| Saturday, 1st September 2012, 4:34 pm

കണ്ണഴക് പെണ്ണഴക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണിന്റെ ഭംഗിയാണ് ഒരു സ്ത്രീയെ കൂടുതല്‍ സുന്ദരിയാക്കുന്നതെന്നാണ് പൊതുവെ പറയുന്നത്. വിടര്‍ന്ന കണ്ണുകളില്‍ കണ്‍മഷി എഴുതി നടന്നിരുന്ന യുവതികള്‍ ഇന്നും മാഞ്ഞുപോകാത്ത ഒരു ചിത്രം തന്നെയാണ്. []

ഫാഷന്‍ തരംഗങ്ങള്‍ എങ്ങനെ മാറി മറിഞ്ഞാലും കണ്ണുകളുടെ ഭംഗി വര്‍ധിപ്പിക്കാനായി കണ്‍മഷിയും ചായങ്ങളും എഴുതാത്തവര്‍ കുറവായിരിക്കും. പുത്തന്‍ തലമുറയുടെ ഫാഷന്‍ ചിന്താഗതിയില്‍ മാറ്റങ്ങള്‍ വന്നെങ്കിലും കണ്ണുകളുടെ ഭംഗി സംരക്ഷിച്ചുപോരുന്നതില്‍ ഓരോ സ്ത്രീയും ജാഗരൂകരാണ്.

ഇന്നത്തെ പെണ്‍കുട്ടികള്‍ കണ്ണുകളില്‍ കണ്‍മഷി എഴുതുന്നത് അപൂര്‍വമാണ്. മറിച്ച് ആ സ്ഥാനം കൈയ്യടക്കിയിരിക്കുന്നത് ഐലൈനറുകളും മസ്‌ക്കാരകളും ഐ ഷേഡോകളുമാണ്‌. എന്നാല്‍ ഇതെല്ലാം കൃത്യമായ അളവില്‍ ഉപയോഗിച്ചില്ലെങ്കില്‍ പണി പാളുകയും ചെയ്യും.

കണ്ണിന്റെ ഭംഗി വര്‍ധിപ്പിക്കാനായി മെയ്ക്കപ്പ് ചെയ്യുമ്പോള്‍ എപ്പോഴും അല്പം ശ്രദ്ധ ആവശ്യമാണ്. കണ്‍തടങ്ങളില്‍ നിന്നും ഈര്‍പ്പം അകറ്റിയതിന് ശേഷം മാത്രമേ കണ്ണില്‍ മെയ്ക്കപ്പ് ഉപയോഗിക്കാവൂ.

പിന്നീട് നാച്ചുറല്‍ കളറുകള്‍ ഉപയോഗിച്ച് കണ്‍തടങ്ങളില്‍ വിരലുകള്‍കൊണ്ട് ക്രീം തേച്ചുപിടിപ്പിക്കാം. അതിനുശേഷം ഐ ഷേഡോകള്‍ ഉപയോഗിക്കാം. ഓരോരുത്തരുടേയും നിറത്തിനും വസ്ത്രത്തിനും യോജിച്ച നിറങ്ങളായിരിക്കണം ഐ ഷേഡുകളായി തിരഞ്ഞെടുക്കേണ്ടത്.

അതിന് ശേഷം വാട്ടര്‍പ്രൂഫ്‌ ലൈനറുകള്‍ ഉപയോഗിച്ച് കണ്ണിന്റെ മുകളിലും താഴെയുമായി ലൈനുകള്‍ വരയ്ക്കാം. ഇങ്ങനെ വരച്ചതിന് ശേഷം മാത്രമേ മസ്‌ക്കാര ഉപയോഗിക്കാവൂ, കണ്‍പീലിയിലൂടെ അധികം കട്ടിയിലല്ലാതെ മസ്‌ക്കാര ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഉചിതം.

We use cookies to give you the best possible experience. Learn more