മുംബൈ: വിദ്യാർത്ഥി നേതാവും പി.എച്ച്.ഡി സ്‌കോളറുമായ രാമദാസ് പ്രിനി ശിവാനന്ദനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. അർജുൻ സെൻഗുപ്തയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്.
ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഹൈദരാബാദ് കാമ്പസിൽ നിന്നുള്ള സ്കൂൾ ഓഫ് ജെൻഡർ ആൻ്റ് ലൈവ്‌ലിഹുഡ്‌സിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ് സെൻഗുപ്ത.
ജൂൺ മാസത്തിൽ 119 ടെറ്റ് അധ്യാപകരെയും മറ്റ് ജീവനക്കാരെയും പിരിച്ച് വിടാൻ ഇൻസ്റ്റിറ്റ്യൂഷൻ തീരുമാനിച്ചിരുന്നു. തീരുമാനം മാധ്യമ ശ്രദ്ധ നേടിയതോടെ ടി.ഐ.എസ്.എസ് അത് പിൻവലിക്കുകയും ചെയ്തിരുന്നു. ജീവനക്കാരെ പിരിച്ച് വിടുന്നതിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത സെൻഗുപ്തക്ക് ഇൻസ്റ്റിറ്റ്യൂട്ട് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയായിരുന്നു.
ടി.ഐ.എസ്.എസ്സിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കുന്ന പ്രോഗ്രസീവ് സ്റ്റുഡൻ്റ്‌സ് ഓർഗനൈസേഷൻ്റെയും അംബേദ്കർ സ്റ്റുഡൻ്റ്‌സ് അസോസിയേഷൻ്റെയും പ്രവർത്തകരെ പിന്തുണയ്‌ക്കുന്ന വിദ്യാർത്ഥികൾക്കൊപ്പം പ്ലക്കാർഡുമേന്തി നിൽക്കുന്ന സെൻഗുപ്തയുടെ ഇൻസ്റ്റാഗ്രാം വീഡിയോ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒക്ടോബർ നാലിന്, പ്രോഗ്രസീവ് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷനുമായും അംബേദ്കർ സ്റ്റുഡൻ്റ്സ് അസോസിയേഷനുമായും ബന്ധപ്പെട്ട വിദ്യാർത്ഥികൾ ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഓഫ് കാമ്പസ് ലൊക്കേഷനിൽ ഒരു പൊതുയോഗം സംഘടിപ്പിച്ചിരുന്നു.
പരിപാടിയിൽ സെൻഗുപ്തയും പങ്കെടുത്തിരുന്നു. ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റ് (TET) ധനസഹായം നൽകുന്ന 119 അധ്യാപക-അനധ്യാപക ജീവനക്കാർ അഭിമുഖീകരിക്കുന്ന തൊഴിൽ അനിശ്ചിതത്വത്തിൻ്റെ പ്രത്യാഘാതങ്ങൾ ഉൾപ്പെടെ, ടിസ്സിലെ നിലവിലെ അക്കാദമിക് പ്രവർത്തനത്തെ സംബന്ധിച്ച നിരവധി പ്രശ്നങ്ങളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും യോഗത്തിൽ സംസാരിച്ചിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ, ടീച്ചിങ് സ്റ്റാഫ്, അനധ്യാപക ജീവനക്കാർ എന്നിവർ തമ്മിലുള്ള ഐക്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ടെറ്റിന് കീഴിൽ ജോലി ചെയ്യുന്ന സെൻഗുപ്ത യോഗത്തിൽ എടുത്ത് പറഞ്ഞു. തുടർന്നായിരുന്നു ഇൻസ്റ്റിറ്റ്യൂഷന്റെ നടപടി.
Content Highlight: TISS Assistant Professor Gets Notice for Expressing Solidarity With Suspended Dalit PhD Scholar