| Friday, 19th March 2021, 11:15 pm

റിപ്പ്ഡ് ജീന്‍സ് വിവാദത്തില്‍ മാപ്പ്; കീറിയ ജീന്‍സ് ധരിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല, പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞ് തിരത് സിംഗ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിപ്പ്ഡ് ജീന്‍സ് പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് റാവത്ത് പറഞ്ഞു. എന്നാല്‍ താന്‍ നടത്തിയ പരാമര്‍ശത്തില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും റാവത്ത് പറഞ്ഞു.

ജീന്‍സ് ധരിക്കുന്നതിനോട് തനിക്ക് വിയോജിപ്പുകളൊന്നുമില്ലെന്നും എന്നാല്‍ കീറിയ ജീന്‍സ് ധരിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്നുമായിരുന്നു റാവത്ത് പറഞ്ഞത്.

റിപ്പ്ഡ് ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു തിരത് സിംഗ് റാവത്തിന്റെ ചോദ്യം.ഇന്നത്തെ യുവജനങ്ങള്‍ക്ക് മൂല്യങ്ങള്‍ നഷ്ടപ്പെട്ടെന്നും വിചിത്രമായ ഫാഷന്‍ ട്രെന്‍ഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുട്ട് വരെ കീറിയ ജീന്‍സ് ഇടുമ്പോള്‍ വലിയ ആളുകളായാണ് കണക്കാക്കുന്നതെന്നും സ്ത്രീകളും ഇത്തരം ട്രെന്‍ഡുകള്‍ പിന്തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്‍.ജി.ഒ നടത്തുന്ന സ്ത്രീ റിപ്പ്ഡ് ജീന്‍സ് ധരിച്ചത് കണ്ട് താന്‍ ഞെട്ടിയെന്നും ഇത്തരക്കാര്‍ സമൂഹത്തിന് നല്‍കുന്ന മാതൃകയില്‍ തനിക്ക് ആശങ്കയുണ്ടെന്നും തിരത് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ പരാമര്‍ശനത്തിനെതിരെ വലിയതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്ന് റാവത്തിന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്തെത്തുകയായിരുന്നു.

സമൂഹത്തെയും രാജ്യത്തെയും നിര്‍മ്മിക്കുന്നതില്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെ വലുതാണെന്നും രാജ്യത്തിന്റെ സംസ്‌കാരം, തനിമ, വസ്ത്രധാരണം എന്നിവ നിലനിര്‍ത്തുന്നത് സ്ത്രീകളുടെ ഉത്തരവാദിത്തമാണ് എന്നാണ് തിരത് സിംഗ് പറഞ്ഞതെന്നായിരുന്നു ഭാര്യ രശ്മി ത്യാഗി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Tirath Singh Rawat ‘apologises’ but says wearing torn jeans not right

We use cookies to give you the best possible experience. Learn more