തിരുപ്പതി: തിരുപ്പതി ലഡു വിവാദത്തെ തുടർന്ന് സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഉത്തരവിട്ടു. (എസ്. ഐ.ടി)
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ആന്ധ്രാ പ്രദേശ് പൊലീസ്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് പുതിയ അന്വേഷണ സംഘം.
സി.ബി.ഐയിൽ നിന്ന് രണ്ട് അംഗങ്ങളും ആന്ധ്രാ പ്രദേശ് പൊലീസിൽ നിന്ന് രണ്ട് അംഗങ്ങളും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഒരു അംഗവും ആയിരിക്കും അന്വേഷണ സംഘത്തിൽ ഉണ്ടായിരിക്കുക.
എസ്. ഐ.ടി അന്വേഷണ സംഘം സി.ബി.ഐ ഡയറക്ടറുടെ മേൽനോട്ടത്തിൽ ആയിരിക്കുമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
അതോടൊപ്പം കോടതിയെ ഒരു രാഷ്ട്രീയ യുദ്ധക്കളം ആക്കാൻ അനുവദിക്കില്ലെന്ന് ജസ്റ്റിസുമാരായ ബി .ആർ ഗവായി, കെ .വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വിഷയത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ ഉള്ള അന്വേഷണം ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.
മുൻ മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഭരണകാലത്ത് തിരുപ്പതി ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണമെന്ന് ബെഞ്ച് നിരീക്ഷിച്ചത്. ലബോറട്ടറി പരിശോധനാ റിപ്പോർട്ട് ഒട്ടും വ്യക്തമല്ല എന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.
ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു. എസ്.ഐ.ടിയുടെ അന്വേഷണം കേന്ദ്ര സർക്കാരിലെ ചില മുതിർന്ന ഉദ്യോഗസ്ഥർക്ക് മേൽനോട്ടം വഹിക്കാമെന്നും അദ്ദേഹം നിർദേശിച്ചു.
സെപ്തംബർ 30 ന് വിഷയം കേട്ട സുപ്രീം കോടതി, സംസ്ഥാനം നിയോഗിച്ച എസ്.ഐ.ടി അന്വേഷണം തുടരണമോ അതോ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തണമോ എന്ന് തീരുമാനാമെടുക്കാൻ സഹായിക്കാൻ തുഷാർ മേത്തയോട് ആവശ്യപ്പെടുകയായിരുന്നു.
Content Highlight: Tirupati laddu row: Supreme Court orders fresh investigation, forms 5-member SIT