| Wednesday, 10th March 2021, 11:47 am

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തീരത് സിംഗ് റാവത്തിനെ നിര്‍ദ്ദേശിച്ച് ബി.ജെ.പി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തീരത് സിംഗ് അധികാരമേല്‍ക്കുമെന്ന് ബി.ജെ.പി നേതൃത്വം. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് നാലു മണിയ്‌ക്കെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

മാര്‍ച്ച് 9നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചത്. ബി.ജെ.പിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ ശക്തമായതിനെ തുടര്‍ന്നായിരുന്നു രാജി. വിദ്യാഭ്യാസമന്ത്രിയായ ധന്‍ സിംഗ് റാവത്തിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡില്‍ ഭരണകക്ഷിയായ ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്. ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ എം.എല്‍.എമാരില്‍ ഒരു വിഭാഗം തിരിഞ്ഞതോടെയാണ് ഉത്തരാഖണ്ഡില്‍ ബി.ജെ.പി രാഷ്ട്രീയ പ്രതിസന്ധിയിലെത്തിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടും പരിഹാരം കാണാന്‍ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രിക്ക് ജനപിന്തുണ നഷ്ടമായെന്നായിരുന്നു എം.എല്‍.എമാരുടെ പരാതി.

മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയും എം.എല്‍.എമാര്‍ ഉന്നയിച്ചിരുന്നു. തിങ്കളാഴ്ച ത്രിവേന്ദ്ര സിംഗ് റാവത്ത് ദല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വത്തെ കണ്ടിരുന്നു.

ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ 57 സീറ്റുകള്‍ പിടിച്ചെടുത്താണ് ബി.ജെ.പി അധികാരത്തില്‍ എത്തിയത്. ഉത്തരാഖണ്ഡില്‍ ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷമായതോടെ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നിര്‍ദേശ പ്രകാരം ബി.ജെ.പി വൈസ് പ്രസിഡന്റ് രമണ്‍ സിംഗും, ജനറല്‍ സെക്രട്ടറി ദുഷ്യന്ത് സിംഗ് ഗൗതമും സംസ്ഥാനത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Tirath Singh Rawat Sworn As To Be  Uttarakhand Cm

We use cookies to give you the best possible experience. Learn more