| Wednesday, 10th August 2022, 4:06 pm

ചാന്‍സ് ചോദിച്ച് വരുന്ന പെണ്‍കുട്ടികളെ പേടിയാണ്, അടുക്കാറില്ല, കാലം മാറി: ടിനി ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡി ചെയ്യുമ്പോള്‍ ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞ് വരുന്നത് മോശമാണെന്ന് ടിനി ടോം. പാവപ്പെട്ട മിമിക്രിക്കാര് ഈ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും അവരെ വേദനിപ്പിക്കരുതെന്നും ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു.

‘ഞാന്‍ സുരേഷ് ഗോപിയുടെ കൂടെ നടന്നാല്‍ എന്നെ ചാണകം, സംഘി എന്ന് വിളിക്കും. സുരേഷേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പ്രവൃത്തി ഇഷ്ടമാണ്. ഞാനൊരു സംഘിയോ കമ്മിയോ കൊങ്ങിയൊ ഒന്നുമല്ല. നല്ലത് ചെയ്യുമ്പോള്‍ അതിന്റെ കൂടെ നില്‍ക്കുന്ന ആളാണ് ഞാന്‍. ഹിന്ദു ആകുന്നതും ക്രിസ്ത്യാനി ആവുന്നതും നമ്മുടെ ചോയിസ് അല്ലല്ലോ. ആക്‌സിഡന്റ്‌ലി നമ്മള്‍ ജനിച്ചു പോകുന്നതാണ്. പിന്നെ എന്തിനാണ് ഈ വേര്‍തിരിവുകള്‍. പിന്നെ ഈ കാലഘട്ടത്തില്‍ പോയിസണ്‍ കൂടുതലായിട്ട് വരുകയാണ്. നമ്മളൊരു കോമഡി ചെയ്തിട്ടുണ്ടെങ്കില്‍ ബോഡി ഷെയ്മിങ്ങാണന്നൊക്കെ പറയും,’ ടിനി ടോം പറഞ്ഞു.

മുമ്പ് കോമഡി ഷോകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന ഗായത്രി എന്ന യൂട്യൂബറെ ഫോണില്‍ വിളിച്ച് കുക്കറി ചാനല്‍ നടത്തിക്കൂടെ എന്ന് ടിനി ടോം പറയുന്ന ഓഡിയോ ക്ലിപ് വൈറലായതിനെ പറ്റിയും അദ്ദേഹം സംസാരിച്ചു.

‘അത് എഡിറ്റ് ചെയ്ത് ഇട്ടിരിക്കുന്നതാണ്. ആ കുട്ടിയെ എനിക്കറിയാം. ആ കുട്ടി ചെറിയ റോള്‍ ചെയ്യാന്‍ വേണ്ടി സിനിമയില്‍ വന്നതാണ്. എന്നോട് വന്ന് റോള്‍ ചോദിച്ചിരുന്നു. പെണ്‍കുട്ടികള്‍ വന്നാല്‍ പ്രത്യേകിച്ച് ഞാന്‍ അകലം പാലിക്കുന്നുണ്ട്. കാലഘട്ടം മാറി. സിനിമയില്‍ വന്ന് അവസരം ചോദിക്കുന്ന പെണ്‍കുട്ടികളെ എനിക്ക് പേടിയാണ്. ഞാന്‍ അടുക്കാറില്ല. അപ്പോള്‍ അവര്‍ ജാഡയാണെന്ന് പറയും.

ഞാന്‍ ആ കുട്ടിയെ വിളിച്ച് വിശദീകരിച്ച ഒരു കാര്യമുണ്ട്. പാവപ്പെട്ട മിമിക്രിക്കാര് ജീവിക്കുന്നത് ഈ കാശ് കൊണ്ടാണ്. എനിക്ക് വേണ്ടിയല്ല ഞാന്‍ ഇത് ആവശ്യപ്പെട്ടത്. ഒന്നാമതേ അന്ന് വെള്ളപ്പൊക്കമൊക്കെ കഴിഞ്ഞ് ബുദ്ധിമുട്ടുന്ന സമയമായിരുന്നു. അത് ബോഡി ഷെയ്മാണെന്നൊക്കെ പറഞ്ഞ് എന്റെ സഹോദരങ്ങളെ വേദനിപ്പിച്ചാല്‍ എനിക്ക് വിഷമം വരും. ഞാന്‍ വിളിച്ച് അത് മോശമാണ്, അങ്ങനെയല്ല എന്ന് പറഞ്ഞു. ഞാന്‍ നല്ല രീതിയില്‍ പറഞ്ഞതൊന്നും ഇടാതെ ഇത് മാത്രം എടുത്ത് ഇട്ടു. ഇത് തന്നെയാണ് സ്ഥിരം സംഭവിക്കുന്നത്,’ ടിനി ടോം പറഞ്ഞു.

Content Highlight: Tiny Tom says that he is afraid of Girls who come asking for a chance 

We use cookies to give you the best possible experience. Learn more