| Friday, 26th May 2023, 9:41 am

തിരൂരില്‍ വ്യാപാരിയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ കേസ്: പ്രതിയുടെ സുഹൃത്തും പിടിയില്‍: ശരീര ഭാഗങ്ങള്‍ രണ്ട് ട്രോളി ബാഗുകളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം തിരൂരില്‍ വ്യാപാരിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ട്രോളി ബാഗില്‍ അട്ടപ്പാടിയില്‍ ഉപേക്ഷിച്ച കേസില്‍ ഒരാള്‍ കൂടിയില്‍ പിടിയില്‍.

പ്രതി ഷിബിലിയുടെ സുഹൃത്ത് ആഷിഖ് ആണ് അറസ്റ്റിലായിട്ടുള്ളത്. കൊലപാതകം നടക്കുന്ന സമയത്ത് ആഷിഖ് കോഴിക്കോട്ടെ ഹോട്ടലില്‍ ഉണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. പണം പിന്‍വലിക്കുമ്പോഴും ആഷിഖിന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിലവില്‍ മൂന്ന് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സിദ്ദീഖിന്റെ കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലിലെ ജീവനക്കാരനായ ഷിബിലി (22), ഫര്‍ഹാന (18). എന്നിവരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ ഇരുവരും ചെന്നൈയിലായിരുന്നു. നിലവില്‍ ഇവര്‍ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.

ഇപ്പോള്‍ സംഭവസ്ഥലത്ത് മൃതദേഹത്തിന് വേണ്ടിയുള്ള പരിശോധന നടക്കുകയാണ്. മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ആഷിക്കിനെയും സംഭവസ്ഥലത്ത് പൊലീസ് കൊണ്ട് പോയിട്ടുണ്ട്.

രണ്ട് ട്രോളി ബാഗുകളിലായിട്ടാണ് ശരീര ഭാഗങ്ങള്‍ കാണുന്നത്. ഫയര്‍ഫോഴ്‌സ് സംഘം, ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ എന്നിവരും സംഭവസ്ഥലത്തെത്തി. സിദ്ദീഖിന്റെ അടുത്ത ബന്ധുക്കളും പരിശോധന സ്ഥലത്ത് രാവിലെ തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മലപ്പുറം തിരൂരില്‍ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ ഉപേക്ഷിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

നേരത്തെ സിദ്ദീഖിനെ കാണാനില്ലെന്ന് മകന്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായതായി പൊലീസ് കണ്ടെത്തി.എ.ടി.എം കാര്‍ഡ് ഉപയോഗിച്ചായിരുന്നു പണം പിന്‍വലിച്ചത്. മെയ് 19 മുതലാണ് പണം പിന്‍വലിക്കല്‍ തുടങ്ങിയത്. അതുകൊണ്ട് മെയ് 18ന് തന്നെ കൊല്ലപ്പെട്ടിട്ടുവെന്നുള്ള നിഗമനങ്ങളും വരുന്നു.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഹോട്ടല്‍ മുറിയില്‍ വെച്ച് വെച്ച് സിദ്ദീഖിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു.

content highlight: Tirur businessman killed and dismembered case: Accused’s friend also arrested: Body parts in two trolley bags

We use cookies to give you the best possible experience. Learn more