| Monday, 23rd May 2022, 8:04 pm

പതിനൊന്നാമത്തെ സ്ത്രീയും പന്ത്രണ്ടാമത്തെ പുരുഷനും

റ്റിസി മറിയം തോമസ്

‘ആറ് സ്ത്രീകളും അഞ്ച് പുരുഷന്മാരും’ ഇതില്‍ എന്തോ പന്തികേടുണ്ടല്ലോ എന്ന മലയാളിയുടെ പ്രഥമ ദൃഷ്ട്യാലുള്ള പങ്കാളി സദാചാരമുണ്ടല്ലോ, അതാണ് 12th മാന്‍ എന്ന സിനിമ. പതിനൊന്ന് പേരും കോളേജ് കാലം മുതലുള്ള കടുത്ത സുഹൃത്തുക്കളാണെന്നും ആ സൗഹൃദം തുടരാന്‍ വേണ്ടി അവര്‍ എല്ലാവരും അയല്‍പക്കക്കാരായി ജീവിക്കുന്നവരാണെന്നും ആദ്യമേ പറഞ്ഞുവെച്ചിട്ടുണ്ട്.

ഇവരെ ഒന്നിച്ചു പതിനൊന്നു പേരായി കാണുന്നതിനപ്പുറം ആറു വ്യത്യസ്തരായ സ്ത്രീകളായി സിനിമ അവതരിപ്പിക്കുകയും അവരുടെ നിലപാടുകളിലൂടെ ഒരു കുറ്റാന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നതാണ് കഥ. മറ്റു അഞ്ചു പുരുഷന്മാര്‍ക്കും സപ്പോര്‍ട്ടീവായ റോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സിനിമയെക്കുറിച്ചു പിന്നീട് ആലോചിക്കുമ്പോള്‍ തോന്നുന്നു.

 12th മാന്‍ സിനിമ മുന്നോട്ടു വെക്കുന്ന പ്രമേയത്തിലെ പ്രശ്‌നകരമായ മൂന്നു ഘടകങ്ങളാണ് കേരളത്തിന്റെ പുരോഗമനബോധത്തെ ചോദ്യം ചെയ്യുന്നത്. ഒന്ന്, ഒരു വ്യക്തിയുടെ പൊതു-സ്വകാര്യജീവിതങ്ങളിലേക്ക് എത്രമാത്രം സമൂഹത്തിന് പ്രവേശനമുണ്ട്? രണ്ട്, ആണ്‍- പെണ്‍ സൗഹൃദത്തില്‍ ലൈംഗിക ബന്ധം ഉണ്ടാകുമ്പോള്‍ സംഭവിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ്. മൂന്ന്, പതിവ് ഫോര്‍മുലയായ പെണ്ണിന്റെ പാതിവ്രത്യവും സദാചാരവുമാണ്.

ഒന്ന്; സ്വാതന്ത്ര്യം സ്വകാര്യത മൗലിവാവകാശം

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21, ഏതൊരു വ്യക്തിക്കും സ്വകാര്യതക്കുള്ള അവകാശം മുന്നോട്ടു വെക്കുന്നുണ്ട്. ഓഗസ്റ്റ് 2017ലെ പ്രശസ്തമായ പുട്ടസ്വാമി സുപ്രീംകോടതി വിധിയോടനുബന്ധിച്ചു നടന്ന ചര്‍ച്ചകള്‍, വ്യക്തിയുടെ സ്വകാര്യത ഒരു സ്വാഭാവിക അവകാശമാണെന്ന് ചില നിബന്ധനകളോടെ വീണ്ടും ഉറപ്പു വരുത്തുന്നുണ്ട്. വ്യക്തിപരമായ സ്വകാര്യത നിയമത്തിന്റെ അധികാരപരിധിക്കുള്ളിലായിരിക്കണം, അതാതു ഭരണകൂടത്തിന്റെ ഉചിതമായ താല്പര്യത്തിനും ജനാധിപത്യത്തിനും നിരക്കുന്നതുമായിരിക്കണം. വ്യക്തികളുടെ സ്വകാര്യവ്യവഹാരങ്ങളെ സംബന്ധിച്ച് നാഴികക്കല്ലായ ചരിത്രവിധിയായിരുന്നു അത്.

ഈ അവകാശം നടപ്പിലാക്കാന്‍ ഘടനാപരവും സുതാര്യവും തുറന്നതുമായ ഭരണഘടനാമാറ്റങ്ങള്‍ കോടതി മുന്നോട്ടു വെയ്ക്കുന്നുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുള്ള കരുതലും സൂക്ഷ്മബോധവും, കാര്യബോധമുള്ള നിലപാടുകളിലേക്കെത്താനും അനവധാനപരമായ പിശകുകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും നിര്‍ദ്ദേശിച്ചു. വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ ജൂലൈ 2018ലെ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റും (2000) രൂപപ്പെട്ടു.

ഭരണഘടനയും നിയമവ്യവസ്ഥയും വ്യക്തിസ്വകാര്യതയെ പിന്തുണക്കുന്നുണ്ട്. എന്നാല്‍, വ്യക്തികളുടെ സ്വകാര്യത നിലനിറുത്തേണ്ട പ്രക്രിയയില്‍ നിയമവും സാമൂഹ്യ- സംസ്‌കാരിക മൂല്യങ്ങളും രണ്ടു തട്ടിലാണിപ്പോഴും. മതങ്ങളോ ജാതികളോ നിര്‍വചിക്കുന്ന മൂല്യബോധവും ഭരണഘടനാനുസൃതമായ സ്വാതന്ത്ര്യാവകാശവും സാമൂഹ്യജീവിതത്തെ സംഘര്‍ഷഭരിതമാക്കുന്നുണ്ട്.

12th മാന്‍ എന്ന സിനിമ ചിത്രീകരിക്കുന്നത് പല അടുക്കുകളിലുള്ള ഇത്തരം അനവധി സംഘര്‍ഷങ്ങളാണ്. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ, എന്നാല്‍ വിവാഹ മോചിതയല്ലാത്ത ഫിദ എന്ന സ്ത്രീയുടെ ലിബറല്‍ മനോഭാവം അവളെ പതിനൊന്നാം വ്യക്തിയായി മാറ്റി നിര്‍ത്തികൊണ്ടാണ് സിനിമയുടെ മുഖ്യ ആഖ്യാനം ആരംഭിക്കുന്നതു തന്നെ. അവള്‍ മാത്രമാണ് കൂട്ടത്തില്‍ പുക വലിക്കുകയും തനിയെ ഇരിക്കുകയും തുറന്ന ശരീരഭാഷയില്‍ പെരുമാറുകയും ചെയ്യുന്നത്. അവള്‍ക്കു മാത്രമാണ് കൂട്ടത്തിലെ വിവാഹിതനായ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധമുണ്ടെന്ന് വ്യംഗമായി ധ്വനിപ്പിക്കുകയും ചെയ്യുന്നത്.

കൂട്ടത്തിലെ ഭാര്യമാരായ മറ്റു അഞ്ചു സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി, ഫിദ പൊതുവെ സന്തോഷവതിയും തീരുമാനങ്ങളെടുക്കാന്‍ കെല്‍പ്പുള്ളവളുമാണ്. അത് കൊണ്ടൊക്കെ ആദ്യം തന്നെ അവളെ കാണികള്‍ അജ്ഞാതവും പരിചിതമല്ലാത്തതുമായ ഒട്ടനവധി പെരുമാറ്റങ്ങളുള്ളവളായി ഒറ്റ തിരിച്ചു നിര്‍ത്തുന്നു.

ഇത് പോലെ വിവാഹബന്ധത്തില്‍ നിന്നും ഒറ്റ തിരിക്കപ്പെട്ട, ജോഡിയില്ലാത്ത ഒട്ടനവധി പെണ്ണുങ്ങള്‍ നമ്മുടെ കുടുംബങ്ങളിലും ജോലി സ്ഥലത്തും സൗഹൃദങ്ങളിലുമുണ്ട്. അവരോട് സമൂഹം പുലര്‍ത്തുന്ന വിവേചനപരവും അമിതവുമായ കൗതുകം വളരെ പ്രകടമാണ്. ഈ തരത്തിലുള്ള എന്തു ഒളിഞ്ഞുനോട്ട ഭാവനയും കാണികള്‍ക്കു ഫിദയുടെ കഥാപാത്രത്തോടും ആകാവുന്നതാണെന്ന മട്ടിലാണ് ഈ കഥാപാത്ര സൃഷ്ടി.

തന്റെ സ്വകാര്യ ജീവിതത്തിന്റെ സദാചാര അളവുകോല്‍, യാഥാസ്ഥിതിക കുടുംബമൂല്യങ്ങളില്‍ നിന്ന് അളക്കാന്‍ അവളുടെ അഞ്ചു പങ്കാളി സുഹൃത്തുക്കള്‍ ശ്രമിച്ചപ്പോഴാണ്, ഫിദ അവരുടെ രഹസ്യങ്ങള്‍ പരസ്യമാക്കാന്‍ വെല്ലുവിളിച്ചത്. അവളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തുന്ന കുലസ്ത്രീ- പുരുഷന്മാര്‍ക്ക് അവിടെ സ്വയം വെളിപ്പേടേണ്ടി വരുന്നു. അടുത്ത ഒരു മണിക്കൂര്‍, ഏതു കോളും പ്രൈവറ്റ് മെസ്സേജും പരസ്യമാക്കിയേ പറ്റൂ എന്ന അവളുടെ നിര്‍ദേശം അവര്‍ക്ക് ഒന്നിച്ചു തള്ളിക്കളയാമായിരുന്നിട്ടും, ‘എനിക്കൊന്നും ഒളിക്കാനില്ല’ എന്ന കുടുംബത്തിന്റെ കപടമൂല്യങ്ങളില്‍ അവര്‍ക്കു ഉറച്ചു നില്‍ക്കേണ്ടി വരുന്നു.

കുടുംബവും വിവാഹിതരായ പങ്കാളികളും എപ്പോഴും പുറം ലോകത്തിനു മുന്നില് തങ്ങളുടെ സുതാര്യത പ്രദര്ശിപ്പിച്ചുകൊണ്ടേയിരിക്കണമെന്ന നിര്‍ബന്ധം വ്യക്തിസ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിടുന്നതാണ്.

കുടുംബത്തിനുള്ളില്‍ സ്വകാര്യതയും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കാവുന്ന സാഹചര്യത്തില് പങ്കാളികളും കുഞ്ഞുങ്ങളും മറ്റു കുടുംബ- സൗഹൃദബന്ധങ്ങളും കൂടുതല്‍ ഊഷ്മളതയുള്ളതാകും. കുടുംബത്തിനുള്ളിലും പുറത്തും ഒരാള്‍ക്ക് അയാളായി തന്നെ ആയിരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്വയം പ്രകാശിക്കാനുള്ള സ്വകാര്യ ഇടങ്ങള്‍ ഉണ്ടാവുകയെന്നത് പ്രധാനമാണ്. ഈ വിടവുകളിലേക്കാണ് സിനിമയുടെ അടിസ്ഥാന പ്രമേയം പ്രവേശിക്കുന്നത്.

തന്റെ പങ്കാളിക്ക് രഹസ്യങ്ങളുണ്ടെന്നു സ്വയം വിശ്വസിക്കുകയും എന്നാല്‍ അങ്ങനെ പരസ്പരം ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നു അവര്‍. അന്വേഷണം പുരോഗമിക്കുന്തോറും കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെപോലും അന്യോന്യം പിന്തുണക്കുന്നതും കുടുംബമൂല്യങ്ങളുടെ വലിയ ഭാരം പേറുന്നത് കൊണ്ടാണ്.

(ഇതില്‍ നിന്നും വ്യത്യസ്തമായി കേസന്വേഷണത്തില്‍ യുക്തിസഹജമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന ഗൈനക്കോളിസ്റ്റായ നയന യാഥാസ്ഥിതിക മൂല്യങ്ങളില്‍ നിന്നും മാറി സഞ്ചരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്)

രണ്ട്; ആണ്‍- പെണ്‍ സൗഹൃദങ്ങളുടെ പരിധികള്‍

സൗഹൃദത്തെക്കുറിച്ചാണ് ഈ സിനിമ. ആണ്‍-പെണ്‍ സൗഹൃദത്തെ നമ്മുടെ സമൂഹം ലൈംഗിക സദാചാരത്തിന്റെ കണ്ണിലൂടെ മാത്രമേ ഇപ്പോഴും കാണുന്നുള്ളൂ. കേരളത്തിലെ ഒരു ഫൈവ് സ്റ്റാര്‍ ബാറില്‍ വന്ന വിദേശി ‘കേരളത്തില്‍ സ്വര്‍ഗാനുരാഗികള്‍ക്കു മാത്രമായി ബാറുകളുണ്ടോ’ എന്ന് അതിശയിച്ചെന്ന് ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു. പോയ ബാറുകളിലൊന്നും അയാള്‍ സ്ത്രീകളെ കാണാത്തതുകൊണ്ടാണ് ഇങ്ങനെ സംശയിച്ചത്. ഒരു തരത്തില്‍ കേരളം സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍ക്ക് വളരെ അനുകൂലമാണെന്ന് ഒരു ഗേ സുഹൃത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. പുരുഷന്മാര്‍ തമ്മില്‍ പ്രണയമാണെന്നും അടുത്ത ബന്ധമാണെന്നും അറിയുന്നത് വരെ കേരളം ഗേ സേഫ് ആണത്രേ.

പുരുഷന്മാര്‍ക്ക് രാവും പകലും സൈ്വര്യ വിഹാരം നടത്താന്‍ പാകത്തിനാണ് നമ്മുടെ പൊതു ഇടങ്ങള്‍. സ്ത്രീകളുടെ പബ്ലിക് സാന്നിദ്ധ്യം- അത് പുരുഷനോടൊപ്പമോ, അല്ലാതെയോ, പൊതുസമൂഹത്തെ ചൊടിപ്പിക്കും. സ്ത്രീയും പുരുഷനും സൗഹൃദത്തിലേര്‍പ്പെട്ടാല്‍ അത് ‘മറ്റേ പരിപാടിക്ക്’ മാത്രമാണെന്ന മനോഭാവമുള്ള ഇന്നത്തെ സാമൂഹ്യാവസ്ഥയില്‍ തന്നെയാണ് ഈ വിഷയം ഇവിടെ പറയുന്നത്.

ആണ്‍- പെണ്‍ സൗഹൃദം പാടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പരിധിയെവിടം വരെയാണ്? ശാരീരിക അടുപ്പമില്ലെങ്കില്‍ സൗഹൃദമാകാമോ? അതോ ശാരീരിക അടുപ്പത്തിന് മാത്രമാണോ സൗഹൃദം? ആണ്‍- പെണ്‍ സൗഹൃദത്തെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങള്‍ മുതല്‍ ഈ കാര്യത്തില്‍ സംസാരിച്ചു തുടങ്ങേണ്ടതുണ്ട്.

അടുത്ത വിഷയം, വിവാഹപൂര്‍വ സൗഹൃദം, വിവാഹേതര സൗഹൃദം ഇവയൊക്കെയാണ്. എന്ന് വെച്ചാല്‍ വിവാഹമെന്ന, ഒട്ടും സൗഹാര്‍ദപരമല്ലാത്ത ക്രമീകരിക്കപ്പെട്ട വ്യവസ്ഥിതിക്കു മുന്‍പും പിന്‍പും ആണ്‍- പെണ്‍ സൗഹൃദത്തിന്റെ സ്വഭാവം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നാണ്. വിവാഹശേഷ തിരക്കുകള്‍, പ്രതീക്ഷകള്‍, ഉത്തരവാദിത്തങ്ങള്‍, ഗര്‍ഭം, പ്രസവം, കുഞ്ഞുങ്ങളെ വളര്‍ത്തല്‍ എന്നിവയില്‍ പെട്ടു മിക്കവര്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, സൗഹൃദത്തിനൊന്നും മെനക്കെടാന്‍ തന്നെ കഴിയാറില്ല.

അതിനൊക്കെ പുറമെ സുഹൃത്തുക്കളുണ്ടാവുന്നത് ഒരു തരത്തിലുള്ള സ്വയാന്വേഷണമാണ്. കൂടുതല്‍ മികച്ച എന്നെ കണ്ടെത്തലാണ്. ആ യാത്രയില്‍ കൂട്ട് തേടലാണ്. ഏതു തിരക്കുകളിലും ഏതവസ്ഥയിലും ആണായാലും പെണ്ണായാലും സുഹൃത്തുക്കളുമായി സംവദിക്കുകയെന്നത് ഒരാളുടെ അതിജീവനത്തിന്റെ ആവശ്യം കൂടെയാണ്.

സൗഹൃദമെന്നത് പക്വതയുടെയും ഉത്തരവാദിത്തത്തിന്റെയും കൂടെ ലക്ഷണമായിരിക്കെ അത് ആത്മീയമോ ലൈംഗികമോ കായികമോ സാമൂഹ്യമോ എന്നുള്ളത് അവരവര്‍ക്കു തീരുമാനിക്കാന്‍ വിടുന്നതാവും ഉത്തമം. പക്ഷെ, സിനിമയില്‍ അത്തരമൊരു സൗഹൃദം, ഗര്‍ഭം- അബോര്‍ഷന്‍ എന്നിവയിലേക്കും, മറ്റൊന്ന് മൊബൈല്‍ വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിക്കലിലേക്കും, അത് പിന്നീട് കൊലപാതകത്തിലേക്കും എത്തിയിട്ടുണ്ട്. ഇവിടെയാണ് നിയമവും ഭരണകൂടവും കടന്നുവരുന്നത്. ഏതൊരു കുറ്റകൃത്യവും പോലെ അക്രമം നിയമപരമായി നേരിടേണ്ടതാണ്.

പക്ഷെ ആണ്‍ -പെണ്‍ സൗഹൃദം ലൈംഗിക ബന്ധത്തിലേക്കെത്തിപ്പെടുന്നതും അത് ശിക്ഷാര്‍ഹമാവുന്നതുമായി ചിത്രീകരിക്കുന്നത് ആണ്‍കോയ്മാ മൂല്യങ്ങളുടെ സദാചാരനിലപാടാണ്. കുടുംബിനിയും ഭര്‍തൃമതിയുമായ ഒരു സ്ത്രീയുടെ, പുരുഷനുമായുള്ള സൗഹൃദം വലിയ വിപത്തുകള്‍ മാത്രമേ വരുത്തിവെക്കൂ, എന്ന സ്ഥിരം ആശങ്ക തന്നെയാണ് ഈ സിനിമയും പറഞ്ഞുവെക്കുന്നത്. ടെലിസീരിയലുകളില്‍ എന്നും കണ്ടുശീലിച്ച ‘അവിഹിതം’ എന്ന ‘കുറ്റകൃത്യ’ത്തിനപ്പുറം സൗഹൃദത്തെ സുന്ദരമാക്കാനും സ്വാഗതം ചെയ്യാനും വെള്ളിത്തിരയുടെ ഭാവനക്ക് കഴിയേണ്ടതുണ്ട്.

മൂന്ന്; മാറ്റങ്ങളറിയാത്ത ഗര്‍ഭമെന്ന പതിവു കുറ്റം

12th മാനിലെ സ്ത്രീ കഥാപാത്രങ്ങളുടെ പിരിമുറുക്കം കൂടിയത് അതിലൊരാള്‍ മുന്‍പ് സ്വന്തം ഭര്‍ത്താവിനാലല്ലാതെ ഗര്‍ഭിണിയാവുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്നു അറിഞ്ഞപ്പോഴാണ്. ഗര്‍ഭത്തിന്റെ ഉത്തരവാദിയായ പുരുഷന് പ്രതിശ്രുത വധുവിനെ മാത്രം ബോധ്യപ്പെടുത്തേണ്ടപ്പോള്‍ മറ്റു അഞ്ചു സ്ത്രീകളും ‘സംശയത്തിന്റെ’ നിഴലിലായി. ‘നിങ്ങള്‍ക്ക് എന്നെ സംശയമുണ്ടോ’ എന്ന ആകുലതയും സമ്മര്‍ദ്ദവും അവര്‍ ഭര്‍ത്താക്കന്മാരോട് പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു.

സ്ത്രീ സ്വന്തം ഭര്‍ത്താവിനാലല്ലാതെ ഗര്‍ഭിണിയായി എന്നുള്ളത് വളരെ വലിയൊരു കുറ്റമായി വീണ്ടും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്.‘ആരാണിവിടെ ഗര്‍ഭിണി’ എന്നത് സ്ത്രീയുടെ മാത്രം ചോദ്യമായി അവശേഷിക്കുന്നു. ആ സംശയനിവാരണമെന്ന വലിയ ഭാരം സ്ത്രീകളുടെ ചാരിത്ര്യശുദ്ധിയാണ് കാണിക്കുന്നത്. പാതിവ്രത്യവും ലൈംഗിക വിശുദ്ധിയും ദാമ്പത്യത്തിന്റെ അടിസ്ഥാന ശിലകളായി കാത്ത് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം സ്ത്രീകള്‍ക്കാണ്.

ഈ സിനിമയുടെ പ്രമേയം ചുറ്റിത്തിരിയുന്നത് എന്നോ തേഞ്ഞുമായേണ്ട ഇത്തരം പഴഞ്ചന്‍ തോന്നലുകളെ ഊതിപ്പെരുപ്പിച്ചാണ്. ഏകഭാര്യാത്വം/ ഭര്‍തൃത്വം (മോണോഗാമി), ബഹുഭാര്യാത്വം/ ഭര്‍തൃത്വം (പോളിഗാമി) എന്നിവയൊക്കെ സാമൂഹ്യ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. വിഭിന്നമായ ലൈംഗികാഭിമുഖ്യങ്ങളും താല്പര്യങ്ങളും അതിനനുസൃതമായ നിയമ നിര്‍മാണങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഈ കാലത്തു സ്ത്രീകളെ ‘സംശയിക്കുന്ന’ ‘യോയോ’ ഭര്‍ത്താക്കന്മാരെ പുനസൃഷ്ടിക്കുന്ന പ്രവണത ആശാസ്യമല്ല.

ആറു സ്ത്രീകളില്‍ ഏറ്റവും യാഥാസ്ഥിതിക മൂല്യങ്ങള്‍ പങ്കുവെക്കുകയും വേഷവിധാനം നടത്തുകയും ചെയ്ത മെറിനാണ് കുലസ്ത്രീപാരമ്പര്യത്തെ വിറപ്പിച്ചത് എന്നുള്ളത് പ്രമേയത്തിലെ ഒരു കുതിച്ചുചാട്ടമായിരുന്നു. ഒരാള്‍ പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള വൈരുദ്ധ്യം തികച്ചും വ്യക്തിപരമായിത്തന്നെ നിരീക്ഷിക്കേണ്ടതുണ്ടതെന്നും സിനിമ പറയുന്നു.

കൊലപാതകത്തിന് ഇരയായ ഷൈനിയുടെ മാനസിക രോഗാവസ്ഥയും ഗര്‍ഭധാരണത്തിന് കഴിയാത്തതും അവളോടുള്ള വിവേചനത്തിനു കാരണമാകുന്നത് അവര്‍ സ്ത്രീയായതു കൊണ്ടാണ്. വൈദ്യ ശാസ്ത്രവും മനഃശാസ്ത്രവും സാമൂഹ്യ മൂല്യങ്ങളുമൊക്കെ ഒന്ന് ചേര്‍ന്ന് നിയമം അനുശാസിക്കുന്ന വ്യക്തിസ്വകാര്യതയെ ഭേദിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ഇരകളാകുന്നത് അപ്പോഴും സ്ത്രീകളാണ്.

12th മാന്‍ സിനിമയിലെ ഏറ്റവും മനോഹരമായ നിമിഷം, കുറ്റകൃത്യം തെളിയിച്ചതിനു ശേഷം സദാചാര കമന്റുകള്‍ നടത്താതെ നീങ്ങുന്ന ചന്ദ്രശേഖറിന്റെ ദൃശ്യമാണ്. ഇപ്പോഴത്തെ സ്ത്രീയും പുരുഷനും തുറന്ന ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സംഭവിക്കുന്ന സംസ്‌കാരികമായ ആധിയാണ് 12th മാന്‍.

Content Highlight: Tissy Mariyam Thomas writes about 12th man movie

റ്റിസി മറിയം തോമസ്

എഴുത്തുകാരി, കേരള സർവകലാശാല മന:ശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ. ജെൻഡർ സ്റ്റഡീസ്, സോഷ്യൽ കൾച്ചറൽ സൈക്കോളജി, മാനസികാരോഗ്യം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്നു. ഇറങ്ങിനടപ്പ്, പെൺവഴി (എഡിറ്റർ), പെണ്ണിര (എഡിറ്റർ), ലിംഗ പദവി (എഡിറ്റർ) എന്നിവ പ്രധാന കൃതികൾ.

We use cookies to give you the best possible experience. Learn more