മൈസൂര്‍: അയ്യായിരത്തിലധികം ആളുകള്‍ മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ 270ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന് ആദരമര്‍പ്പിക്കാന്‍ ശ്രീരംഗ പട്ടണത്തിലെ ശവകൂടീരത്തിലെത്തി.
ക്രമസമാധാനപാലനത്തിനു വേണ്ടി അതിശക്തമായ സുരക്ഷയാണ് ശ്രീരംഗപട്ടണത്തിലുട നീളം ഒരുക്കിയത്.
1799 മേയ് നാലിന് ശ്രീരംഗപട്ടണത്ത് വച്ച് ബ്രിട്ടീഷുകാരുമായി നടന്ന ആംഗ്ലോ- മൈസൂര്‍ യുദ്ധത്തിലാണ് ടിപ്പു മരണപ്പെടുന്നത്.
ശ്രീരംഗപട്ടണത്ത് ഗുംബാസില്‍ മാതാപിതാക്കളായ ഹൈദരലിയുടെയും ഫക്രുന്നീസയുടെയും അരികിലായിട്ടാണ് ടിപ്പുവിനെ അടക്കം ചെയ്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് മൈസൂര്‍ കടുവ എന്നറിയപ്പെടുന്ന ടിപ്പു സുല്‍ത്താന് ആദരമര്‍പ്പിക്കാന്‍ ചരിത്ര നഗരത്തില്‍ എത്തിച്ചേര്‍ന്നത്. മൈസൂരിലെ നരസിംഹരാജ മണ്ഡത്തിലെ കോണ്‍ഗ്രസ്സ് എം.എല്‍.എയും മുന്‍മന്ത്രിയുമായിരുന്ന തന്‍വീര്‍ സെയ്ത്ത് ടിപ്പുവിന്റെ ശവകൂടീരത്തിലെത്തി ആദരമര്‍പ്പിച്ചു.
ഞായറാഴ്ച വൈകിട്ട് നാല് മണി ആകുമ്പോഴേയ്ക്കും 5000 ല്‍ അധികം ആളുകള്‍ ടിപ്പുസുല്‍ത്താന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ എത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച ആകുമ്പോഴേയ്ക്കും 10000 ആളുകള്‍ എത്തുമെന്നാണ് ടിപ്പു വഖഫ് എസ്റ്റേറ്റ് സെക്രട്ടറി ഇര്‍ഫാന്‍ പാഷ ദ ഹിന്ദുവിനോട് പറഞ്ഞത്.
ടിപ്പുവിന്റെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാതെ മതസൗഹാര്‍ദ്ദവും ദേശീയ ഐക്യവും ഉയര്‍ത്തിപ്പിടിച്ച ശ്രീരംഗപ്പട്ടണത്തിലെ ആളുകളെ പാഷയും ഗുംബാസിലെ മറ്റ് നേതാക്കളും പ്രശംസിച്ചു.
ടിപ്പുവിന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചെഴയ്ക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് ശ്രീരംഗപട്ടണത്തിലെ നിവാസികളും പറഞ്ഞു.
100 കണക്കിന് കുടുംബങ്ങളാണ് ടിപ്പുവിന്റെ പേരിലുള്ള സ്മാരകങ്ങളും അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളെയും ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്നത്.
നവംബര്‍ പത്ത് ടിപ്പു ജയന്തിയായി ആഘോഷിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ സര്‍ക്കാര്‍ 2015 ല്‍ തീരുമാനിച്ചിരുന്നു. 2015ല്‍ ടിപ്പു ജയന്തിയുടെ പേരിലുണ്ടായ ആക്രമങ്ങളില്‍ കൊല്ലപ്പെട്ടത് രണ്ട് പേരാണ്. ടിപ്പു മതഭ്രാന്താനാണെന്നു പറഞ്ഞ് ബി.ജെ.പി സംസ്ഥാനത്തുടനീളം പ്രതിഷേധം നടത്തി .
പിന്നീട് യെദിയൂരപ്പ മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്നപ്പോള്‍ ടിപ്പുജയന്തി ആഘോഷിക്കാനുള്ള തീരുമാനം എടുത്തു കളഞ്ഞു.
കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നത് നിര്‍ത്തലാക്കിയ നടപടി സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ഈയടുത്ത് പറഞ്ഞിരുന്നു.
നവംബര്‍ പത്തിന് ആരെങ്കിലും ടിപ്പു ജയന്തി ആഘോഷിക്കുകയാണെങ്കില്‍ ക്രമസമാധാനവും ഐക്യവും ഉറപ്പാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
കര്‍ണാടക സര്‍ക്കാര്‍ രണ്ട് മാസത്തിനുള്ളില്‍ നീതിയുക്തമായ നടപടി ടിപ്പു ജയന്തി ആഘോഷത്തില്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ലക്‌നൗ സ്വദേശിയായ ബിലാല്‍ അലി ഷായും രണ്ടു സംഘടനകളും ചേര്‍ന്ന് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒഖ, ജസ്റ്റിസ് എസ്.ആര്‍ കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.