ലോക സിനിമാ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ടൈറ്റാനിക്. ജെയിംസ് കാമറൂണ്‍ കഥയും, തിരക്കഥയും, സംവിധാനവും നിര്‍വഹിച്ച ടൈറ്റാനിക് 1997ലായിരുന്നു റിലീസിനെത്തിയത്.
ആര്‍.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി നിര്‍മിച്ച ഈ ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. കപ്പല്‍ അറ്റ്ലാന്റിക് കടലിലെ മഞ്ഞുമലയിലിടിച്ച് മുങ്ങിത്താഴുന്നതും ഇതിനിടയില്‍ റോസിന് തന്റെ ജാക്കിനെ നഷ്ടമാകുന്നതുമായിരുന്നു സിനിമയുടെ കഥ.
ജാക്ക് എന്ന നായക കഥാപാത്രമായി ലിയോനാര്‍ഡോ ഡികാപ്രിയോയും റോസ് എന്ന കഥാപാത്രമായി കേറ്റ് വിന്‍സ്‌ലെറ്റുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ജാക്കിന്റെയും റോസിന്റെയും നഷ്ടപ്രണയമായിരുന്നു കാമറൂണ്‍ തന്റെ സിനിമയിലൂടെ പറഞ്ഞത്.
ടൈറ്റാനിക്കില്‍ ഏറെ ചര്‍ച്ചായായ ഒന്നായിരുന്നു അതില്‍ അവസാന ഭാഗത്ത് റോസ് രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന വാതിലിന്റെ കഷ്ണം. കടലില്‍ മുങ്ങിത്താഴുന്ന റോസിനെ ജാക്ക് ആ വാതിലിന്റെ കഷ്ണത്തില്‍ കിടത്തുകയും അവള്‍ രക്ഷപ്പെടുകയുമാണ് ചെയ്യുന്നത്.
എന്നാല്‍ ജാക്ക് ആ കടലില്‍ കിടന്ന് മരണപ്പെടും. റോസിന് ആ വാതിലില്‍ ജാക്കിനെ കൂടെ കയറ്റിയിരുന്നെങ്കില്‍ അവന്‍ രക്ഷപ്പെട്ടേനെയെന്ന് പലരും ഈയടുത്ത് പോലും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ ഈ വാതില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.
ട്രഷേഴ്സ് ഫ്രം പ്ലാനറ്റ് ഹോളിവുഡിന്റെ ലേലത്തിന് പിന്നാലെയാണ് ഈ വാതില്‍ വീണ്ടും ശ്രദ്ധേയമാകുന്നത്. വന്‍ തുകക്കാണ് ലേലത്തില്‍ വാതില്‍ വിറ്റുപോയത്. 7,18,750 ഡോളറാണ് വാതിലിന് ലഭിച്ചത്.
ഇന്ത്യന്‍ രൂപയില്‍ നോക്കുകയാണെങ്കില്‍ ഏകദേശം ആറ് കോടിയോളമുണ്ടാകും. ടൈറ്റാനിക്കില്‍ റോസ് ധരിച്ച ഷിഫോണ്‍ വസ്ത്രത്തിന് ലേലത്തില്‍ നേടാന്‍ കഴിഞ്ഞത് 125,000 ഡോളറാണ്. ഏകദ്ദേശം ഒരു കോടി രൂപ.
Content Highlight: Titanic Door That Saved Rose Auctioned For Over 6 Crore