| Tuesday, 20th August 2024, 9:00 am

വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടരുന്നതിനിടെ ടിസ്സില്‍ പുരോഗമന വിദ്യാര്‍ത്ഥി ഫോറത്തെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിസ്സ്) ഇടതുപക്ഷ സംഘടനയായ പുരോഗമന വിദ്യാര്‍ത്ഥി ഫോറത്തെ (P.S.F) നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. സര്‍വകലാശാലയുടെയും കേന്ദ്രസര്‍ക്കാറിന്റെയും വിദ്യാഭ്യാസ വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ്  പി.എസ്.എഫിനെ നിരോധിക്കുന്നത്.

രജിസ്ട്രാര്‍ അനില്‍ സുകറാണ് നിരോധന ഉത്തരവ് പുറത്തിറക്കിയത്. തിങ്കളാഴ്ചയാണ് ഉത്തരവ് പുറത്തു വന്നത്. വിചിത്രമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഉത്തരവ്. പി.എസ്.എഫ്. വിദ്യര്‍ത്ഥികളെ വഴിതെറ്റിക്കുന്നുവെന്നും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നുവെന്നുമാണ് ആരോപണം.

കേന്ദ്രസര്‍ക്കാറിന്റെ ഈ ഉത്തരവ് ലംഘിച്ച് ക്യാമ്പസില്‍ എന്തെങ്കിലും പരിപാടികള്‍ നടത്തിയാല്‍ ബലം പ്രയോഗിക്കുമെന്നും ഭീഷണിയുണ്ട്. ഇതില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ നടപടി നേരിടേണ്ടി വരുമെന്ന് ഉത്തരവില്‍ പറയുന്നു. നിരോധനം ലംഘിക്കുന്നവരുടെ വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ഉത്തരവിലുണ്ട്. തെലങ്കാന, അസം സംസ്ഥാനങ്ങളിലെ ക്യാമ്പസുകളിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം മുമ്പ് ചട്ടവിരുദ്ധമായി അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെയുള്ള 119 പേരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ പി.എസ്.എഫിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് അത് പിന്‍വലിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരുന്നു. ഈ വര്‍ഷമാദ്യം പി.എസ്.എഫിന്റെ നേതാവും എസ്.എഫ്.ഐ, കേന്ദ്രകമ്മിറ്റി അംഗവുമായ രാമദാസ് പ്രിനി ശിവാനന്ദനെ മുംബൈ ടിസ്സ് രണ്ട് വര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു.

പുറത്താക്കല്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസില്‍ തിങ്കളാഴ്ച വൈകിട്ട് പ്രക്ഷോഭം നടത്തുമെന്ന് പി.എസ്.എഫ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാറിന്റെ നിരോധനം. ദല്‍ഹിയില്‍ ഐക്യവിദ്യാര്‍ത്ഥി മുന്നണി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ ബി.ജെ.പിയെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു പി.എച്ച്.ഡി. വിദ്യാര്‍ത്ഥിയായ രാമദാസ് പ്രിനി ശിവാനന്ദനെ രണ്ടുവര്‍ഷത്തേക്ക് പുറത്താക്കി കൊണ്ടുള്ള ഉത്തരവ് വന്നത്.

Content Highlight: TISS Bans Student Forum While Students Agitation Continues

We use cookies to give you the best possible experience. Learn more