‍ ഒരു പ്ലാന്റും തിരുവനന്തപുരത്തെ ടൈറ്റാനിയത്തിനു വേണ്ടി ഒരു പ്ലാന്റും സ്ഥാപിക്കാനാണ് തീരുമാനിച്ചത്. ഇതില്‍ എറണാകുളത്തെ പ്ലാന്റ് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായി. ടൈറ്റാനിയം മാനേജ്‌മെന്റ് തയ്യാറാക്കിയ പ്രൊജക്ട് കാബിനറ്റില്‍ അംഗീകരിച്ചാണ് പ്ലാന്റ് നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ തിരഞ്ഞെടുത്തത്. അപ്പോഴേക്കും സര്‍ക്കാര്‍ മാറി.

പിന്നീട് വന്ന ഇടതുമുന്നണി സര്‍ക്കാരാണ് പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. വലിയ ആഘോഷത്തോടൊയിരുന്നു ഉദ്ഘാടനം. ഇടയ്ക്കുവെച്ച് കരാറുകാരന്‍ പണി നിര്‍ത്തിയതോടെയാണ് വലിയ നഷ്ടമുണ്ടായത് മുഖ്യമന്ത്രി വ്യക്തമാക്കി. പ്‌ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചതില്‍ അപാകമുണ്ടെങ്കില്‍ പിന്നീട് വന്ന സര്‍ക്കാര്‍ എന്തിനാണ് വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

അതേസമയം കേസില്‍ രമേശ് ചെന്നിത്തലയുടെ പേരില്‍ അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2006ല്‍ കേസ് ആദ്യം വന്നപ്പോല്‍ തന്റെയോ രമേശ് ചെന്നിത്തലയുടെയോ പേരുണ്ടായിരുന്നില്ല. രാമചന്ദ്രന്‍ മാസ്റ്ററുടെ ഒരു പത്രസമ്മേളനത്തിന്റെ പേരില്‍ മാത്രം ചെന്നിത്തലയെ കേസിലുള്‍പ്പെടുത്തിയതാണ്. മുഖ്യമന്ത്രി പറഞ്ഞു

ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണ്ടെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. ടൈറ്റാനിയം ഡയറക്ടര്‍ ബോര്‍ഡിന്റെ നടപടി ദുരൂഹമാണ്. സത്യം പുറത്തുകൊണ്ടു വരാന്‍ സമഗ്ര അന്വേഷണം വേണമെന്ന് കോടതി ആവശ്യപ്പെട്ടു.

ടൈറ്റാനിയം മാലിന്യ നിര്‍മാര്‍ജന പദ്ധതിയില്‍ അഴിമതി നടന്നുവെന്ന ഹരജിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിംകുഞ്ഞ്, മുന്‍ വ്യവസായ സെക്രട്ടറി ടി ബാലകൃഷ്ണന്‍, ടൈറ്റാനിയം മുന്‍ എം.ഡി ഈപ്പന്‍ ജോസഫ് അടക്കമുള്ള ഉദ്യോഗസ്ഥര്‍, കമ്പനി പ്രതിനിധികളായ ഡി. ബാസു, രാജീവന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയായിരുന്നു കോടതി ഉത്തരവ്.