ചെന്നൈ: മിശ്രവിവാഹം നടത്താനാവശ്യമായ എല്ലാ സഹകരണവും തങ്ങളുടെ ഭാഗത്തു നിന്ന് ഇനിയും ഉണ്ടാകുമെന്ന് സി.പി.ഐ.എം തിരുനെൽവേലി ജില്ലാ സെക്രട്ടറി ശ്രീറാം. മിശ്രവിവാഹങ്ങൾക്ക് വേണ്ടി ഓഫീസ് തുടർന്നും തുറന്നിടുമെന്നും ശ്രീറാം പറഞ്ഞു. മിശ്രവിവാഹത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് തിരുനെൽവേലിയിലെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകർക്കപ്പെട്ടതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
മിശ്ര വിവാഹത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ സി.പി.ഐ.എം തിരുനെൽവേലി ഓഫീസ് തല്ലിത്തകർത്തിരുന്നു. തുടർന്ന് പൊലീസ് ആക്രമണം നടത്തിയ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഓഫീസ് ആക്രമിച്ച 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് വിവരങ്ങൾ ചോർത്തി നൽകിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സി.പി.ഐ.എം ആരോപിച്ചു.
തിരുനെൽവേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം ഇന്നലെ സി.പി.ഐ.എം ഓഫീസിൽ വെച്ച് നടത്തിയിരുന്നു. ദളിത് യുവാവും ഉന്നത ജാതിയിൽപ്പെട്ട യുവതിയും തമ്മിലുള്ള വിവാഹമാണ് പാർട്ടി ഇടപെട്ട് നടത്തിയത്. ഇതിൽ പ്രകോപിതരായ പെൺവീട്ടുകാരുടെ നേതൃത്വത്തിലാണ് ഓഫീസ് അടിച്ചു തകർത്തത്.
വിവാഹത്തെ വീട്ടുകാർ എതിർക്കുകയും രജിസ്ട്രേഷന് സമ്മതിക്കാതിരിക്കുകയും ചെയ്തതോടെയാണ് പെൺകുട്ടിയും യുവാവും സി.പി.ഐ.എമ്മുകാരെ സമീപിക്കുകയായിരുന്നു. തുടർന്ന് രണ്ട് പേരുടെയും വിവാഹം നടത്താൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വീട്ടുകാർ ഓഫീസ് അടിച്ചു തകർത്തു. എന്നാൽ ഇതിനിടക്ക് പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ വിളിച്ചിരുന്നതായും സൂചനയുണ്ട്. പിന്നാലെ വീട്ടുകാർ എത്തുകയായിരുന്നു.
തങ്ങൾ ചെയ്ത പ്രവർത്തിയിൽ ഉറച്ചു നിൽക്കുന്നെന്നും ഇനിയും ഇത്തരത്തിലുള്ള അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുമെന്നും, ഓഫീസ് മിശ്രവിവാഹങ്ങൾക്കായി എപ്പോഴും തുറന്നിടുമെന്നും സി.പി.ഐ.എം തിരുനെൽവേലി ഭാരവാഹികൾ പറഞ്ഞു.
Content Highlight: Tirunelveli District Secretary said that CPM office will be open for intermarriage