കഥ-തിരക്കഥ ടിനി ടോം, നായകന്‍ മമ്മൂട്ടി; യു.എ.യിലെ സാമൂഹികപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയായി മമ്മൂട്ടി എത്തുന്നു
Mollywood
കഥ-തിരക്കഥ ടിനി ടോം, നായകന്‍ മമ്മൂട്ടി; യു.എ.യിലെ സാമൂഹികപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയായി മമ്മൂട്ടി എത്തുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th March 2018, 9:19 pm

മലയാളത്തിന്റെ സ്വന്തം ഹാസ്യതാരവും മിമിക്രി കലാകാരനുമായ ടിനിടോം തിരക്കഥാകൃത്തിന്റെ വേഷമണിയുന്നു. യു.എ.ഇ യിലെ സാമൂഹികപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതമാണ് തിരക്കഥയ്ക്ക് ആധാരം.

12 വര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ അയ്യായിരത്തോളം മൃതദേഹങ്ങള്‍ ഇന്ത്യയിലേക്കും വിവിധ രാജ്യങ്ങളിലേക്കും കയറ്റി അയച്ച അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം വെള്ളിത്തിരയിയിലവതരിപ്പിക്കുന്നത് പ്രിയനടന്‍ മമ്മൂട്ടിയാണ്.

ദുബായില്‍ വച്ചു നടന്ന ഒരു ചടങ്ങില്‍ ടിനി ടോം തന്നെയാണ് ചിത്രത്തെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ചിത്രം ഒരിക്കലും ഒരു ഡോക്യൂമന്ററി തലത്തിലേക്കുയരരുതെന്നാണ് കഥയുമായി സമീപിച്ചപ്പോള്‍ മമ്മൂക്ക മുന്നോട്ട് വച്ച ഏക നിര്‍ദ്ദേശം. അങ്ങനെ ആകാതിരിക്കാനുള്ള ശ്രമത്തിലാണ് തിരക്കഥ തയ്യാറാക്കുന്നതെന്നും ടിനി ടോം പറഞ്ഞു.

അഷ്‌റഫിന്റെ ജീവിതം അതുപോലെ പകര്‍ത്തുന്നതിനു അദ്ദേഹത്തിന്റെ ഇടപെടലിലൂടെ പ്രവാസി ജീവിതത്തിലുണ്ടായ മാറ്റങ്ങളും തീവ്രതയും ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും ടിനിടോം പറഞ്ഞു.


ALSO READ: ‘രണ്‍വീറിനോട് ലൈംഗിക താല്പര്യം കാണിച്ചയാള്‍ തന്നെയും സമീപിച്ചു’; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തി ബോളിവുഡ് നടന്‍ കരണ്‍ താക്കര്‍


അഷ്‌റഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി നില്‍ക്കുന്ന ഷിന്റോ, സദാശിവന്‍ എന്നീ കഥാപാത്രങ്ങളെ സൗബിന്‍ ഷാഹിറും ഹരീഷ് കണാരനും രംഗത്തവതരിപ്പിക്കും. എന്നാല്‍ ചിത്രത്തില്‍ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

മറ്റു താരങ്ങളെ യു.എ.ഇ യില്‍ നിന്നുതന്നെ തെരഞ്ഞെടുക്കുമെന്നും ടിനി പറഞ്ഞു. ഏപ്രിലോടെ പൂര്‍ത്തിയാകുന്ന തിരക്കഥയോടുകൂടി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും ടിനി പറഞ്ഞു.
മമ്മൂട്ടി എന്ന മഹാ നടന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും, അഷ്‌റഫിനെ സ്‌നേഹിക്കുന്ന, ആയിരക്കണക്കിനുപേരുടെ പ്രാര്‍ത്ഥനയോടെ താന്‍ ചിത്രം പൂര്‍ത്തിയാക്കുമെന്നും ടിനി പറഞ്ഞു.