ടിപ്പുവിനെ മതഭ്രാന്തനാക്കുന്ന പാതിരിമാരേ, മൈസൂരിലെ ആദ്യ ക്രിസ്ത്യന്‍ പള്ളിയടക്കം ടിപ്പുവിന്റെ സംഭാവനകള്‍ നിങ്ങള്‍ക്ക് മറക്കാനാകുമോ?
Opinion
ടിപ്പുവിനെ മതഭ്രാന്തനാക്കുന്ന പാതിരിമാരേ, മൈസൂരിലെ ആദ്യ ക്രിസ്ത്യന്‍ പള്ളിയടക്കം ടിപ്പുവിന്റെ സംഭാവനകള്‍ നിങ്ങള്‍ക്ക് മറക്കാനാകുമോ?
മുസഫർ അസ്സാദി
Friday, 31st January 2020, 7:28 pm

പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെ മുസ്‌ലിം മതസ്ഥരല്ലാത്ത ആയിരകണക്കിന് ആളുകളെ അറുകൊല ചെയ്‌ത അതിക്രൂരനായി ചിത്രീകരിക്കാനാണ് സംഘ്പരിവാറും സമാനരും കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ടിപ്പു വിവാദ വാർത്തകളിൽ നിറയുന്നത് ഇത് ആദ്യമായല്ല. ഭഗവാൻ ജി ഗിദ്വാനിയുടെ പുസ്തകത്തെ ആധാരമാക്കി കുറച്ചു വർഷങ്ങൾക്കു മുമ്പ് സഞ്ജയ് ഖാൻ ടിപ്പുവിന്റെ വാൾ എന്ന തലക്കെട്ടിൽ ടെലി സീരിയൽ ആരംഭിച്ചിരുന്നു. ഈ സീരിയലോടെയാണ് ടിപ്പുവിനെതിരെ വിദ്വേഷ പ്രചരണങ്ങൾ കനപ്പെട്ടത്.

2014-ൽ കോൺഗ്രസ് ഗവൺമെന്റ് ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കാൻ തീരുമാനിക്കുന്നതോടെ സംഘ്പരിവാർ പ്രചാരങ്ങൾക്കു മുനകൂടി. ടിപ്പുവിന്റെ പേരിൽ സർവകലാശാല ആരഭിക്കാനുള്ള തീരുമാനത്തിനെതിരെയും അതി ശക്തമായ എതിർപ്പുണ്ടായി.

കേരളത്തിൽനിന്ന് ആയിരക്കണക്കിന് നായർ സമുദായത്തിൽപെട്ടവരെയും  ദക്ഷിണ കന്നഡ, കൊടക് പ്രദേശങ്ങളിലെ കത്തോലിക്കാ വിഭാഗക്കാരെയും നിർബന്ധിത മത പരിവർത്തനം നടത്തുകയും വിസമ്മതിച്ചവരെ കൊന്നു തള്ളുകയും ചെയ്ത ‘മത ഭ്രാന്തൻ’ ആയാണ് കൊളോണിയൽ ചരിത്രകാരന്മാർ ടിപ്പുവിനെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുള്ളത്.

ടിപ്പുവിനെ കന്നഡ വിരുദ്ധനായും പേർഷ്യൻ സ്ഥലനാമങ്ങൾ കർണാടകത്തിൽ വ്യാപകമാക്കുന്നതിനു കാരണക്കാരനായും ചിത്രീകരിക്കുന്നതിൽ തീവ്ര കന്നഡ ഭാഷാ വാദികളും പങ്കുവഹിച്ചിട്ടുണ്ട്.

എന്നാൽ മാർക്സിസ്റ്റ് ചരിത്രകാരന്മാർ ‘സ്വാതന്ത്ര്യ സമരത്തിൻറെ മുന്നണിപ്പോരാളികളിൽ പ്രമുഖനായും’ ‘ബ്രിട്ടീഷ് വിരുദ്ധ ശക്തികളുടെ അഗ്രദൂതനുമായാണ്’ ടിപ്പുവിനെ അവതരിപ്പിച്ചിട്ടുള്ളത്.

അസഹിഷ്ണുതയുടെ മകുടപ്രതീകമായി ടിപ്പുവിനെ വരച്ചിടുന്നതിലൂടെ കടുത്ത അനീതിയാണ് ചരിത്രം ടിപ്പുവിനോട് കാണിച്ചിട്ടുള്ളത്. വ്യത്യസ്ത ആശയ സ്വാധീനങ്ങൾ പ്രത്യക്ഷത്തിൽ തന്നെ ടിപ്പുവിൽ പ്രകടമായിരുന്നു എന്നതാണ് വാസ്തവം.  ടിപ്പു ഒരേ സമയം വ്യത്യസ്ത മതാശയങ്ങളുടെയും മതേതര കാഴ്ചപ്പാടുകളുടെയും വക്താവായിരുന്നു. ഉത്പതിഷ്ണുതാ വാദിയും അന്താരാഷ്ട്രവാദിയുമായിരുന്നു.

ഈ വ്യതിരിക്തതകളൊക്കെയും സ്വാംശീകരിക്കാൻ ടിപ്പുവിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ സ്വത്വത്തിന്റെ അടിസ്ഥാന അടിവേരുകൾ കിടക്കുന്നത് സൂഫിസത്തിൽ ആയതിനാലാണ്. ചരിത്രകാരന്മാര് അധികം ചെന്നെത്താത്ത ടിപ്പുവിന്റെ ഒരധ്യായമാണിത്. ചിസ്‌തി – ബന്തേ നവാസ് സൂഫി പരമ്പരയുടെ കണ്ണിയാണ് ടിപ്പു എന്ന് ചരിത്രം പറയുന്നു.

ഒന്നിലധികം തലങ്ങളിൽ സമൂല പരിഷ്കരണവാദിയായിരുന്നു ടിപ്പു. തന്റെ ഭരണ പരിധിയിൽ മുഴുക്കെ മദ്യം നിരോധിച്ചിരുന്നു. എന്നാൽ തീർത്തും ആരോഗ്യപരവും ധാർമികവുമായ തീരുമാനം എന്നതിനപ്പുറം മത നിർദേശങ്ങൾ ഈ തീരുമാനമെടുക്കുന്നതിൽ അദ്ദേഹത്തിനെ ഭരിച്ചിരുന്നില്ല.  യുദ്ധ മുഖത്ത് മിസൈൽ സാങ്കേതിക വിദ്യ പരിചയപ്പെടുത്തിയതും ടിപ്പു സുൽത്താനായിരുന്നു. മൈസൂർ പട്ടണത്തിൽ പട്ട് വ്യവസായം തുടങ്ങിയതും അദ്ദേഹത്തിന്റെ കാലത്തായിരുന്നു.

സവർണരുടെ ഭൂമിയും മഠവും ഉൾപ്പടെ പിടിച്ചെടുത്ത് ദളിതുകൾക്കും ശൂദ്ര വിഭാഗക്കാർക്കും  ടിപ്പു വിതരണം ചെയ്തു. രാജ്യമൊട്ടാകെ ഫ്യൂഡൽ ഭരണ ക്രമങ്ങളിൽ കെട്ടുപിടഞ്ഞു കിടന്ന സമയത്ത് മുതലാളിത്ത സാമ്പത്തിക-ഭരണ വ്യവസ്ഥകളുടെ വിത്തു വിതച്ചതും ടിപ്പുവായിരുന്നു. കാവേരിക്ക് കുറുകെ ഇന്ന് കൃഷ്ണരാജ സാഗർ അണക്കെട്ട് നിൽക്കുന്നിടത്ത് പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ അണക്കെട്ട് പണിയുവാൻ ടിപ്പുവിന് പദ്ധതിയുണ്ടായിരുന്നു. ലാൽ ഭാഗ് എന്ന പേരിൽ ജൈവ വൈവിധ്യ പാർക്ക് നിർമിച്ചിരുന്നു ടിപ്പു.

ഏതാണ്ട് 156 അമ്പലങ്ങൾക്കു വർഷാവർഷം ഭൂമിയും സ്വർണവും ഉൾപ്പടെ സാമ്പത്തിക സാഹായം അനുവദിച്ചിരുന്നു എന്നത് തന്നെ ടിപ്പുവിന്റെ മതസഹിഷ്‌ണതുടെ മകുടോദാഹരണമാണ്.  ടിപ്പുവിന്റെ പടയിൽ ഭൂരിഭാഗവും ശൂദ്രരായിരുന്നു. ശങ്കരാചാര്യർ സ്ഥാപിച്ച ശൃംഗേരി മഠം മറാത്ത സൈന്യം ആക്രമിച്ചു നശിപ്പിച്ചപ്പോൾ സാമ്പത്തിക സഹായം പ്രഖ്യാപിച്ചുകൊണ്ടും പുനഃപ്രതിഷ്‌ഠക്ക് ഉത്തരവിട്ടുകൊണ്ടും ടിപ്പു രാജശാസനം പുറപ്പെടുവിച്ചിരുന്നു.

പ്രസിദ്ധമായ നഞ്ചൻഗുഡ് ശ്രീണ്‌ഠേശ്വര ക്ഷേത്രത്തിനു നൽകിയ സംഭാവനകൾ, കാഞ്ചി ക്ഷേത്രം പൂർത്തിയാക്കാൻ വേണ്ടി നൽകിയ പതിനായിരം സ്വർണനാണയങ്ങൾ, മേൽക്കോട്ടെ ക്ഷേത്രത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം തീർക്കാനെടുത്ത നടപടികൾ, കലാലേ ലക്ഷ്‌മികാന്ത ക്ഷേത്രത്തിനു നൽകിയ സമ്മാനങ്ങൾ തുടങ്ങി നിരവധി ഉദാഹരണങ്ങൾ ടിപ്പുവിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.

ശ്രീരംഗപട്ടണം എന്ന ക്ഷേത്ര നഗരമാണ് ടിപ്പുവിന്റെ തലസ്ഥാന നാഗരിയായിരുന്നത് എന്നും ഓർക്കേണ്ടതുണ്ട്. പ്രശസ്‌ത ചരിത്രകാരനായിരുന്ന ബി.എ സലേറ്റർ ടിപ്പുവിനെ ‘ഹിന്ദു ധര്മത്തിന്റെ കാവൽക്കാരൻ എന്നാണ്’ വിശേഷിപ്പിച്ചത്.

മൈസൂർ പട്ടണത്തിലെ ആദ്യത്തെ ക്രിസ്തീയ ദേവാലയവും പണികഴിപ്പിച്ചത് ടിപ്പു സുൽത്താന് തന്നെയായിരുന്നു. ഫ്രഞ്ച് ഭരണാധികാരികളുടെ ആവശ്യം കൂടി പരിഗണിച്ചായിരുന്നു ഇത്. അർമേനിയയിൽനിന്നും വന്ന ക്രിസ്ത്യൻ കച്ചവടക്കാർക്ക് സുൽത്താനത്ത് ഇ ഖുദാദയിൽ വാണിജ്യ സൗകര്യവും ടിപ്പു ഒരുക്കിനൽകിയിരുന്നു. 1792-ൽ ഗോവയിൽനിന്നും രക്ഷപെട്ട് മൈസൂരെത്തിയ ക്രിസ്ത്യാനികൾക്ക് അഭയമൊരുക്കിയതും ടിപ്പുവായിരുന്നു.

നിർബന്ധിത മതപരിവർത്തനത്തിന്റെ ആരോപണങ്ങൾ അക്കാലത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കൂടിയാണ് വായിക്കേണ്ടത്. മതം മാറ്റപ്പെട്ടു എന്ന് പറയുന്ന കൂട്ടർ ഒക്കെയും, ദക്ഷിണ കന്നഡയിലെ ക്രിസ്താനികളെ പോലെ, ഒന്നുകിൽ ബ്രിട്ടീഷ് പക്ഷത്തുള്ളവരോ അല്ലെങ്കിൽ കൂർഗിലേതു പോലെ ടിപ്പുവിന് നേരെ ഒളിയുദ്ധത്തിൽ  ഏർപ്പെട്ടവരോ ആയിരുന്നു. ടിപ്പുവിന്റെ രാഷ്ട്രീയ ദുര്ഘടസ്ഥിതികളെ ‘വർഗീയ ചിന്താഗതിയായി’ ചരിത്രകാരന്മാര് വളച്ചൊടിക്കുകയാണുണ്ടായത്.

അമേരിക്കൻ-ഫ്രഞ്ച് വിപ്ലവാശയങ്ങളോടും ജെക്കോബിയൻ ഗ്രൂപ്പിനോടും ചേർന്നുനിന്ന് കൊളോണിയൽ വിരുദ്ധ പോരാട്ടം നയിച്ച ടിപ്പു, ഉത്തരം കിട്ടാത്ത പ്രഹേളികയാണ് പലർക്കും. 16 വർഷം മാത്രം ഭരണത്തിലിരുന്ന ടിപ്പു സുൽത്താൻ കാലങ്ങളിപ്പുറം ഇന്നും ഹിന്ദുത്വ സംഘ്പരിവാർ കേന്ദ്രങ്ങളെ വല്ലാണ്ട് അസ്വസ്ഥപ്പെടുത്തുന്നുവെങ്കിൽ മൈസൂർ സിംഹം രാജ്യത്തിന്റെ രാഷ്ട്രീയ വായനകളിൽ ഇന്നും ഒഴിച്ചുകൂടാനാകാത്ത സഥാനത്താണെന്നത് തന്നെയാണ് വ്യക്തമാക്കുന്നത്. ചരിത്രം ചിരിക്കുന്നതിവിടെയാണ് – അത്ര നിസ്സാരമായി കുഴിവെട്ടിമൂടാനാ കില്ല ടിപ്പുവിനെ.

മൈസൂർ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റ് ചെയർമാൻ ആണ് ലേഖകൻ. കടപ്പാട്: ദി ഹിന്ദു 
മുസഫർ അസ്സാദി
ഡിപ്പാർട്മെന്റ് ഓഫ് പൊളിറ്റിക്കൽ സയൻസ്, മൈസൂർ യൂണിവേഴ്‌സിറ്റി