മലയാളികൾക്ക് ഏവർക്കും സുപരിചിതമാണ് നടൻ ജയറാമിന്റെ മേള പ്രേമവും ആന പ്രേമവുമെല്ലാം. നടൻ എന്നതിലുപരി ഈ മേഖലയിലും വലിയ ശ്രദ്ധ നേടാൻ ജയറാമിന് സാധിച്ചിട്ടുണ്ട്. ജയറാമിന്റെ ചെണ്ട മേളം ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് നടൻ ടിനി ടോം.
ചെണ്ട മേളത്തിലെ ജയറാമേട്ടന്റെ പ്രകടനത്തിൽ തനിക്ക് സംശയം ഉണ്ടായിരുന്നു എന്നാണ് ടിനി ടോം പറയുന്നത്. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു താരം.
‘എന്റെ അമ്മവീട് കലാഭവന് പിന്നിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ജയറാമേട്ടനെ ഞാൻ ചെറുപ്പം മുതൽ കാണുന്നതാണ്. ജയറാമേട്ടന്റെ ഓരോ വളർച്ചയും കണ്ടുകൊണ്ടാണ് ഞാൻ വളർന്നത്. ഒരുപാട് സിനിമകളിൽ അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. മദിരാശി എന്ന ചിത്രത്തിലാണ് ഒരു മുഴുനീള വേഷം ഞാൻ ജയറാമേട്ടനോടൊപ്പം ചെയ്യുന്നത്. രണ്ടുമൂന്നു വർഷം മുൻപ് വിജയ് സേതുപതി ഒക്കെയുള്ള മാർക്കോണി മത്തായി എന്ന ചിത്രം ഞങ്ങൾ ഒരുമിച്ചു ചെയ്തിരുന്നു.
ജയറാമേട്ടൻ മേളത്തിന് പോകുന്ന കാര്യം എനിക്കറിയാം. പക്ഷെ ജയറാമേട്ടൻ കൊട്ടുന്നുണ്ടോ എന്ന കാര്യത്തിൽ ഉള്ളിൽ എനിക്കെപ്പോഴും ഒരു സംശയം ഉണ്ടായിരുന്നു. മാർക്കോണി മത്തായിയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ ജയറാമേട്ടനോട് പറഞ്ഞത് അടുത്ത മേളത്തിന് എന്നെയും കൂടെ കൂട്ടണമെന്ന്. അപ്പോൾ ജയറാമേട്ടൻ പറഞ്ഞു ‘ടിനി ഞാൻ സിനിമയിൽ നിന്ന് ആരെയും വിളിക്കാറില്ല, മേളം എന്നുപറഞ്ഞാൽ ഒരു അഞ്ചാറു മണിക്കൂർ നീളമുള്ള പരിപാടിയാണ്. നല്ല ക്ഷമ വേണ്ട കാര്യമാണ്. നിന്ന് നിന്ന് അവർക്ക് വെറുത്തു പോകും. എനിക്ക് നല്ല ക്ഷമയുണ്ടെന്നും ഒരു കുഴപ്പവുമില്ലായെന്ന് ഞാൻ പറഞ്ഞു.
എന്നാൽ മറ്റന്നാൾ ഏറ്റുമാനൂര് വെച്ച് മേളമുണ്ട് നമുക്ക് അതിന് ഒരുമിച്ചു പോകാം എന്ന് ജയറാമേട്ടൻ പറഞ്ഞു.
അങ്ങനെ ഞാനും പ്രജോദും കൂടി ജയറാമേട്ടന്റെ കൂടെ ചെന്നു. എനിക്ക് മേളത്തെ കുറിച്ച് വലിയ അറിവൊന്നും ഇല്ലെങ്കിലും ആ ബഹളത്തിൽ ഞാനത് ഒരുപാട് ആസ്വദിച്ചു തന്നെ നിന്നു. മേളം കാണാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്.
രണ്ടുപേരായിരുന്നു അന്ന് അവിടുത്തെ അതിഥികൾ ഒന്ന് ജയറാമേട്ടനും മറ്റൊന്ന് ഗജവീരൻ തെച്ചിക്കോട്ട് രാമചന്ദ്രനും. ജയറാമേട്ടൻ ശരിക്കും ഒരു ആനച്ചന്തത്തിൽ തിളങ്ങി നിൽക്കുകയാണ്.
101 പേർക്കിടയിൽ നിന്ന് ജയറാമേട്ടൻ മേളത്തിനെ നയിക്കുമ്പോൾ ഞാൻ ശ്രദ്ധിക്കുന്നത് അദ്ദേഹം ചെണ്ട കൊട്ടുന്നുണ്ടോ അതോ അഭിനയമാണോ എന്നായിരുന്നു. ഞാൻ നോക്കുമ്പോൾ അദ്ദേഹം ശരിക്കും കൊട്ടുന്നുണ്ട്. കൊട്ടി കൊട്ടി വിയർത്ത് ഒലിക്കുകയാണ് ജയറാമേട്ടൻ. ഞാനും കൂടെ തുള്ളുന്നുണ്ട്. പിറ്റേ ദിവസം ഞാൻ മേളത്തിനൊപ്പം തുള്ളുന്ന ചിത്രങ്ങൾ മുഴുവൻ വലിയ വൈറലായി മാറി. ഞാൻ ഒരു ക്രിസ്ത്യാനിയല്ലേ.
ഒരിക്കൽ അമേരിക്കയിൽ പോയപ്പോൾ കോട്ടും സ്യൂട്ടുമെല്ലാം ഇട്ട് അവിടുത്തെ അച്ചായന്മാർ ചെണ്ട കൊട്ടുന്നത് കണ്ട് അവരെ കൊണ്ട് അതെല്ലാം അഴിപ്പിച്ച് മേൽ വസ്ത്രം ധരിച്ചുകൊണ്ട് ചെണ്ട കൊട്ടാൻ പാടില്ല അത് നല്ലതല്ല എന്നെല്ലാം ജയറാമേട്ടൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അങ്ങനെയുള്ള ഒരുപാട് കൊട്ട് കഥകൾ ഞാൻ കേട്ടിട്ടുണ്ട്,’ടിനി പറയുന്നു.