ഹൈദരാബാദ്: ഹോസ്റ്റല്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഹൈദരാബാദിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍. ഹോസ്റ്റല്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചത് സാധാരണക്കാരായ വിദ്യാര്‍ഥികളെ പഠനം അവസാനിപ്പിക്കേണ്ട അവസ്ഥയിലെത്തിച്ചിരിക്കുകയാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
കോളജ് സ്റ്റുഡന്റ്‌സ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. നിലവില്‍ ഹോസ്റ്റല്‍ സൗകര്യം ലഭിക്കണമെങ്കില്‍ വിദ്യാര്‍ഥികള്‍ ആറുമാസത്തെ ഫീസിനത്തില്‍ 54650 രൂപ ഒരുമിച്ച് അടയ്ക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിദ്യാര്‍ഥികള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്.
‘പുതിയൊരു ക്യാമ്പസിലേക്ക് ഷിഫ്റ്റ് ചെയ്തു. ഇവിടെയുള്ള ഹോസ്റ്റല്‍ സൗകര്യങ്ങളും ഫീസും വളരെ കൂടുതലാണ്. സാധാരണ കുടുംബത്തില്‍ നിന്നുവരുന്ന കുട്ടിയ്ക്ക് താങ്ങാന്‍ കഴിയാത്തതാണിത്. നേരത്തെ മാസാമാസമായിരുന്നു ഫീസ് അടച്ചിരുന്നത്. എന്നാലിപ്പോള്‍ ആറുമാസത്തെ അല്ലെങ്കില്‍ ഒരു വര്‍ഷത്തെ ഫീസ് ഒരുമിച്ച് അടയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ ടിസിലെ വിദ്യാര്‍ഥിയായ അമൃത ഡൂള്‍ന്യൂസിനോടു പറഞ്ഞു.
പുതിയ സെമസ്റ്റര്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ഇമെയില്‍ വഴിയാണ് ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ച കാര്യം വിദ്യാര്‍ഥികള്‍ അറിയിച്ചത്. പുതിയ ഫീസ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുവരുന്ന പ്രത്യേകിച്ച് പട്ടികജാതി ദളിത് വിദ്യാര്‍ഥികളെ പെരുവഴിയിലാക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
കഴിഞ്ഞദിവസം രാത്രി ടിസിലെ ചില വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ പ്രവേശനം നിഷേധിച്ച അവസ്ഥയുമുണ്ടായി. ‘ വെക്കേഷന് ശേഷം തിരിച്ചുവന്ന എന്നെയും മൂന്ന് സുഹൃത്തുക്കളേയും ഹോസ്റ്റല്‍ ഗേറ്റിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ല. താമസിക്കാന്‍ ഒരു ഫ്‌ളാറ്റ് കിട്ടിയത് ഭാഗ്യമായി. പക്ഷേ ഇതൊരിക്കലും അംഗീകരിക്കാനാവില്ല.’ കഴിഞ്ഞദിവസം ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥി പറയുന്നു.