| Sunday, 27th October 2024, 6:13 pm

തിരുപ്പതി; ഹോട്ടലുകൾക്കും ക്ഷേത്രങ്ങൾക്കും നേരെ വീണ്ടും ബോംബ് ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ രണ്ട് ഹോട്ടലുകൾക്കും ഒരു ക്ഷേത്രത്തിനും നേരെ ഞായറാഴ്ച തീവ്രവാദ ഗ്രൂപ്പുകളുടെ പേരിൽ വീണ്ടും ബോംബ് ഭീഷണി. തുടർച്ചയായ മൂന്നാം ദിവസമാണ് ഹോട്ടലുകൾക്ക് ഭീഷണി ഇമെയിലുകൾ ലഭിക്കുന്നത്.

നഗരത്തിലെ രണ്ട് ഹോട്ടലുകൾക്കും വരദരാജ ക്ഷേത്രത്തിനും ബോംബുകൾ സ്ഥാപിച്ചതായി ഇമെയിലുകൾ ലഭിച്ചു. ഹോട്ടലുകളുടെയും ക്ഷേത്രത്തിൻ്റെയും മാനേജ്‌മെൻ്റ് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്‌നിഫർ ഡോഗ്, ബോംബ് സ്‌ക്വാഡ് എന്നിവയുടെ സഹായത്തോടെ നിയമപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

ഡി.എം.കെ നേതാവ് ജാഫർ സാദിഖിൻ്റെയും പാക്കിസ്ഥാൻ്റെ ഇൻ്റർ സർവീസസ് ഇൻ്റലിജൻസിൻ്റെയും (ഐ.എസ്.ഐ ) പേരിലാണ് ഭീഷണി ഇമെയിലുകൾ ലഭിച്ചത്.

ഹോട്ടലുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് കാണിച്ച് രണ്ട് ഹോട്ടലുകളുടെ മാനേജ്‌മെൻ്റിന് ശനിയാഴ്ച ഇമെയിൽ ലഭിച്ചിരുന്നു. പൊലീസ് ഡോഗ് സ്‌ക്വാഡിൻ്റെ സഹായത്തോടെ പരിസരം വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഞായറാഴ്ച രണ്ട് ഹോട്ടലുകൾക്ക് കൂടി ഇമെയിലുകൾ ലഭിച്ചു. ആദ്യമായി ടൗണിലെ ഒരു ക്ഷേത്രത്തിനും ബോംബ് ഭീഷണിയുണ്ടായി. വിശദമായ അന്വേഷണത്തിനൊടുവിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.

ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വെള്ളിയാഴ്ച ക്ഷേത്രനഗരിയിലെ മൂന്ന് ഹോട്ടലുകൾക്ക് സമാനമായ ബോംബ് ഭീഷണി ഇമെയിലുകൾ വഴി ലഭിച്ചിരുന്നു. ഡി.എം.കെയുടെ ജാഫർ സാദിഖിനെ അടുത്തിടെ അറസ്റ്റ് ചെയ്തതോടെ രാജ്യാന്തര സമ്മർദ്ദം ഉയർന്നതായി എല്ലാ ഇമെയിലുകളിലും പരാമർശിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയുടെ മുൻ അംഗമായ ജാഫർ സാദിഖിനെ ഈ വർഷം ഫെബ്രുവരിയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: Tirupati: Fresh bomb threats to hotels, temple also threatened

We use cookies to give you the best possible experience. Learn more