വിരാട് കോഹ്‌ലിയുടെ താടി അവര്‍ക്ക് പ്രശ്‌നമല്ല, പക്ഷെ മുസ്‌ലിമിന്റെ താടിയെ എതിര്‍ക്കും: ബി.ജെ.പിക്കെതിരെ തിപ്ര മോത
national news
വിരാട് കോഹ്‌ലിയുടെ താടി അവര്‍ക്ക് പ്രശ്‌നമല്ല, പക്ഷെ മുസ്‌ലിമിന്റെ താടിയെ എതിര്‍ക്കും: ബി.ജെ.പിക്കെതിരെ തിപ്ര മോത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th February 2023, 2:05 pm

അഗര്‍ത്തല: ബി.ജെ.പിക്കും ത്രിപുരയിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടി(ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര)ക്കുമെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി തിപ്ര മോത അധ്യക്ഷന്‍ പ്രദ്യോത് ബിക്രം മാണിക്യ ദെബ്ബര്‍മ.

വിരാട് കോഹ്‌ലിയുടെ താടിയെ സ്വീകരിക്കുകയും മുസ്‌ലിമിന്റെ താടിയെ ദ്വേഷിക്കുകയും ചെയ്യുന്നവരാണ് ബി.ജെ.പിയെന്ന് പ്രദ്യോത് ബിക്രം പറഞ്ഞു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രേറ്റര്‍ തിപ്രലാന്‍ഡ് എന്ന തിപ്ര മോതയുടെ ആവശ്യം ത്രിപുരയുടെ വിഭജനത്തിലേക്ക് നയിക്കുമെന്ന വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

‘ഈ ഭീതി സൃഷ്ടിക്കുന്നത് ചിലരാണ്. വിരാട് കോഹ്‌ലിയുടെ താടി അവര്‍ക്ക് സ്വീകാര്യമാണ്, പക്ഷെ ഒരു മുസ്‌ലിമിന്റെ താടിയെ അവര്‍ എതിര്‍ക്കും. മതത്തിന്റെയും ബിരിയാണിയുടെയും പുലാവിന്റെയും പേരില്‍ ഹിന്ദുസ്ഥാന്റെ മനസിനെ വിഭജിക്കുന്നവരാണ് അവര്‍. ബി.ജെ.പി ഇവിടെ ആരുമായാണ് സഖ്യം ചേര്‍ന്നിരിക്കുന്നത് എന്ന് നോക്കൂ, ഗോത്രവിഭാഗങ്ങളും അല്ലാത്തവരും എന്ന തരത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ പാര്‍ട്ടിയോടൊപ്പമാണ്(ഐ.പി.എഫ്.ടി) അവര്‍ ചേര്‍ന്നിരിക്കുന്നത്.

അവര്‍ ഏറ്റവും തീവ്രമായ പ്രവര്‍ത്തനങ്ങളിലേക്ക് പോയപ്പോഴും വിഭജിക്കപ്പെടാതിരുന്ന ത്രിപുരയാണോ ഞങ്ങള്‍ ഇപ്പോള്‍ ഗ്രേറ്റര്‍ ത്രിപലാന്‍ഡിന് വേണ്ടി വാദിക്കുമ്പോള്‍ വിഭജിക്കപ്പെടാന്‍ പോകുന്നത്? ഭരണഘടനാപരമായാണ് ഞങ്ങള്‍ ഈ ആവശ്യമുന്നയിക്കുന്നത് എന്നു കൂടി ഓര്‍ക്കണം,’ പ്രദ്യോത് ബിക്രം പറഞ്ഞു.

ഗ്രേറ്റര്‍ തിപ്രലാന്‍ഡ് എന്ന മുദ്രാവാക്യവുമായി മൂന്ന് വര്‍ഷം മുമ്പാണ് ത്രിപ മോത രൂപീകൃതമാകുന്നത്. 2021ല്‍ ത്രിപുരയെയും ദേശീയ രാഷ്ട്രീയത്തെയും വരെ അതിശയിപ്പിച്ചുകൊണ്ടായിരുന്നു ടി.ടി.എ.എ.ഡി.സി(ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍)യില്‍ ത്രിപ മോത വിജയം നേടിയത്.

സ്വാധീനമുള്ള ഗോത്രമേഖലകള്‍ക്ക് പുറത്തുള്ള മണ്ഡലങ്ങളിലും നിയസഭാ തെരഞ്ഞെടുപ്പില്‍ ത്രിപ മോത മത്സരിക്കുന്നുണ്ട്. 42ഓളം സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. ബി.ജെ.പിയുടെയും ഇടത്-കോണ്‍ഗ്രസിന്റെയും ക്ഷണം നിരസിച്ചാണ് തിപ്ര മോത ഒറ്റക്ക് മത്സരിക്കുന്നത്.

എന്നാല്‍ ഇത് ത്രികോണ മത്സരം സൃഷ്ടിച്ച് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കുമെന്നും അതുകൊണ്ട് തന്നെ ബി.ജെ.പിയുടെ ബി ടീമായാണ് തിപ്ര മോതയുടെ പ്രവര്‍ത്തനമെന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നാണ് പ്രദ്യോത് ബിക്രത്തിന്റെ പ്രതികരണം. ‘എക്‌സ്‌ക്ലൂസിവിറ്റിയിലല്ല, എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്ന ഇന്‍ക്ലൂസിവിറ്റിയിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ ഗോത്രമേഖലയിലും അല്ലാത്ത സ്ഥലങ്ങളിലും മത്സരിക്കുന്നത്.

ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടി വംശകേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. പക്ഷെ ഞങ്ങള്‍ അങ്ങനെയല്ല. ത്രിപുരയില്‍ ജീവിക്കുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി മുന്നോട്ടുപോകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മുസ്‌ലിം, ബംഗാളി തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളില്‍ നിന്ന് തന്നെ അത് വ്യക്തമാണല്ലോ.

ഞങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിക്ക് വേണ്ടിയാണ് സ്ട്രാറ്റജികള്‍ മെനയുന്നത്. അല്ലാതെ, മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് കിട്ടാനോ അവരുടെ വോട്ട് ഭിന്നിപ്പിക്കാനോ വേണ്ടിയല്ല. ഞങ്ങളെ ബി.ജെ.പിയുടെ ബി ടീമെന്ന് വിളിക്കുന്നവരുണ്ട്. നേരത്തെ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായിരുന്ന എനിക്ക് ഒരു വ്യക്തമായി അറിയാം, അന്നേ സി.പി.ഐയുടെ ബി ടീമായിരുന്നു കോണ്‍ഗ്രസ്. ഇപ്പോള്‍ അവര്‍ രണ്ട് പേരും ഒരു ടീമിലാണ്,’ പ്രദ്യോത് ബിക്രം പറഞ്ഞു.

ഫെബ്രുവരി 16നാണ് ത്രിപുരയില്‍ വോട്ടെടുപ്പ് നടക്കുക. ഭരണത്തില്‍ തുടരാന്‍ ബി.ജെ.പിയും ഭരണം പിടിച്ചെടുക്കാന്‍ ഇടത്-കോണ്‍ഗ്രസ് സഖ്യവും കഠിനമായ പരിശ്രമത്തിലാണ്.

Content Highlight: TIPRA Motha leader Pradyot Bikram Manikya Debbarma slams BJP