| Friday, 19th April 2024, 5:35 pm

രാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു, പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തു; ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പാര്‍ലമെന്റ് പ്രതിഷേധത്തില്‍ പങ്കെടുത്തതിന് മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ (ടി.ഐ.എസ്.എസ്) മലയാളി വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍. ഗവേഷക വിദ്യാര്‍ത്ഥിയായ രാംദാസിനെ രണ്ട് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.

വയനാട് സ്വദേശിയായ രാംദാസ് ടി.ഐ.എസ്.എസില്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്.

വിദ്യാര്‍ത്ഥിയോട് ക്യാമ്പസിനകത്ത് പ്രവേശിക്കരുതെന്ന് സര്‍വകാലാശാല നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യദ്രോഹ പ്രവര്‍ത്തനം ഉള്‍പ്പടെ നടത്തി എന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥിക്കെതിരെ സര്‍വകലാശാല നടപടി എടുത്തത്. നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് രാംദാസ് അറിയിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യുക, ദേശീയ അവാര്‍ഡ് നേടിയ രാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ നേതൃത്വം നല്‍കുക എന്നിവ സര്‍വകലാശാലയുടെ ചട്ടങ്ങളുടെ ലംഘനമാണെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ദല്‍ഹിയിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജനുവരിയില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ചിലാണ് രാംദാസ് പങ്കെടുത്തത്.

സര്‍വകലാശാലക്ക് കീഴിലുള്ള മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നേടുന്നതിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആരോപണങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിക്ക് നേരത്തെ സര്‍വകലാശാല നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തത്.

Content Highlight: TISS Mumbai suspends student for two years for participating in protests

We use cookies to give you the best possible experience. Learn more