|

'വഖഫ് ബോര്‍ഡ് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി'; വിവാദ പരാമര്‍ശവുമായി തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: വഖഫ് ബോര്‍ഡിനെതിരെ വിവാദ പരാമര്‍ശവുമായി തിരുമല തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്‍ ബി.ആര്‍. നായിഡു. വഖഫ് ബോര്‍ഡ് റിയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്നാണ് ബി.ആര്‍. നായിഡു പറഞ്ഞത്. എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് നായിഡുവിന്റെ വിവാദ പരാമര്‍ശം.

കേന്ദ്ര വഖഫ് കൗണ്‍സിലില്‍ രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന ബില്ലിനെതിരെ കഴിഞ്ഞ ദിവസം ഒവൈസി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

‘തിരുപ്പതി ക്ഷേത്രത്തിന്റെ ട്രസ്റ്റിമാരാകാന്‍ മുസ്‌ലിങ്ങള്‍ക്ക് കഴിയുന്നില്ല. പിന്നെ എങ്ങനെയാണ് ഒരു അമുസ്‌ലിമായ ആളുകളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുക,’ എന്നാണ് ഒവൈസി ചോദിച്ചത്. ക്ഷേത്ര ട്രസ്റ്റിയില്‍ 24 അംഗങ്ങളുണ്ടെന്നും ഒവൈസി ചൂണ്ടിക്കാട്ടിയിരുന്നു.

ഇതില്‍ പ്രകോപിതനായണ് ബി.ആര്‍. നായിഡു വഖഫ് ബോര്‍ഡിനെതിരെ സംസാരിച്ചത്. വഖഫ് ബോര്‍ഡിനെ എങ്ങനെ തിരുപ്പതി ക്ഷേത്രവുമായി താരതമ്യം ചെയ്യുമെന്നാണ് നായിഡു ചോദിക്കുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനം ഒരു ഹിന്ദു ക്ഷേത്രമാണെന്നും വഖഫ് ബോര്‍ഡ് എന്നത് ആരാധനാലയം അല്ലെന്നും ബി.ആര്‍. നായിഡു പറഞ്ഞു.

ഹിന്ദു ക്ഷേത്രം ആയതിനാല്‍ അവിടെ ജോലി ചെയ്യുന്നവരും ഹിന്ദുക്കളായിരിക്കണം. ഇക്കാര്യം ട്രസ്റ്റി ബോര്‍ഡ് സ്വീകരിച്ച തീരുമാനമാണെന്നും ബി.ആര്‍. നായിഡു പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ബി.ആര്‍. നായിഡു ചെയര്‍മാനായ പുതിയ ട്രസ്റ്റിനെ തിരുപ്പതി ദേവസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിയമിച്ചത്. ഇതിനെ തുടര്‍ന്നാണ് അഹിന്ദുക്കളായ ജീവനക്കാര്‍ ഇനി തിരുപ്പതി ദേവസ്ഥാനത്തിന്റ ഓഫീസുകളില്‍ വേണ്ടെന്ന് നായിഡു പ്രഖ്യാപിച്ചത്.

ഇതിനുപിന്നാലെയാണ് വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനെതിരെ ഒവൈസി പ്രതികരിച്ചത്. നായിഡുവിന്റെ പ്രഖ്യാപനത്തെ മുന്‍നിര്‍ത്തിയാണ് ഒവൈസി കേന്ദ്രത്തെ വിമര്‍ശിച്ചത്.

തിരുപ്പതി ദേവസ്ഥാനത്തിന്റ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന അഹിന്ദുക്കള്‍ക്ക് വി.ആര്‍.എസ് നല്‍കാന്‍ ദേവസ്വം നോട്ടീസ് നല്‍കുമെന്നും സ്വമേധയാ വിരമിക്കാന്‍ തയ്യാറാകാത്തവരെ സര്‍ക്കാരിന്റെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റുമെന്നും നായിഡു പറഞ്ഞിരുന്നു.

എന്നാല്‍ തിരുപ്പതി ക്ഷേത്രത്തിന്റെ ട്രസ്റ്റ് നിയമാവലിയില്‍ അഹിന്ദുക്കളെ ജീവനക്കാരായി നിയോഗിക്കരുതെന്ന് പരാമര്‍ശിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ബി.ആര്‍. നായിഡുവിന്റെ വിവാദ പരാമര്‍ശം.

Content Highlight: Tirumala Tirupati Devasthanam Chairman with controversial remarks against Waqf Board