| Tuesday, 12th December 2023, 4:14 pm

ബിരിയാണി വെപ്പുകാരന്‍ റഹ്‌മാനിക്കയെ എനിക്കറിയാം; പക്ഷേ എ.ആര്‍ റഹ്‌മാന്‍ സാറിനെ സൗബിന്‍ അഭിസംബോധന ചെയ്തത് കേട്ട് ഞാന്‍ ഞെട്ടി: ടിനി ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദില്‍ ഒരു അവാര്‍ഡ് നൈറ്റിന് പോയപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടനും മിമിക്രി താരവും അവതാരകനുമായ ടിനി ടോം.

ഒരുപാട് ഫിലിം അവാര്‍ഡുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു സൗത്ത് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സിന് അവതാരകനായിട്ട് താന്‍ പോകുന്നത് ആദ്യമായിട്ടായിരുന്നുവെന്നും അതിന് മുന്‍പത്തെ വര്‍ഷം സുരാജ് വെഞ്ഞാറമൂടായിരുന്നു അവതാരകനായി പോയതെന്നും ടിനി ടോം പറയുന്നു.

അതുകൊണ്ട് തന്നെ സുരാജിനെ വിളിച്ച് താന്‍ കാര്യം ചോദിച്ചെന്നും അപ്പോഴാണ് പുള്ളിയേയും വിളിച്ച കാര്യം താന്‍ അറിഞ്ഞതെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ട് സുരാജ് വലിയ പ്രതിഫലം ചോദിച്ചിരുന്നെന്നും ടിനി ടോം പറയുന്നു.

‘നീ നല്ല കാശ് പറഞ്ഞോ, ഞാന്‍ കൂടുതല്‍ കാശ് പറഞ്ഞിട്ടുണ്ട് അത് എന്നെ വിളിക്കാതിരിക്കാനാണെന്ന് സുരാജ് പറഞ്ഞു. അതെന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ അവിടെ ചെന്നാല്‍ വേറെ ഭാഷ പറയണം വലിയ പ്രശ്‌നമാണെന്നൊക്കെ പറഞ്ഞു. ഞാനൊന്നും ഇല്ല നീ പോയ്‌ക്കോ നല്ല കാശ് പറഞ്ഞോ എന്നും പറഞ്ഞു.

അങ്ങനെ ഞാന്‍ ഇവിടെ പറയുന്നതിന്റെ നാലിരട്ടി പ്രതിഫലം പറഞ്ഞു. അതെനിക്ക് കിട്ടി. അവിടുത്തെ അവാര്‍ഡ് ഒരു അനുഭവമായിരുന്നു. നമ്മള്‍ മലയാളത്തില്‍ നിന്നുള്ളവര്‍ക്കുള്ള അവാര്‍ഡാണ് അവിടെ അനൗണ്‍സ് ചെയ്യേണ്ടത്. സൗത്ത് ഇന്ത്യയിലെ മറ്റ് ഭാഷകളിലെ അവാര്‍ഡുകള്‍ അനൗണ്‍സ് ചെയ്യുന്നത് റാണ ദഗുബട്ടിയാണ്. മലയാളത്തില്‍ നിന്ന് ഞാനും പേളി മാണിയുമാണ്.

മലയാളത്തില്‍ നിന്ന് അവാര്‍ഡിനായി ആരെ വിളിച്ചാലും വരാറില്ലെന്നാണ് സംഘാടകര്‍ പറഞ്ഞത്. മലയാളത്തില്‍ നിന്ന് അവാര്‍ഡ് കൊടുക്കാന്‍ ആരെയെങ്കിലും കൊണ്ടുവരണമെന്നും അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. അവര്‍ വിളിക്കുന്നവരൊന്നും വരാന്‍ തയ്യാറാകുന്നില്ല എന്നാണ് പറഞ്ഞത്.

അങ്ങനെ എനിക്ക് പരിചയമുള്ള ചിലരെ ഞാന്‍ വിളിച്ചുവരുത്തി. അതില്‍ ഒന്ന് സൗബിന്‍ ആയിരുന്നു. മറ്റൊരാള്‍ വിനായകന്‍, പിന്നെ ബിപിന്‍, വിഷ്ണു. അവര്‍ ഇതിന് മുന്‍പ് ഇത്തരം പരിപാടിയ്ക്ക് സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. പിന്നെ നാദിര്‍ഷ അങ്ങനെ എനിക്ക് പരിചയമുള്ള ഇവരെയൊക്കെ ഞാന്‍ വിളിച്ചു.

നമ്മള്‍ തന്നെയാണ് അവാര്‍ഡ് തീരുമാനിക്കുന്നത്. മികച്ച നടന്‍ സൗബിന്‍, രണ്ടാമത്തെ നടനായി വിനായകന് കൊടുത്തോ, ഓക്കെ. മികച്ച സപ്പോര്‍ട്ടിങ് ആക്ടര്‍ ബിപിന്‍ ആന്‍ഡ് വിഷ്ണു. നാദിര്‍ഷയ്ക്ക് ഇന്ന അവാര്‍ഡ്. അങ്ങനെ നമ്മള്‍ തന്നെ അവാര്‍ഡൊക്കെ എഴുതുകയാണ്.

അവിടുത്തേത് വലിയ അവാര്‍ഡാണ്. അല്ലു അര്‍ജുനും നാഗര്‍ജുനയുമൊക്കെ കുടുംബമായി വരികയാണ്. ഇവരുടെയൊക്കെ അളിയനും മരുമകനുമൊക്കെയാണ് അവാര്‍ഡ്. അവര്‍ അത് ആഘോഷമാക്കി എടുത്തിരിക്കുകയാണ്.

അങ്ങനെ നില്‍ക്കുമ്പോള്‍ എ.ആര്‍ റഹ്‌മാന്‍ സാര്‍ വേദിയിലേക്ക് വരുന്നു. ഞാന്‍ അത്ഭുതത്തോടെ അദ്ദേഹത്തെ ഇങ്ങനെ നോക്കി നില്‍ക്കുകയാണ്. അടുത്ത അവാര്‍ഡ് നാദിര്‍ഷയ്ക്ക് ആണ് കൊടുക്കേണ്ടത്. റഹ്‌മാന്‍ സാറാണ് അവാര്‍ഡ് തരുന്നത് എന്നറിഞ്ഞപ്പോഴേക്കും നാദിര്‍ഷ ആകെ വല്ലാതായി, എന്താ ഞാന്‍ പറയേണ്ടത് എന്നൊക്കെ ചോദിച്ച് ടെന്‍ഷനടിച്ചു നില്‍ക്കുകയാണ്.

ഹൂ ഈസ് ദിസ് ഗയ്, നാദിര്‍ഷയെ നോക്കി റഹ്‌മാന്‍ സാര്‍ എന്നോട് ചോദിച്ചു. ഹി ഈസ് ആന്‍ ആക്ടര്‍, ഡയറക്ടര്‍, മ്യൂസിക് ഡയറക്ടര്‍, സിംഗര്‍ എന്നൊക്കെ ഞാന്‍ പറഞ്ഞു.

റഹ്‌മാന്‍ ലോകത്ത് ഇങ്ങനെ ഒരു മനുഷ്യനെ കണ്ടിട്ടില്ല. അദ്ദേഹം നാദിര്‍ഷയെ ഇങ്ങനെ തൊഴുതു. സര്‍ എന്നൊക്കെയാണ് പുള്ളി നാദിര്‍ഷിക്കയെ വിളിക്കുന്നത്. അങ്ങനെ ആ അവാര്‍ഡ് കൊടുത്തു.

ഇതിനിടെ അവാര്‍ഡ് വേദിയിലേക്ക് വിനായകനും സൗബിനും വന്നപ്പോള്‍ സെക്യൂരിറ്റി അവരെ തടഞ്ഞു. മലയാള നടന്മാര്‍ എന്ന് പറഞ്ഞപ്പോള്‍ കയറ്റി വിട്ടില്ല. അവര്‍ ആ കലിപ്പിലാണ്. ഒടുവില്‍ അവര്‍ മുന്നില്‍ വന്നിരുന്നു. സൗബിന് അവാര്‍ഡ് കൊടുക്കേണ്ട സമയമായപ്പോള്‍ ഞാന്‍ സൗബിനെ സ്റ്റേജില്‍ വിളിച്ചു.

സൗബിന്‍ സ്റ്റേജില്‍ കയറിയിട്ട്, ഇവിടെ വരുന്നതുവരെ ബുദ്ധിമുട്ടുണ്ടായിരുന്നില്ല, എന്നാല്‍ അകത്തേക്ക് കയറാനായിരുന്നു ബുദ്ധിമുട്ട്. അത്രയ്ക്ക് വലിയ സെക്യൂരിറ്റിയായിരുന്നു എന്നൊക്കെ പറഞ്ഞു.

അടുത്ത അവാര്‍ഡ് സൗബിന് കൊടുക്കുന്നത് എ.ആര്‍ റഹ്‌മാന്‍ സാര്‍ ആണ് എന്ന് ഞാന്‍ അനൗണ്‍സ് ചെയ്തു. അതിന് ശേഷം സൗബിന്‍ പറഞ്ഞത് കേട്ടിട്ട് ഞാന്‍ അവിടെ നിന്നും ഓടിക്കളഞ്ഞു. വേറെ ഒന്നുമല്ല,

ഞാന്‍ ആദ്യമായിട്ടാണ് ഒരാള്‍ എ.ആര്‍. റഹ്‌മാനെ ഈ രീതിയില്‍ അഭിസംബോധന ചെയ്യുന്നത് കേള്‍ക്കുന്നത്. സൗബിന്‍ മലയാളത്തിലാണ് പറഞ്ഞത്. ‘എനിക്ക് ഈ അവാര്‍ഡ് തന്ന റഹ്‌മാനിക്കയ്ക്ക് പ്രത്യേക നന്ദി’ എന്നായിരുന്നു സൗബിന്റെ വാക്കുകള്‍.

ബിരിയാണി വെപ്പുകാരന്‍ റഹ്‌മാനിക്ക എന്നൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ എ.ആര്‍ റഹ്‌മാന്‍ സാറിനെ ഇങ്ങനെ അഭിസംബോധന ചെയ്തത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി.

റഹ്‌മാനിക്കയെ നമ്മള്‍ മാര്‍ക്കറ്റില്‍ കണ്ടിട്ടുണ്ട്, പലചരക്ക് കടയില്‍ കണ്ടിട്ടുണ്ട്. ബിരിയാണി വെപ്പുകാരെ കണ്ടിട്ടുണ്ട്. സൗബിന്‍ റഹ്‌മാനിക്ക എന്ന് പറഞ്ഞതും ഞാന്‍ എന്തുചെയ്യണമെന്ന അവസ്ഥയിലായി.

എ.ആര്‍ റഹ്‌മാന്‍ സാറിനെ റഹ്‌മാനിക്ക എന്ന് അഭിസംബോധന ചെയ്ത ലോകത്തെ ഒരേയൊരാള്‍ സൗബിന്‍ ആയിരിക്കും. പുള്ളി വളരെ നാച്ചുറലായി പറഞ്ഞതാണ്.

പിന്നെ നമ്മള്‍ മലയാളികള്‍ അങ്ങനെയാണ്. അതാണ് നമ്മള്‍ മലയാളികളുടെ ധൈര്യം. നമ്മള്‍ എന്താണോ അത് പുറത്തുകാണിക്കാന്‍ ധൈര്യമുള്ളവരാണ്.

പിന്നെ അവര്‍ നമ്മളെ കാണുന്നത് വലിയ ബഹുമാനത്തോടെയാണ്. റിയല്‍ ആണ് നമ്മള്‍ എന്നാണ് അവര്‍ പറയുന്നത്. പക്ഷേ ഇവിടെ നിന്ന് പലരും അവിടെ അവാര്‍ഡ് വാങ്ങാന്‍ ചെന്നെത്താറില്ല. അത് എന്തോ കുറച്ചില്‍ പോലെയാണ് പലര്‍ക്കും.

പിന്നെ റഹ്‌മാന്‍ സാറിനെ കൊണ്ട് ബിപിന്‍, വിഷ്ണു അടക്കമുള്ളവര്‍ക്ക് ഒരു അവാര്‍ഡ് കൊടുപ്പിക്കാന്‍ സാധിച്ചു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇപ്പോഴും എനിക്ക് റഹ്‌മാന്‍ സാറിനെ കാണുമ്പോള്‍ സൗബിന്റെ ആ റഹ്‌മാനിക്കാ…. എന്ന വിളി ഓര്‍മ വരും. ആ വിളിയില്‍ ഒരു ബന്ധമുണ്ട് ഒരു അടുപ്പമുണ്ട്. അത് മറ്റൊരു വിളിയിലും ചിലപ്പോള്‍ കിട്ടില്ല, ടിനി ടോം പറഞ്ഞു.

Content Highlight: Tiny Tom Share a Funny Experiance with Soubin Shahir and A.R Rahman

We use cookies to give you the best possible experience. Learn more