| Thursday, 4th May 2023, 3:58 pm

'കോഴിക്കോട് നിന്നും 2000 ബ്രാഹ്‌മണരെ തുടച്ചുനീക്കി'; ടിപ്പുവിന്റെ മുഖം വികൃതമാക്കി പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താനെ കേന്ദ്രീകരിച്ച് പുതിയ ചിത്രം. കര്‍ണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പവന്‍ ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

ബി.ജെ.പിയുടെ നോര്‍ത്ത് ഈസ്റ്റ് സ്ട്രാറ്റജിസ്റ്റും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ ഉപദേശകനും എഴുത്തുകാരനും ടി.വി. കമന്റേറ്ററുമായ രജത് സേതിയാണ് ചിത്രത്തിന്റെ ആശയം വികസിപ്പിച്ചതെന്നും ചിത്രത്തിനായി റിസേര്‍ച്ച് ചെയ്തതെന്നും പോസ്റ്ററില്‍ പറയുന്നു.

ഗുരുതരമായ ആരോപണങ്ങളാണ് മോഷന് പോസ്റ്ററില്‍ ടിപ്പുവിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ‘8000 അമ്പലങ്ങളും 27 പള്ളികളും തകര്‍ക്കപ്പെട്ടു, 40 ലക്ഷം ഹിന്ദുക്കള്‍ ഇസ്‌ലാമിലേക്ക് മതം മാറാന്‍ നിര്‍ബന്ധിതരായി, ഒരുലക്ഷത്തിലധികം ഹിന്ദുക്കള്‍ ജയിലിലായി, കോഴിക്കോടുള്ള 2000ലധികം ബ്രാഹ്‌മണര്‍ തുടച്ചുനീക്കപ്പെട്ടു, ജിഹാദിന് വേണ്ടിയുള്ള അവന്റെ നിലവിളി തുടങ്ങിയത് 1783ലാണ്,’ എന്നാണ് മോഷന്‍ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

ഈ എഴുത്തുകളോടെ തുടങ്ങുന്ന മോഷന്‍ പോസ്റ്റര്‍ അവസാനിക്കുന്നത് ടിപ്പുവിന്റെ മുഖം വികൃതമാക്കിയ ചിത്രത്തിലാണ്. മതഭ്രാന്തനായ സുല്‍ത്താന്റെ കഥയെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ഇറോസ് ഇന്റര്‍നാഷണലും രശ്മി ശര്‍മ ഫിലിംസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

പി.എം. നരേന്ദ്ര മോദി, സ്വതന്ത്ര വീര്‍ സവര്‍ക്കര്‍, ബാല്‍ ശിവജി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച സന്ദീപ് സിങ്ങും ഒപ്പം രശ്മി ശര്‍മയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Tipu sulthan’s face is distorted in the motion poster of the new film

Latest Stories

We use cookies to give you the best possible experience. Learn more