ബംഗളൂരു: പുരാതനമായ ആഞ്ജനേയ ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തി ടിപ്പു സുൽത്താൻ ശ്രീരംഗപട്ടണത്ത് സ്ഥിതി ചെയ്യുന്ന ജുമാ മസ്ജിദ് നിർമിച്ചതെന്ന് കർണാടക ബി.ജെ.പി ദേശീയ സെക്രട്ടറി സി.ടി രവി. മസ്ജിദിൽ ആർക്കിയോളജി വിഭാഗം പരിശോധന നടത്തണമെന്നും ടിപ്പു സുൽത്താൻ മതഭ്രാന്തൻ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആഞ്ജനേയ ക്ഷേത്രത്തെ തകർത്താണ് നിങ്ങൾ ഇന്ന് കാണുന്ന ശ്രീരംഗപട്ടണത്തെ ജുമാ മസ്ജിദ് ഉയർന്നു വന്നത്. പുരാവസ്തു ഗവേഷണ വകുപ്പ് സർവേ നടത്തട്ടെ, അതോടെ എല്ലാം പുറത്തുവരും.
ക്ഷേത്രത്തിന്റെ എന്തെങ്കിലും ഒരു തെളിവ് അവിടെ നിന്നും ലഭിച്ചാൽ, കോൺസുലേറ്റുകാർ ഒരു കാര്യം മനസിലാക്കണം. നിങ്ങളുടെ ടിപ്പു സുൽത്താൻ ഒരു മതഭ്രാന്തനായിരുന്നു.
ഇനി ക്ഷേത്രാവശിഷ്ടങ്ങൾ ലഭിച്ചില്ലെങ്കിൽ ഞങ്ങൾ മാപ്പ് പറയാം,’ സി.ടി രവി കൂട്ടിച്ചേർത്തു.
ശ്രീരംഗപട്ടണത്തെ ജുമാ മസ്ജിദിനെ ലക്ഷ്യം വെച്ച് നേരത്തേയും ഹിന്ദുത്വവാദികൾ രംഗത്തെത്തിയിരുന്നു. മസ്ജിദിന് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്നും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ആഹ്വാനം ചെയ്തു. മസ്ജിദിൽ സർവേ നടത്തണമെന്ന ആവശ്യമുന്നയിച്ചായിരുന്നു ഇത്.
അതേസമയം തെരഞ്ഞെടുപ്പ് അടുത്തതോടെ ടിപ്പു സുൽത്താനെ ലക്ഷ്യമിടുകയാണ് ബി.ജെ.പി.
കഴിഞ്ഞ ഫെബ്രുവരിയിൽ ടിപ്പുവിനെ കടന്നാക്രമിച്ച് സി.ടി രവി മറ്റൊരു പരാമർശം നടത്തിയിരുന്നു. ടിപ്പുവിന്റെ പ്രത്യയശാസ്ത്ര പ്രകാരമാണ് പാർട്ടിയെ നയിക്കുന്നത് എന്നും തങ്ങൾ നൽകുന്ന കൃഷ്ണരാജ വാധിയറിന്റെ നയങ്ങൾ പിന്തുടരുന്നുവെന്നും അദ്ദേഹത്തിന്റെ പരാമർശം.
സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും ടിപ്പുവിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. തീവ്രവാദികളെ അനുകൂലിച്ച് നടത്തുന്ന പ്രചാരണങ്ങൾ ജനങ്ങൾ പൊറുക്കില്ല, ന്യൂനപക്ഷ വോട്ടുകൾ നേടുന്ന ഇവർ ടിപ്പുവിനെ കുറിച്ച് സംസാരിക്കുന്നതെന്നായിരുന്നു ബൊമ്മയുടെ പരാമർശം.