തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിക്കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നെന്ന് പ്രതിപക്ഷം നിയമസഭയില്‍.
വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷത്ത് നിന്നും എളമരം കരീം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് അനുമതി ചോദിച്ചത്.
വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ വിജിലന്‍സ് തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍ കേസില്‍ പുതിയ എഫ്.ഐ.ആര്‍ ഇടാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഈ കേസില്‍ ഒരു മന്ത്രിമാരും പ്രതികളല്ലെന്നും ചെന്നിത്തല സഭയില്‍ പറഞ്ഞു.
അതേസമയം അടിയന്തര പ്രമേയം അനുവദിക്കുന്ന വിഷയത്തില്‍ സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷ രംഗത്തെത്തി. നിയമസഭയില്‍ മൂന്നാം ദിവസവും ഇത് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി.
അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാതെ സ്പീക്കര്‍ പറ്റിച്ചെന്ന് സി.പി.ഐ.എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
എന്നാല്‍, ചെയര്‍ പറ്റിക്കാറില്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ബുധനാഴ്ച അനുമതി നല്‍കിയിരുന്നില്ലെന്നും സ്പീക്കര്‍ എന്‍. ശക്തന്‍ സഭയെ അറിയിച്ചു. കോടിയേരിയുടെ പരാമര്‍ശം വിവാദമായതോടെ സഭാ രേഖകളില്‍ നിന്ന് നീക്കി.
കോഴ ആരോപണമുള്ള മന്ത്രിമാരെ കുറിച്ച് നടക്കുന്ന അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു.
ഈ നോട്ടീസ് സ്പീക്കര്‍ പരിഗണിച്ചില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. സ്പീക്കര്‍ വാക്ക് പാലിച്ചില്ലെന്ന് കോടിയേരി പറഞ്ഞു.
എന്നാല്‍, അടിയന്തര പ്രമേയം ശ്യൂനവേളയിലാണ് പരിഗണിക്കുന്നതെന്നും പ്രമേയം അവതരിപ്പിക്കാന്‍ അനുവാദം നല്‍കുമെന്ന് ബുധനാഴ്ച പറഞ്ഞിട്ടില്ലെന്നും എന്‍. ശക്തന്‍ വ്യക്തമാക്കി.