മുംബൈ: ഭഗത് സിങ്ങിന്റെ 92ാം രക്തസാക്ഷിത്വ വാര്‍ഷികവുമായി ബന്ധപ്പെട്ടുള്ള അനുസ്മരണ പ്രഭാഷണത്തിന് അനുമതി നിഷേധിച്ച ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ബംഗ്ലാവിന് മുന്നിലായിരുന്നു പ്രതിഷേധം. ചൊവ്വാഴ്ചയും ബുധനാഴ്ചയും രാത്രി ഒമ്പത് മുതല്‍ 12 മണി വരെയായിരുന്നു വിദ്യാര്‍ഥികളുടെ സമരം. പ്രോഗസീവ് സ്റ്റുഡന്റ്‌സ് ഫോറം അംഗങ്ങളും ഭഗത് സിങ് അനുസ്മരണ പരിപാടിയുടെ സംഘാടകരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കാനിരുന്ന പരിപാടിക്കുള്ള അനുമതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ നിഷേധിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഭഗത് സിങ് രക്തസാക്ഷിത്വ ദിനവുമായി ബന്ധപ്പെട്ട് അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പരിപാടിക്കുള്ള അനുമതി നിഷേധിച്ചതിലൂടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും രജിസ്ട്രാറും ഭഗത് സിങ്ങിനെ അപമാനിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.
‘ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ അനുസ്മരണ പരിപാടിക്കായി മുന്നൊരുക്കങ്ങള്‍ നടത്തി വരികയായിരുന്നു. യാതൊരു കാരണവും പറയാതെയാണ് അവസാന നിമിഷത്തില്‍ പരിപാടിക്കുള്ള അനുമതി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ നിഷേധിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ വെടിഞ്ഞ രക്തസാക്ഷികളെ അപമാനിക്കുന്ന നടപടിയാണിത്,’ പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് ഫോറം പ്രതിനിധി പറഞ്ഞു.
പരിപാടികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്ത് നിന്നുള്ള അതിഥികളെ പങ്കെടുപ്പിക്കാന്‍ വിദ്യാര്‍ഥി യൂണിയന് മാത്രമേ അനുമതിയുള്ളൂ എന്നും ഭഗത് സിങ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത് യൂണിയനുമായി ചേര്‍ന്നല്ല എന്നുമാണ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പറയുന്നത്.
ജനുവരിയില്‍ മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനത്തിനുള്ള അനുമതിയും ഇന്‍സ്റ്റിറ്റ്യൂട്ട് നിഷേധിച്ചിരുന്നു.
Conent Highlights: TISS denied permission for Bhagatsingh commemoration