പുഴക്കടവില്‍ സ്ത്രീകളുടെ കുളിക്ക് സമയം നിശ്ചയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
Daily News
പുഴക്കടവില്‍ സ്ത്രീകളുടെ കുളിക്ക് സമയം നിശ്ചയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd December 2016, 10:22 am

bathfb

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിന്റെ ആറാട്ടുകടവായ മിത്രപ്പുഴക്കടവില്‍ സ്ത്രീകള്‍ക്ക് കുളിക്കാന്‍ പ്രത്യേക സമയം നിശ്ചയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മിത്രപ്പുഴക്കടവില്‍ ബോര്‍ഡ് സ്ഥാപിച്ചാണ് സ്ത്രീകള്‍ക്ക് കുളിക്കാനുള്ള സമയം ദേവസ്വംബോര്‍ഡ് പ്രദര്‍ശിപ്പിച്ചത്.

മണ്ഡലകാലമായതിനാല്‍ സ്വാമി ഭക്തരുടെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാചര്യത്തില്‍ പ്രദേശവാസികളായ സ്ത്രീകള്‍ രാവിലെ 10 മണിക്ക് ശേഷവും വൈകീട്ട് 4 മണിക്കും മുന്‍പും മാത്രമേ ഈ കടവില്‍ കുളിക്കുവാന്‍ പാടുള്ളൂ എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പേരില്‍ സ്ഥാപിച്ച അറിയിപ്പില്‍ പറയുന്നത്.


സാധാരണ ഗതിയില്‍ അയ്യപ്പന്‍മാരുടെ തിരക്കുവര്‍ദ്ധിക്കുന്ന സമയങ്ങളില്‍ സ്ത്രീകള്‍ കടവില്‍ നിന്നും മാറിക്കൊടുക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ ആദ്യമായാണ് സ്ത്രീകള്‍ കടവില്‍ പ്രത്യേക സമയം മാത്രമേ കുളിക്കാന്‍ പാടുള്ളൂ എന്ന് കാണിച്ച് ദേവസ്വം ബോര്‍ഡ് തന്നെ ബോര്‍ഡ് സ്ഥാപിക്കുന്നത്.

ഇത്തരമൊരു ബോര്‍ഡിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കടവിലെ കമ്പിവേലിക്ക് പറത്തെ ബണ്ട് നീക്കം ചെയ്ത് കടവിലേക്ക് ഇറങ്ങുന്ന ഭാഗത്തെ ചെളിനീക്കം ചെയ്ത് തീര്‍ത്ഥാടകര്‍ക്ക് കുളിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്ന് ഏറെ നാളായി ഇവര്‍ ആവശ്യപ്പെടുന്ന കാര്യമാണ്.

എന്നാല്‍ അത്തരം കാര്യങ്ങളൊന്നും പരിഗണനക്കെടുക്കാതെ അയ്യപ്പന്‍മാര്‍ക്ക് കുളിക്കാനായി സ്ത്രീകള്‍ കടവില്‍ നിന്നും മാറിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ഇവിടെ രണ്ട് കടവുണ്ടെങ്കില്‍ ഒരു കടവില്‍മാത്രമേ കുളിക്കാനുള്ള സൗകര്യം ഉള്ളൂ.