| Friday, 22nd July 2016, 11:35 am

ടൈറ്റാനിയം അഴിമതി കേസ് : ടൈറ്റാനിയം കമ്പനിയില്‍ വിജിലന്‍സ് ഡയരക്ടറുടെ പരിശോധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ്ബ് തോമസ് ടൈറ്റാനിയം കമ്പനിയില്‍ നേരിട്ടെത്തി പരിശോധന നടത്തുന്നു. 2010 വരെ തുറക്കാതിരുന്ന കണ്ടെയ്‌നറുകള്‍ തുറന്നാണ് പരിശോധിക്കുന്നത്.

ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയിലാണ് വിജിലന്‍സ് ഡയരക്ടര്‍ നേരിട്ടെത്തി റെയ്ഡ് നടത്തുന്നത്. കണ്ടെയ്‌നറില്‍ പ്ലാന്റുമായി ബന്ധപ്പെട്ട് ഇറക്കുമതി ചെയ്ത സാമഗ്രികള്‍ കണ്ടെത്തിയതായാണ് വിവരം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ ആരോപണ വിധേയരായ ടൈറ്റാനിയം അഴിമതി കേസിലാണ് വിജിലന്‍സ് പരിശോധന തുടങ്ങിയത്.

ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ നേരിട്ടെത്തിയാണ് വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന.

2005ല്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് അന്വേഷണം.2011ല്‍ ഇറക്കുമതി ചെയ്ത മലിനീകരണ നിയന്ത്ര ഉപകരണങ്ങളാണ് സംഘം പരിശോധിച്ചത്.

256 കോടിയുടെ മലിനീകരണ നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ടൈറ്റാനിയം അഴിമതിക്കേസ്. മെക്കോണ്‍ എന്ന കമ്പനിയെ കണ്‍സല്‍ട്ടന്റാക്കിയാണ് ടൈറ്റാനിയത്തില്‍ 256 കോടിയുടെ മലിനീകരണ നിവാരണ പദ്ധതിക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുമതി നല്‍കിയത് 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ്.

120 കോടി വിറ്റുവരവുള്ള സ്ഥാപനത്തിന് 256 കോടിയുടെ പദ്ധതി നിശ്ചയിച്ചത് അഴിമതിക്കായി മാത്രമെന്നാണ് ആരോപണം . അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല, മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവര്‍ക്കെതിരെയാണ് ആരോപണം വന്നത്്. തുടര്‍ന്ന് വന്ന ഇടതു സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു .

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്‍ മന്ത്രിയായ കെ കെ രാമചന്ദ്രന്റെ വെളിപ്പെടുത്തലോടെ ടൈറ്റാനിയം രാഷ്ട്രീയ വഴിത്തിരിവിലായി. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വി കെ ഇബ്രാഹിം കുഞ്ഞിനെയും പ്രതിസ്ഥാനത്ത്് നിര്‍ത്തിയായിരുന്നു കെ കെ രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍.

ഹൈക്കോടതി സ്റ്റേ നീക്കിയതോടെ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവനുസരിച്ച് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട്്് സമര്‍പ്പിക്കാന്‍ വിജിലന്‍സ് നിര്‍ബന്ധിതരാവുകായിരുന്നു. ഇരുവരെയും ഒഴിവാക്കിയ വിജിലന്‍സ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു.

മെക്കോണ്‍ എന്ന കമ്പനിക്ക്്് മലിനീകരണ നിയന്ത്രണ പദ്ധതിയുടെ കരാര്‍ നല്‍കിയതില്‍ 127 കോടിയുടെ നഷ്ടമുണ്ടായെന്നായിരുന്നു വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.

2001ലെ ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് എ ഡി ദാമോദരന്‍ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം ആവിഷ്‌കരിച്ച 108 കോടിയുടെ മലിനീകരണ പദ്ധതി അട്ടിമറിച്ചാണ് 256 കോടിയുടെ മെക്കോണ്‍ പദ്ധതിക്കു വേണ്ടി ഉമ്മന്‍ ചാണ്ടി കരുക്കള്‍ നീക്കിയതെന്നാണ് ആരോപണം. വ്യക്തമായ പരിശോധനകളൊന്നും കൂടാതെയാണ് ഈ പദ്ധതിക്ക് അനുമതി നല്‍കിയതെന്നായിരുന്നു ആരോപണം.

We use cookies to give you the best possible experience. Learn more